കൊച്ചി: ചാല ടാങ്ക൪ ദുരന്തത്തിൻെറ പശ്ചാത്തലത്തിൽ പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച ദേശീയപാതയുടെ വികസന നി൪മാണപ്രവ൪ത്തനങ്ങൾ തുടരാൻ ഹൈകോടതി അനുമതി. നടപടികൾ താൽക്കാലികമായി തടഞ്ഞ് ഈ വ൪ഷം ഫെബ്രുവരിയിൽ പുറപ്പെടുവിച്ച സ്റ്റാറ്റസ്കോ ഉത്തരവ് കോടതി പിൻവലിച്ചു. ഡ്രെയിനേജ് ഉൾപ്പെടെ റോഡ് വീതി കൂട്ടാൻ നൽകിയ കരാറുമായി ബന്ധപ്പെട്ട് കരാറുകാരായ ചന്ദ്രഗിരി കൺസ്ട്രക്ഷൻസ് നൽകിയ ഹരജിയിലെ ഇടക്കാല ഉത്തരവാണ് ജസ്റ്റിസ് പി.ആ൪. രാമചന്ദ്രമേനോൻ പിൻവലിച്ചത്. നി൪മാണത്തിൻെറ അടിയന്തരപ്രാധാന്യവും പൊതുതാൽപ്പര്യവും പരിഗണിച്ചാണ് നടപടി.
കുറഞ്ഞ തുകക്ക് ടെൻഡ൪ നൽകിയ തങ്ങളെ ഒഴിവാക്കി രാംദേവ് കൺസ്ട്രക്ഷൻ കമ്പനിക്ക് കരാ൪ നൽകിയതിൽ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചന്ദ്രഗിരി കൺസ്ട്രക്ഷൻസ് ഹൈകോടതിയെ സമീപിച്ചത്. തുട൪ന്നാണ് തുട൪ നി൪മാണം താൽക്കാലികമായി തടഞ്ഞ് കോടതി സ്റ്റാറ്റസ്കോ ഉത്തരവിട്ടത്. സമയബന്ധിതമായി പൂ൪ത്തിയാക്കേണ്ട ജോലിയായതിനാൽ സ്റ്റേ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാംദേവ് കൺസ്ട്രക്ഷനും കോടതിയെ സമീപിച്ചു. ഇതുസംബന്ധിച്ച സ൪ക്കാറിൻെറ വിശദീകരണവും കോടതി പരിഗണിച്ചു.
അപകടത്തെ തുട൪ന്ന് പ്രത്യേക പദ്ധതിയായാണ് റോഡ് നി൪മാണം പ്രഖ്യാപിച്ചിട്ടുള്ളതെന്ന് സ൪ക്കാറിന് വേണ്ടി അഡീഷനൽ അഡ്വക്കറ്റ് ജനറൽ കെ.എ. ജലീൽ കോടതിയെ അറിയിച്ചു. നാഷനൽ ഹൈവേ, റോഡ്സ് ആൻഡ് ബ്രിഡ്ജസ്, ബിൽഡിങ് വിഭാഗങ്ങളുടെ ചീഫ് എൻജിനീയ൪മാരടങ്ങിയ സാങ്കേതികവിശകലന സമിതിയാണ് റോഡ് നി൪മാണം സംബന്ധിച്ച് ടെൻഡറിൻ മേൽ തീരുമാനമെടുത്തത്. ഏറ്റെടുത്ത ടെൻഡറുകൾ സമയബന്ധിതമായി പൂ൪ത്തീകരിക്കാത്തതിനാലും ജോലി തൃപ്തികരമല്ലാത്തതിനാലും ഹരജിക്കാരെ ചില ജോലികളിൽനിന്ന് ഒഴിവാക്കിയിട്ടുള്ളതാണ്. ഈ സാഹചര്യത്തിലാണ് ഹരജിക്കാ൪ക്ക് ചാല റോഡിൻെറ വികസനവുമായി ബന്ധപ്പെട്ട കരാ൪ നൽകാതിരുന്നത്. അതിനാൽ അടിയന്തരപ്രാധാന്യമുള്ള റോഡിൻെറ നി൪മാണം തടസ്സപ്പെടുത്തരുതെന്നും സ൪ക്കാ൪ ആവശ്യപ്പെട്ടു.
നാടിനെ ഞെട്ടിച്ച ദുരന്തത്തെ തുട൪ന്ന് കണ്ണുതുറന്ന അധികൃത൪ പ്രഖ്യാപിച്ചതാണ് പദ്ധതിയെന്ന് ചൂണ്ടിക്കാട്ടിയ കോടതി സ്വകാര്യതാൽപ്പര്യത്തേക്കാൾ പൊതുതാൽപ്പര്യത്തിനാണ് മുൻഗണന നൽകേണ്ടതെന്ന് വ്യക്തമാക്കി. ഇനിയും നി൪മാണം തടയുന്നത് പൊതുതാൽപ്പര്യത്തെ ഹനിക്കുന്ന നടപടിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ഉത്തരവ് ഹൈകോടതി പിൻവലിച്ചത്. എന്നാൽ, ടെൻഡ൪ നടപടികളുടെ സാധുത ഹരജിയുടെ അന്തിമ തീ൪പ്പിന് വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.