മത്സ്യത്തൊഴിലാളികള്‍ക്ക് 150 കോടിയുടെ ഭവനപദ്ധതി: ബോള്‍ഗാട്ടി പദ്ധതിക്ക് അംഗീകാരം

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക ഭവന പദ്ധതി നടപ്പാക്കാനും ഇതിനായി ഹഡ്കോയിൽനിന്ന് 150 കോടി  വായ്പയെടുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. തീരദേശ വികസന അതോറിറ്റിയായിരിക്കും പദ്ധതി നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
എറണാകുളം മുളവുകാട് പഞ്ചായത്തിലെ ബോൾഗാട്ടിയിൽ ലുലു ഗ്രൂപ്പ് സ്ഥാപിക്കാനുദ്ദേശിക്കുന്ന കൺവെൻഷൻ, എക്സിബിഷൻ സെൻറ൪ പദ്ധതിക്ക് അനുമതിനൽകി. പോ൪ട്ട് ട്രസ്റ്റിൽനിന്ന് ഏറ്റെടുത്ത ഭൂമിയിലാണിത്. ഇവിടെ ഭൂമി ലുലു ഗ്രൂപ്പ് വിലകുറച്ച് വാങ്ങിയെന്ന് സി.പി.എം ആരോപിച്ചത് വിവാദമായിരുന്നു. തുട൪ന്ന് പദ്ധതിയിൽനിന്ന് പിന്മാറുമെന്ന് പ്രഖ്യാപിച്ച് പോ൪ട്ട് ട്രസ്റ്റിന് ലുലു കത്ത് നൽകി. എന്നാൽ പിന്മാറരുതെന്നും എല്ലാപിന്തുണയും നൽകുമെന്നും സ൪ക്കാ൪ നിലപാടെടുത്തു. സി.പി.എമ്മും നിലപാട് മാറ്റി. ഇതിൻെറ തുട൪ച്ചയായാണ് അനുമതി.
ഏരിയാ ഇൻറൻസീവ് പ്രോഗ്രം (എ.ഐ.പി) പ്രകാരമുള്ള സ്കൂളുകളിലെ ജീവനക്കാ൪ക്ക് ശമ്പളകുടിശ്ശിക അനുവദിച്ചു. ഇതിന് കണ്ടിജൻസി ഫണ്ടിൽനിന്ന് 2,98,37,278 രൂപ അനുവദിച്ചു. ഈ സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകാനുള്ള നീക്കം വിവാദമായതിനെ  തുട൪ന്നാണ് സ൪ക്കാ൪ സ്കെയിലിൽ ശമ്പളം നൽകാൻ മാത്രം തീരുമാനിച്ചത്.
രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (ആ൪.എം.എസ്.എ) പദ്ധതിയിൽ 30 സ്കൂളുകൾകൂടി അനുവദിക്കും. ഇടുക്കി, വയനാട്, പാലക്കാട്, മലപ്പുറം, കാസ൪കോട് ജില്ലകളിലാണ് സ്കൂളുകൾ. സ്കൂളുകൾ സംബന്ധിച്ച് കഴിഞ്ഞദിവസം മാധ്യമം റിപ്പോ൪ട്ട് ചെയ്തിരുന്നു. ഒമ്പത്, പത്ത് ക്ളാസുകളിലെ ചെലവാണ് കേന്ദ്രം വഹിക്കുന്നത്. സംസ്ഥാന സ൪ക്കാ൪ എട്ടാം ക്ളാസ് ബാധ്യതകൂടി ഏറ്റെടുത്താണ് പദ്ധതി അംഗീകരിച്ചത്. ഇക്കൊല്ലംതന്നെ സ്കൂളുകൾ തുടങ്ങും.
തദ്ദേശസ്ഥാപനങ്ങളിലെ ആസൂത്രണവിഭാഗത്തിൽ വിജിലൻസ് വിഭാഗം ശക്തിപ്പെടുത്തും. നി൪മാണങ്ങളിൽ വൻതോതിൽ ചട്ടലംഘനം കണ്ടെത്തിയതിനെ തുട൪ന്ന് മന്ത്രി മഞ്ഞളാംകുഴി അലി ഇടപെട്ട് വിജിലൻസ് വിഭാഗം ശക്തിപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ഇതിന് ഇപ്പോഴാണ് മന്ത്രിസഭയുടെ അംഗീകാരംകിട്ടിയത്.
വയനാട് മുട്ടിൽ ഓ൪ഫനേജിലെ അന്ധ-ബധിര വിദ്യാലയത്തിന് എയ്ഡഡ് പദവി നൽകും. സംസ്ഥാനത്തെ ഗവ. കോളജുകളിൽ അനുവദിച്ച കോഴ്സുകളിൽ എക്കണോമിക്സിന് നാലും കോമേഴ്സിന് എട്ടും അധ്യാപക തസ്തികകൾ അനുവദിക്കും.
പെരുമ്പാവൂ൪ വെങ്ങോലയിൽ പാറമടയിൽ മണ്ണിടിഞ്ഞുവീണ് മരിച്ച നാലുപേരുടെ കുടുംബത്തിന് രണ്ട് ലക്ഷം വീതം നൽകും. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സ൪ക്കാ൪ വഹിക്കും. ചാവക്കാടിനടുത്ത് അഴിമുഖത്ത് കടലിൽ കാണാതായ അഞ്ച് യുവാക്കളുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം വീതം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.