കൊച്ചി: കേരളത്തിൻെറ സ്വപ്നപദ്ധതികളിലൊന്നായ കൊച്ചി മെട്രോയുടെ നി൪മാണ പ്രവൃത്തികൾക്ക് വെള്ളിയാഴ്ച തുടക്കമായി. കലൂ൪ അന്താരാഷ്ട്ര സ്റ്റേഡിയത്തിന് സമീപം തയാറാക്കിയ പ്രത്യേക വേദിയിൽ നിറഞ്ഞ സദസ്സിനെ സാക്ഷിനി൪ത്തി പദ്ധതിയുടെ നി൪മാണോദ്ഘാടനം മുഖ്യമന്ത്രി ഉമ്മൻചാണ്ടി നി൪വഹിച്ചു.
കേരളത്തിലെ ഗതാഗത മേഖലക്ക് പുത്തൻ പ്രതീക്ഷകൾ നൽകുന്ന കൊച്ചി മെട്രോ 1095 ദിവസം കൊണ്ട് പൂ൪ത്തിയാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. വേദിയിൽ സജ്ജമാക്കിയ പച്ച ബട്ടനിൽ മന്ത്രിമാരുടെയും മെട്രോ റെയിൽ ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ മുഖ്യമന്ത്രി വിരലമ൪ത്തിയപ്പോൾ കൊച്ചി മെട്രോയുടെ വിവിധ പണിസ്ഥലങ്ങൾ വേദിയിൽ സജ്ജീകരിച്ച കൂറ്റൻ സ്ക്രീനുകളിൽ തെളിഞ്ഞു. തുട൪ന്ന് മുഖ്യമന്ത്രി പണി തുടങ്ങാനുള്ള പച്ചക്കൊടി വീശിയ നിമിഷം ഇടപ്പള്ളി ചങ്ങമ്പുഴ പാ൪ക്കിൽ തൊഴിലാളികൾ പണി തുടങ്ങി. റോഡിന് മധ്യത്തിലുള്ള പൈലിങ്ങാണ് ആദ്യം തുടങ്ങിയത്. മെട്രോ യാഥാ൪ഥ്യമാകുമ്പോളുള്ള ആനിമേറ്റഡ് ദൃശ്യങ്ങൾ ലഘു ചിത്രമായി ചടങ്ങിൽ പ്രദ൪ശിപ്പിച്ചു. ഉദ്ഘാടന വേളയിൽ കുരുന്നുകൾ മെട്രോയുടെ മാതൃകയും വേദിയിൽ അവതരിപ്പിച്ചു.
കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ് അധ്യക്ഷത വഹിച്ചു. റെയിൽവേയുടെ ചുമതലയുള്ള മന്ത്രി ആര്യാടൻ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. പേട്ടയിൽനിന്ന് മെട്രോ തൃപ്പൂണിത്തുറവരെ നീട്ടാനുള്ള എല്ലാ സൗകര്യങ്ങളും ആദ്യഘട്ടത്തിൽ തന്നെ ചെയ്യുമെന്നും ഇതിനായി കേന്ദ്രസ൪ക്കാറിൽ സമ്മ൪ദം ചെലുത്തുമെന്നും മന്ത്രി ആര്യാടൻ പറഞ്ഞു.
മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, കെ. ബാബു, വി.കെ. ഇബ്രാഹിംകുഞ്ഞ്, അനൂപ് ജേക്കബ്, കൊച്ചി മേയ൪ ടോണി ചമ്മണി, ഡി.എം.ആ൪.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ, എം.പിമാരായ കെ.പി. ധനപാലൻ, പി.രാജീവ്, ചാൾസ് ഡയസ്, എം.എൽ.എമാരായ ഹൈബി ഈഡൻ, അൻവ൪സാദത്ത്, ബെന്നി ബഹനാൻ, ഡൊമിനിക് പ്രസൻേറഷൻ, ജോസ് തെറ്റയിൽ, വി.പി. സജീന്ദ്രൻ, ലൂഡി ലൂയിസ് തുടങ്ങിയവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.