പോപുലര്‍ ഫ്രണ്ട് നേതാവിനെതിരെ വധശ്രമം: അഞ്ചു സി.പി.എം പ്രവര്‍ത്തകര്‍ക്ക് കഠിന തടവ്

വടകര: പോപുല൪ ഫ്രണ്ട് നേതാവ് കുനിങ്ങാട് ബാലത്തിൽ നൗഷാദിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ അഞ്ചു  സി.പി.എം പ്രവ൪ത്തക൪ക്ക് കഠിനതടവും പിഴയും. ഒന്നാംപ്രതി പൊന്മേരി കൂടത്തിൽ ബാലൻ(48), രണ്ടാം പ്രതി കുനിങ്ങാട് മുല്ളേരിമീത്തൽ രാജീവൻ(43), മൂന്നാം പ്രതി പൊന്മേരി മടയിൽ രഞ്ജിത്ത്(40), ആറാം പ്രതി മുതുവടത്തൂ൪ കോട്ടയിൽ വിനോദൻ(35), ഒമ്പതാം പ്രതി കുനിങ്ങാട് തയ്യിൽ നാണു(68) എന്നിവരെയാണ്  വടകര അസിസ്റ്റൻറ് സെഷൻസ് കോടതി ജഡ്ജി അനിൽ കെ. ഭാസ്ക൪ അഞ്ചു വ൪ഷത്തെ കഠിന തടവിന് ശിക്ഷിച്ചത്. ഒമ്പതാം പ്രതി നാണു 60,000 രൂപയും മറ്റുള്ളവ൪ 50,000 രൂപ വീതവും പിഴയടക്കാനും വിധിച്ചിട്ടുണ്ട്.
നാലാം പ്രതി പൊന്മേരി വടക്കേ ചിരുതോത്ത് ചന്ദ്രൻ(42), അഞ്ചാം പ്രതി മുതുവടത്തൂ൪ മാണിക്കോത്ത് ബിജു(39), എട്ടാം പ്രതി പൊന്മേരി ഒന്തമ്മൽ ബാബു(46), പത്താം പ്രതി പൊന്മേരി ഈങ്ങാട്ട് പ്രതീഷ്(41), 11ാം പ്രതി കുനിങ്ങാട് തയ്യിൽ സത്യൻ(47) എന്നിവരെ കോടതി വെറുതെവിട്ടു. ഏഴാം പ്രതി പൊന്മേരി ഒന്തത്ത് ബാബു(45), 12ാം പ്രതി പൊന്മേരി മേക്കൂട്ടത്തിൽ മനോജൻ(46) എന്നിവ൪ ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ പോകുകയായിരുന്നു. ഇവരുടെ വിചാരണ പിന്നീട് നടക്കും.
ഇപ്പോൾ പോപുല൪ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയായ നൗഷാദ്, എൻ.ഡി.എഫ് വടകര ഡിവിഷൻ സെക്രട്ടറിയായിരിക്കെ 2000 മേയ് രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. കുനിങ്ങാട്ടുള്ള വീട്ടു വരാന്തയിൽവെച്ച്  ആക്രമിക്കപ്പെട്ട ഇദ്ദേഹത്തിന് ഗുരുതര പരിക്കേറ്റിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.