കടുത്ത അമര്‍ഷത്തിനിടെ ലീഗ് സെക്രട്ടേറിയറ്റ് നാളെ

മലപ്പുറം: ശമനമില്ലാത്ത വിവാദങ്ങൾക്കും കോൺഗ്രസിലെ ഗ്രൂപ്പുവഴക്കുകൾക്കുമിടയിൽ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് വെള്ളിയാഴ്ച വൈകീട്ട് കോഴിക്കോട് ലീഗ് ഹൗസിൽ ചേരും. കേന്ദ്രമന്ത്രി ഇ. അഹമ്മദടക്കമുള്ള  നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ കടുത്ത തീരുമാനങ്ങൾ എടുക്കുമെന്നാണ് സൂചന. കോൺഗ്രസിലെ ഗ്രൂപ്പിസവും  മുന്നണിക്കുള്ളിലെ പ്രശ്നങ്ങളും ഉടൻ പരിഹരിക്കാൻ  കോൺഗ്രസ് ഹൈകമാൻഡ് ഘടകകക്ഷികളുമായി ച൪ച്ചക്ക് തയാറാവണമെന്ന കഴിഞ്ഞ സെക്രട്ടേറിയറ്റ് തീരുമാനം നടപ്പാകാതെ വന്നതിലുള്ള  അമ൪ഷവുമായാണ് യോഗം ചേരുന്നത്.
പ്രശ്നങ്ങൾ പരിഹരിക്കുന്നില്ളെങ്കിൽ മന്ത്രിമാരെ പിൻവലിച്ച് പുറത്തുനിന്ന് പിന്തുണ നൽകുന്നതടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കണമെന്ന് കഴിഞ്ഞ യോഗത്തിൽ  പല നേതാക്കളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇ. അഹമ്മദടക്കമുള്ള ചില മുതി൪ന്ന നേതാക്കൾ  കടുത്ത നടപടിക്ക് സമയമായിട്ടില്ളെന്ന നിലപാടിലായിരുന്നു.
ലീഗിനെ ച൪ച്ചക്ക് വിളിക്കുകയോ പ്രശ്നത്തിൽ ഇടപെടുകയോ ചെയ്യാത്ത സാഹചര്യത്തിൽ രണ്ടു ദിവസം കഴിഞ്ഞ് പ്രതികരിക്കുമെന്ന് ദേശീയ  ജനറൽസെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീ൪ എം.പി കഴിഞ്ഞദിവസം പാണക്കാട്ട് ചേ൪ന്ന നേതൃയോഗത്തിനു ശേഷം സൂചിപ്പിച്ചിരുന്നു. പാ൪ട്ടി മുഖപത്രമായ ചന്ദ്രികയിൽ  അഡ്വ. കെ.എൻ.എ ഖാദ൪ എം.എൽ.എ, കോൺഗ്രസ് ദേശീയ- സംസ്ഥാന നേതൃത്വത്തെ ശക്തമായി വിമ൪ശിച്ച് ലേഖനമെഴുതിയത് ഇതിൻെറ ഭാഗമായാണ് കരുതുന്നത്. ഇത് വ്യക്തിപരമായ നിലപാടാണെന്ന് നേതൃത്വം പറയുന്നുണ്ടെങ്കിലും നിലപാടുകളിൽ ഉറച്ചു നിൽക്കുന്നതായി ഖാദ൪ വ്യക്തമാക്കിയിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സഖ്യത്തിന് അധികാരം ലഭിക്കുക എളുപ്പമല്ളെന്നും  വലിയ ഒറ്റക്കക്ഷിയാകാൻ പോലും അവ൪ക്ക് കഴിയില്ളെന്നും ലേഖനത്തിൽ പറയുന്നു. ഈ സാഹചര്യം മറികടക്കാനാവശ്യമായ ജാഗ്രത കോൺഗ്രസിൻെറ ദേശീയനേതൃത്വമോ സംസ്ഥാന നേതൃത്വമോ കാണിക്കുന്നില്ളെന്നും ഖാദ൪ പറയുന്നു.
 കോൺഗ്രസ് നേതാക്കളെ പരസ്യ പ്രസ്താവനകളിൽ നിന്ന് വിലക്കിയിട്ടുണ്ടെങ്കിലും ചില നേതാക്കൾ ഇപ്പോഴും പഴയ നിലപാട് തുടരുകയാണ്. ഈ നിലയിൽ മുന്നോട്ടു പോയിട്ട് കാര്യമില്ളെന്നും എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നും ജനറൽ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീ൪ ‘മാധ്യമ’ത്തോട് പറഞ്ഞു.
വെള്ളിയാഴ്ചത്തെ യോഗത്തിൽ പലവഴികളും ആരായും. ഒറ്റക്ക് നിൽക്കുന്ന കാര്യം പോലും ച൪ച്ചക്ക് വന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി ഇ. അഹമ്മദ്  കോൺഗ്രസ് ഹൈകമാൻഡ് നൽകിയ അനുകൂല സന്ദേശവുമായി യോഗത്തിനത്തെുമെന്നാണ് ചില നേതാക്കളുടെ പ്രതീക്ഷ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.