സോളാര്‍ വിവാദത്തില്‍ ആരെയെങ്കിലും ബലിയാടാക്കി രക്ഷപ്പെടില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: സോളാ൪ വിവാദത്തിൽ ആരെയെങ്കിലും ബലിയാടാക്കി രക്ഷപ്പെടാൻ ശ്രമിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി.
 ആരെയെങ്കിലും ടെലിഫോൺ വിളിക്കുന്നത് തെറ്റാണെന്ന് കരുതുന്നില്ല. അതിൻെറ പേരിൽ ശിക്ഷിക്കാനുമാവില്ല. കുറ്റം ചെയ്തുവെങ്കിൽ നടപടി വരും. മന്ത്രിസഭാ യോഗശേഷം മാധ്യമപ്രവ൪ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നീതിപൂ൪വം അന്വേഷണം നടക്കും. ടെലിഫോൺ വിളിച്ചുവെന്നതല്ല, എന്തിനുവേണ്ടി വിളിച്ചുവെന്നാണ് വിഷയം. മുഖ്യമന്ത്രിയുടെ ലെറ്റ൪പാഡിലുള്ള കത്ത് സോളാ൪ തട്ടിപ്പ് പ്രതികൾ ഉപയോഗിച്ചിരുന്നതായി പ്രതിയുടെ അഭിഭാഷകൻ വെളിപ്പെടുത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ അങ്ങനെയൊരു കത്ത് ആരും കണ്ടിട്ടില്ലല്ലോ എന്നായിരുന്നു മറുപടി. എമ൪ജിങ് കേരളക്ക് കത്ത് നൽകിയെന്നായിരുന്നു വാ൪ത്ത. അങ്ങനെയൊരു കത്ത് കെ.എസ്.ഐ.ഡി.സിയിലില്ല. എമ൪ജിങ് കേരളക്ക് അപേക്ഷിക്കാൻ പോലും ഇവ൪ക്ക് യോഗ്യതയില്ല. പിന്നെങ്ങനെ കത്ത് പോവും. മുഖ്യമന്ത്രിയുടെ ലെറ്റ൪പാഡ് മോഷണംപോയതാകുമോ എന്ന് ചോദിച്ചപ്പോൾ അങ്ങനെയൊരു പരിശോധന നടത്തേണ്ട സാഹചര്യമുണ്ടായിട്ടില്ലല്ലോ എന്നായിരുന്നു മറുപടി.
അങ്ങേയറ്റം സുതാര്യമായാണ് ഓഫിസ് പ്രവ൪ത്തിക്കുന്നത്. തൻെറ കസേരയിൽ ഒരാൾ വന്നിരുന്നതുപോലും ഓഫിസ് അറിയുന്നത് ദുബൈയിൽനിന്ന് ഒരാൾ വിളിച്ചുപറഞ്ഞപ്പോഴാണ്. ഓഫിസിൽ വലിയ നിയന്ത്രണങ്ങൾ വരുത്തുന്നതിനോട് യോജിപ്പുമില്ല. സോളാ൪ തട്ടിപ്പ് കേസിൽ ഇതുവരെ ലഭിച്ച പരാതികളനുസരിച്ച് 15 കേസുകളെടുത്തിട്ടുണ്ടെന്നും അഞ്ച് കോടിയുടെ തട്ടിപ്പാണ് ഇവയിൽനിന്നെല്ലാമായി ആകെ കണ്ടെത്തിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. 10,000 കോടിയുടെ തട്ടിപ്പാണെന്ന് പറഞ്ഞിട്ടില്ലെന്ന് പി.സി. ജോ൪ജ് തന്നോട് പറഞ്ഞു. സഭയിൽ ഇതുപറയാൻ തയാറായതാണ്. എന്നാൽ, കഴിഞ്ഞില്ല. ഇപ്പോഴത്തെ വിവാദത്തിൽ യു.ഡി.എഫിലെ മുഴുവൻ എം.എൽ.എമാരും സംയുക്ത പാ൪ലമെൻററി പാ൪ട്ടി യോഗത്തിൽ പിന്തുണ അറിയിച്ചിട്ടുണ്ട്. ഗൺമാനായിരുന്ന സലിംരാജ് കുറ്റം ചെയ്തതായി ഇതുവരെ തെളിഞ്ഞിട്ടില്ലാത്തതിനാലാണ് വകുപ്പുതല നടപടിയെടുക്കാത്തത്.
ടെലിഫോൺ വിളിച്ചു എന്ന് മാത്രമേ ആരോപണമുണ്ടായിട്ടുള്ളൂ. സരിത നായരും മറ്റും പണം നിക്ഷേപിച്ച കോട്ടയത്തെ ധനകാര്യ സ്ഥാപനത്തെക്കുറിച്ച് പരാതി കിട്ടിയാൽ അന്വേഷിക്കും. പൊതുപ്രവ൪ത്തനത്തിൽ താൻ എന്നും നിന്നത് തുറന്ന മനസ്സോടെയാണ്.  
ഇപ്പോഴത്തെ വിവാദങ്ങളിൽ ഒരു ഭയപ്പാടുമില്ല. ജനം എല്ലാം അറിയണം. ഇത്തരം കേസുകളിൽ കഴിഞ്ഞ സ൪ക്കാറും ഈ സ൪ക്കാറും കൈക്കൊണ്ട നടപടികൾ ജനങ്ങളുടെ മുന്നിലുണ്ട്. എൽ.ഡി.എഫ് സ൪ക്കാറിൻെറ കാലത്ത് എന്താണ് ചെയ്തതെന്നെല്ലാം വരുംനാളുകളിൽ പുറത്തുവരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.