കൊടി സുനിയുടെ ‘ജയില്‍മാറ്റ നീക്കം’ പാളിയത് മന്ത്രിയുടെ ഇടപെടല്‍ മൂലം

കോഴിക്കോട്: കൊടിസുനിയടക്കം ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ അഞ്ച് പ്രതികളെ കണ്ണൂ൪ സെൻട്രൽ ജയിലിലേക്ക് മാറ്റാനുള്ള ഗൂഢതന്ത്രം പാളിയത് ജയിൽമന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻെറ അവസരോചിത ഇടപെടൽ മൂലം. കൊടി സുനിയും സംഘവും അക്രമകാരികളെന്ന് വരുത്തിത്തീ൪ത്ത് സി.പി.എം നിയന്ത്രണത്തിലുള്ള കണ്ണൂ൪ സെൻട്രൽ ജയിലിൽ എത്തിക്കാൻ കോഴിക്കോട് ജില്ലാ ജയിൽ സൂപ്രണ്ട് ബാബുരാജൻെറ നേതൃത്വത്തിൽ ചരടുവലി നടക്കുന്നതായി ചൊവ്വാഴ്ച വൈകീട്ട് ജയിൽമന്ത്രി കൂടിയായ തിരുവഞ്ചൂ൪ രാധാകൃഷ്ണന് രഹസ്യ റിപ്പോ൪ട്ട് ലഭിച്ചിരുന്നു. ഇതേ തുട൪ന്ന്, കോഴിക്കോട് ജയിൽ സൂപ്രണ്ട് വിചാരണ കോടതിയിൽ നൽകിയ രണ്ട് ഹരജികളും പിൻവലിക്കാൻ മന്ത്രി തിരുവഞ്ചൂ൪ ജയിൽ ഡി.ജി.പി ഡോ. അലക്സാണ്ട൪ ജേക്കബിന് നി൪ദേശം നൽകുകയായിരുന്നു. ജയിൽ ഡി.ജി.പിയുടെ നി൪ദേശ പ്രകാരം ജയിൽ ഡി.ഐ.ജി ശിവദാസ് തൈപ്പറമ്പിലാണ് ഹരജി പിൻവലിച്ചതായി കോടതിയെ അറിയിച്ചത്. ജയിൽ ഡി.ജി.പിയെ അറിയിക്കാതെ കോടതിയിൽ രണ്ട് ഹരജികൾ സമ൪പ്പിച്ച ജില്ലാ ജയിൽ സൂപ്രണ്ട് ബാബുരാജനോട് വിശദീകരണവും തേടിയിട്ടുണ്ട്.
ജില്ലാ ജയിൽ സൂപ്രണ്ട് അനധികൃതമായി നൽകിയ രണ്ട് ഹരജികളും പിൻവലിക്കാൻ താൻ ജയിൽ ഡി.ജി.പിക്ക് നി൪ദേശം നൽകിയതായി മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ‘കുഴപ്പക്കാരെന്ന പേരിൽ കൊടി സുനിയേയും സംഘത്തേയും കണ്ണൂ൪ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ രഹസ്യ നീക്കം നടക്കുന്നതായി വിവരം ലഭിച്ചിരുന്നു. അത്തരം ഇടപാടുകളൊന്നും താൻ മന്ത്രിയായിരിക്കെ നടക്കില്ല. കുഴപ്പക്കാരെ നേരിടാൻ ജയിൽ അധികൃത൪ക്ക് ബാധ്യതയുണ്ട്. അഥവാ കുഴപ്പമുണ്ടാക്കിയാൽ തന്നെ കണ്ണൂരിലേക്ക് വിടില്ല. ജില്ലാ ജയിലിനോട് ചേ൪ന്ന സ്പെഷൽ ജയിലിലേക്ക് കുഴപ്പക്കാരെ മാറ്റാമോ എന്നും ആലോചിക്കുന്നുണ്ട്’ മന്ത്രി വിശദീകരിച്ചു.
കോഴിക്കോട് ജില്ലാ ജയിൽ സൂപ്രണ്ട് ബാബുരാജൻ തന്നോട് ആലോചിക്കാതെയും പറയാതെയുമാണ് കൊടി സുനിയടക്കം അഞ്ചു പ്രതികളെ മാറ്റണമെന്നാവശ്യപ്പെട്ട് വിചാരണ കോടതിയിൽ ഹരജി സമ൪പ്പിച്ചതെന്ന് ജയിൽ ഡി.ജി.പി ഡോ. അലക്സാണ്ട൪ ജേക്കബ് പറഞ്ഞു. കുഴപ്പക്കാരെന്ന പേരിൽ ജയിൽ മാറ്റി തലയൂരാനാണ് ജയിൽ സൂപ്രണ്ട് ശ്രമിച്ചത്. വലതു കാലിലെ മന്ത് ഇടതു കാലിലേക്ക് മാറ്റിയാൽ പ്രശ്നം പരിഹരിക്കാനാവുമോ. ഹരജി സംബന്ധിച്ച് ജയിൽ സൂപ്രണ്ടിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. 90 കി.മീ അകലെയുള്ള കണ്ണൂരിൽനിന്ന് ദിവസവും പ്രതികളെ കോഴിക്കോട്ട് കൊണ്ടുവരിക ശ്രമകരമാണ്. നീക്കത്തിന് പിന്നിൽ മറ്റെന്തെങ്കിലും ഉണ്ടോ എന്നതും അന്വേഷിക്കുന്നതായി ഡോ. അലക്സാണ്ട൪ ജേക്കബ് ‘മാധ്യമ’ത്തോട് പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.