തിരുവനന്തപുരം: സോളാ൪തട്ടിപ്പുകേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണൻെറ ആദ്യഭാര്യ രശ്മിയുടെ കൊലപാതകവും ദക്ഷിണമേഖല എ.ഡി.ജി.പി എ.ഹേമചന്ദ്രൻ അന്വേഷിക്കും. ക്രൈം ചീഫ് എഡിറ്റ൪ ടി.പി. നന്ദകുമാ൪ നൽകിയ പരാതിയിലാണ് കൊലപാതകത്തെക്കുറിച്ചും എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ അന്വേഷിക്കാൻ മുഖ്യമന്ത്രി നി൪ദേശിച്ചത്.
2006ലായിരുന്നു രശ്മിയുടെ മരണം. പ്രതിസ്ഥാനത്തുണ്ടായിരുന്ന ബിജു രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തിരുന്നില്ല. ഈ വ൪ഷം മേയിലാണ് ബിജുവിനെതിരെ കൊലക്കുറ്റം ചുമത്തിയത്. സംഭവം അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം കോയമ്പത്തൂരിൽ നിന്ന് ദിവസങ്ങൾക്ക് മുമ്പാണ് ബിജുവിനെ പിടികൂടിയത്.
ചോദ്യം ചെയ്യലിൽ രശ്മിയെ കൊലപ്പെടുത്തിയതാണെന്ന് ബിജു സമ്മതിച്ചിട്ടുണ്ട്. എന്നാൽ രശ്മിയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോ൪ട്ടും ബിജുവിനെ നുണപരിശോധനക്ക് വിധേയനാക്കിയ കാര്യങ്ങളുമുൾപ്പെടെ മറച്ചുവെച്ച് രക്ഷപ്പെടാൻ അവസരമൊരുക്കിയെന്ന ആരോപണവും ശക്തമാണ്. പൊലീസിലെ ചില ഉന്നത൪ക്ക് ഇതിൽ പങ്കുണ്ടെന്നും ആരോപിക്കപ്പെടുന്നു.
മുഖ്യമന്ത്രിക്ക് പുറമെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ, ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യൻ എന്നിവ൪ക്കും നന്ദകുമാ൪ ഇമെയിലിലൂടെ പരാതി നൽകിയിരുന്നു. കഴിഞ്ഞ സ൪ക്കാറിൻെറ കാലത്തും ഇതിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നതായി അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.