സ്വാശ്രയ മെഡിക്കല്‍ പ്രവേശം: 408 പേര്‍ യോഗ്യത തെളിയിച്ചതായി ജസ്റ്റിസ് ജയിംസ്

കൊച്ചി: കേരള പ്രൈവറ്റ് മെഡിക്കൽ മാനേജ്മെൻറ് അസോസിയേഷന് കീഴിലുള്ള എട്ട് സ്വാശ്രയ മെഡിക്കൽ കോളജുകളിലെ മാനേജ്മെൻറ് സീറ്റുകളിലേക്ക് പ്രവേശ മേൽനോട്ട സമിതി നടത്തിയ പരീക്ഷയിൽ 408 പേ൪ക്ക് യോഗ്യത. കഴിഞ്ഞ 21ന് നടന്ന പരീക്ഷയിൽ 778 പേരെഴുതിയവരിൽ 408 പേ൪ക്ക് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ മാനദണ്ഡപ്രകാരമുള്ള 50 ശതമാനം മാ൪ക്ക് നേടാനായതായി  സമിതി അധ്യക്ഷൻ ജസ്റ്റിസ് ജെ.എം. ജയിംസ് വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. ഇവ൪ക്ക് പ്രവേശ പരീക്ഷാ കമീഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന ഫലപ്രഖ്യാപനത്തിൻെറ അടിസ്ഥാനത്തിൽ ഉടൻതന്നെ കോളജുകളിൽ ഓപ്ഷൻ നൽകാമെന്നും 31നുള്ളിൽ പ്രവേശ നടപടികൾ പൂ൪ത്തിയാക്കി ആഗസ്റ്റ് 15ഓടെ ക്ളാസ് ആരംഭിക്കാനാകുമെന്നും ജസ്റ്റിസ് ജയിംസ് പറഞ്ഞു.
റീമ അബൂബക്കറിനാണ് (റോൾ നമ്പ൪-8352) ഒന്നാം റാങ്ക്. 400ൽ 370 മാ൪ക്ക് . 366 മാ൪ക്ക് നേടിയ ഇ.വി. ശ്രീരാജ് (റോൾ നമ്പ൪-8113), 365 മാ൪ക്ക് നേടിയ അശ്വതി ഉണ്ണികൃഷ്ണൻ (റോൾ നമ്പ൪ 9261) എന്നിവ൪ രണ്ടും മൂന്നും റാങ്ക് നേടി.
കേരള പ്രൈവറ്റ് മെഡിക്കൽ മാനേജ്മെൻറ് അസോസിയേഷന് കീഴിലുള്ള കോളജുകളിലെ 35 ശതമാനം മാനേജ്മെൻറ് സീറ്റിലേക്ക് കഴിഞ്ഞ മേയ് 31ന് നടന്ന പരീക്ഷ റദ്ദാക്കിയതിനെ തുട൪ന്നാണ് ജയിംസ് കമ്മിറ്റി ഇടപെട്ട് വീണ്ടും പരീക്ഷ നടത്തിയത്.
മാനേജ്മെൻറ് അസോസിയേഷൻ നടത്തിയ പരീക്ഷ സുതാര്യമല്ളെന്ന ആരോപണത്തെ തുട൪ന്നാണ് റദ്ദാക്കിയത്.
ശനിയാഴ്ച കൊച്ചിയിൽ നടന്ന സ്വാശ്രയ ഡെൻറൽ കോളജ് മാനേജ്മെൻറ് കൺസോ൪ട്ടിയത്തിൽ ഉൾപ്പെട്ട 13 ഡെൻറ൪ കോളജുകളിലെ 35 ശതമാനം മാനേജ്മെൻറ് ക്വാട്ടയായ 266 സീറ്റിലേക്ക് നടത്തിയ ബി.ഡി.എസ് പ്രവേശ പരീക്ഷ 426 വിദ്യാ൪ഥികൾ എഴുതിയതായി ജസ്റ്റിസ് ജയിംസ് അറിയിച്ചു. ബി.ഡി.എസ് പ്രവേശ പരീക്ഷയുടെ ഉത്തരസൂചിക  പ്രവേശ കമീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ആക്ഷേപങ്ങൾ ചൂണ്ടിക്കാട്ടാൻ രണ്ടു ദിവസം അവസരം നൽകിയ ശേഷം അടുത്തയാഴ്ച തന്നെ ഫലം പ്രഖ്യാപിക്കുമെന്നും ജസ്റ്റിസ് ജയിംസ് അറിയിച്ചു.

സീറ്റ് നോട്ടമിട്ടവ൪ക്ക് മാ൪ക്ക് 400ൽ അഞ്ച് !

കൊച്ചി: ജീവശാസ്ത്രത്തിന് വട്ടപ്പൂജ്യത്തിനും താഴെ മാ൪ക്ക്, ഭൗതിക ശാസ്ത്രത്തിനും രസതന്ത്രത്തിനും തഥൈവ! ആതുരസേവന രംഗത്ത് ഭാവി വാഗ്ദാനങ്ങളാകാൻ എം.ബി.ബി.എസ് പ്രവേശ പരീക്ഷ എഴുതിയവരുടെ പ്രകടനംകണ്ട് പ്രവേശന മേൽനോട്ട സമിതി ഞെട്ടിത്തരിച്ചു. മാനേജ്മെൻറ് പരീക്ഷയുടെ സുതാര്യത ചോദ്യം ചെയ്യപ്പെട്ടതിനെ തുട൪ന്ന് പ്രവേശ മേൽനോട്ടസമിതി നേരിട്ട് നടത്തിയ സ്വാശ്രയ മെഡിക്കൽ മാനേജ്മെൻറ് സീറ്റിലേക്കുള്ള പ്രവേശ പരീക്ഷയിലാണ് വട്ടപ്പൂജ്യം പോലും നേടാനാകാതെ നെഗറ്റീവ് മാ൪ക്ക് ‘സ്കോ൪’ ചെയ്തവരുടെ യോഗ്യത പുറത്തായത്. ചോദ്യങ്ങൾ മുൻകൂറായി നൽകി മാനേജ്മെൻറ് ഒത്തുകളിക്കുന്നെന്ന ആരോപണത്തെ തുട൪ന്നായിരുന്നു കേരള മെഡിക്കൽ മാനേജ്മെൻറ് അസോസിയേഷന് കീഴിലുള്ള എട്ട് മെഡിക്കൽ കോളജുകളിലെ 315 സീറ്റുകളിലേക്ക് മേൽനോട്ട സമിതി ഇടപെട്ട് പ്രവേശ പരീക്ഷ നടത്തിയത്. എൽ.ബി.എസ് ആയിരുന്നു പേപ്പറുകളുടെ മൂല്യനി൪ണയം നടത്തിയത്.
മാനേജ്മെൻറ് മേയ് 31ന് നടത്തിയ പരീക്ഷ റദ്ദാക്കിയശേഷം കഴിഞ്ഞ 21ന് നടത്തിയ പ്രവേശ പരീക്ഷ എഴുതിയ 778 പേരിൽ 408 പേരാണ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ മാനദണ്ഡപ്രകാരമുള്ള 50 ശതമാനം മാ൪ക്ക് കരസ്ഥമാക്കിയത്. എന്നാൽ, പരീക്ഷ എഴുതിയവരിൽ രണ്ട് കുട്ടികളാണ് ഒന്നാം പേപ്പറായ ജീവശാസ്ത്രത്തിൽ  (ബയോളജി) മൈനസ് മാ൪ക്കിന് അവകാശികളായത്.
ഭൗതിക ശാസ്ത്രം /രസതന്ത്രം (ഫിസിക്സ്/കെമിസ്ട്രി) എന്നിവയിൽ നാലു പേ൪ക്കും മൈനസ് മാ൪ക്കാണ് യോഗ്യത. പ്രവേശ പരീക്ഷയിൽ ഏറ്റവും കുറവ് മാ൪ക്ക് ലഭിച്ചയാൾക്ക് 400ൽ വെറും അഞ്ച് മാ൪ക്കാണ് സ്കോ൪ ചെയ്യാൻ കഴിഞ്ഞത്. പ്രവേശ പരീക്ഷ ഫലത്തിൽ പിറകിൽനിന്ന് രണ്ടാമതത്തെിയ വിദ്യാ൪ഥിക്ക് 400ൽ 15 മാ൪ക്ക് ലഭിച്ചതായും ജസ്റ്റിസ് ജയിംസ് വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.