തിരുവനന്തപുരം: ആദിവാസികളെ പ്രദ൪ശനവസ്തുവാക്കുന്ന ടൂറിസം പദ്ധതിയോട് വനംവകുപ്പിന് വിയോജിപ്പ്. ഇതിനെതുട൪ന്ന് ആദിവാസി മേഖലകളിലേക്കുള്ള ട്രക്കിങ് പദ്ധതി ആരംഭിക്കാൻ ടൂറിസം വകുപ്പിനായില്ല. പ്രത്യാഘാതം ക്ഷണിച്ചുവരുത്തുന്നതാണ് ടൂറിസം വകുപ്പ് പ്രഖ്യാപിച്ച ആദിവാസി സങ്കേതങ്ങളിലേക്കുള്ള യാത്ര.
നാട്ടിൽനിന്നകന്ന് ആനമുടി വനങ്ങളിൽ ഒറ്റപ്പെട്ടുകഴിയുന്ന ഇടമലക്കുടി ലക്ഷ്യമിട്ടാണ് ടൂറിസം വകുപ്പ് പദ്ധതി പ്രഖ്യാപിച്ചത്. മൂന്ന് നാല് ദിവസത്തേക്ക് വിനോദസഞ്ചാരികളെ ഇടമലക്കുടിയിൽ കൊണ്ടുപോകാനും അവിടെ താമസിപ്പിക്കാനുമാണ് പദ്ധതി തയാറാക്കിയത്. പ്രാക്തന ഗോത്ര വിഭാഗമായ മുതുവാൻ സമുദായത്തിൽപെട്ടവരാണ് ഇടമലക്കുടിയിലുള്ളത്.
സംസ്ഥാനത്തെ ആദ്യ ഗോത്ര പഞ്ചായത്തിൻെറ പാരമ്പര്യവും സംസ്കാരവും വിറ്റ് കാശാക്കാനാണ് ടൂറിസം വകുപ്പ് ലക്ഷ്യമിട്ടതെന്ന് ആക്ഷേപമുണ്ട്. മൂന്നാറിൽനിന്ന് 16 കിലോമീറ്റ൪ അകലെ പെട്ടിമുടി വരെ വാഹനത്തിലും അവിടെനിന്ന് ഏകദേശം 22 കിലോമീറ്റ൪ വരെ കാൽനടയായും സഞ്ചരിച്ചുവേണം ഇടമലക്കുടി കോളനികളിലെത്താൻ. തേക്കടിയിൽ വനംവകുപ്പ് നടത്തുന്ന ട്രക്കിങ്ങിൻെറ മാതൃകയിൽ വനംവകുപ്പിൻെറ സഹകരണത്തോടെ പദ്ധതി നടപ്പാക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, സംരക്ഷിത വനമേഖലയിലേക്ക് വിനോദസഞ്ചാരികളെ കടത്തിവിടാൻ കഴിയില്ലെന്ന നിലപാട് വനംവകുപ്പ് സ്വീകരിച്ചതാണ് പദ്ധതി വൈകാൻ കാരണം.
ഇടമലക്കുടിയിൽ നാട്ടുകാ൪ വന്നുതുടങ്ങിയതോടെയാണ് ആദിവാസികൾ ചൂഷണത്തിന് വിധേയരായി ത്തുടങ്ങിയത്. വിനോദസഞ്ചാരികളുടെ വരവ് ആദിവാസി സംസ്കാരത്തിനും പാരമ്പര്യത്തിനും തിരിച്ചടിയാകുമെന്നിരിക്കെയാണ് ടൂറിസം വകുപ്പ് പദ്ധതി തയാറാക്കിയത്. പെട്ടിമുടിയിൽനിന്ന് ഇടമലക്കുടിയിലേക്ക് ജീപ്പ് റോഡ് നി൪മാണം ആരംഭിച്ചതാണ് ഇടമലക്കുടി വനത്തിലേക്ക് പലരുടെയും കണ്ണുകൾ നീളാൻ സാഹചര്യമൊരുക്കിയത്. ആദിവാസികളുടെ കൈവശമുള്ള ഏലത്തോട്ടങ്ങൾ പാട്ടത്തിനെടുക്കാനും വനവിഭവങ്ങൾ ശേഖരിക്കാനും നിരവധിപേ൪ ഊഴംകാത്തിരിക്കുന്നതായി സംസാരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.