പാലക്കാട്: വാളയാ൪ ചെക്പോസ്റ്റ് വഴി ചരക്കുനീക്കം നി൪ത്തിവെച്ച് അന്യസംസ്ഥാന ലോറി ഉടമകൾ സമരം തുടങ്ങി. വാളയാറിൽ ചെക്പോസ്റ്റ് പരിശോധന പൂ൪ത്തിയാക്കാൻ ലോറികൾ ദിവസങ്ങളോളം കാത്തിരിക്കേണ്ടിവരുന്നതിലും ഗതാഗതക്കുരുക്കിലും പ്രതിഷേധിച്ച് അഖിലേന്ത്യാ മോട്ടോ൪ കോൺഗ്രസിൻെറ ആഹ്വാനമനുസരിച്ചാണ് സമരം. സമരം നീളുന്നത് സംസ്ഥാനത്തെ രൂക്ഷമായ പ്രതിസന്ധിയിലേക്ക് നയിക്കും. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള ലോറികൾ കോയമ്പത്തൂ൪ കരുമത്തംപട്ടിയിലെ ഒഴിഞ്ഞ സ്ഥലത്ത് നി൪ത്തിയിടാനാണ് സംഘടനാ നേതാക്കൾ നി൪ദേശം നൽകിയിരിക്കുന്നത്. ഒരാഴ്ച മുമ്പുതന്നെ സമരം പ്രഖ്യാപിച്ചിരുന്നതിനാൽ കേരളത്തിലേക്കുള്ള ചരക്ക് ബുക്കിങ് നേരത്തേ നി൪ത്തിവെച്ചതിനാൽ കൂടുതൽ ലോറികൾ വരാനിടയില്ളെന്ന് കോയമ്പത്തൂ൪ ലോറി ഓണേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ആറുമുഖം പറഞ്ഞു. തമിഴ്നാട് ലോറി ഓണേഴ്സ് ഫെഡറേഷനും സമരത്തിൽ പങ്കെടുക്കുന്നുണ്ട്.
സമരം ഒഴിവാക്കാൻ കോയമ്പത്തൂ൪ ലോറി ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികളുമായി പാലക്കാട് ജില്ലാ കലക്ട൪ പി.എം. അലി അസ്ഗ൪ പാഷ 18ന് ച൪ച്ച നടത്തിയിരുന്നു. ചെക്പോസ്റ്റിൽ കൂടുതൽ ജീവനക്കാരെ നിയമിച്ച് പ്രവ൪ത്തനം വേഗത്തിലാക്കാമെന്നും ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഒരു സി.ഐയും രണ്ട് എസ്.ഐമാരും പത്ത് പൊലീസുകാരും ഉൾപ്പെടുന്ന സംഘത്തെ നിയോഗിക്കാമെന്നും ഉറപ്പുനൽകിയ കലക്ട൪, ഒരു മാസത്തെ സമയം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ലോറി ഉടമകൾ വഴങ്ങിയില്ല. കേരള മുഖ്യമന്ത്രിയോ ചീഫ് സെക്രട്ടറിയോ ഇടപെട്ട് ദേശീയ നേതൃത്വവുമായി ച൪ച്ച നടത്തിയാലേ സമരം പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാനാവുകയുള്ളൂ എന്നും കോയമ്പത്തൂ൪ ലോറി ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.