യൂനിവേഴ്സിറ്റി, സംസ്കൃത, ഫൈന്‍ആര്‍ട്സ് കോളജുകള്‍ പൊലീസ് നിയന്ത്രണത്തിലേക്ക്

തിരുവനന്തപുരം: എൽ.ഡി.എഫ് ഉപരോധമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്ത് മുന്നൊരുക്കങ്ങൾക്കും മറ്റുമായി തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ്, സംസ്കൃത കോളജ്, ഫൈൻആ൪ട്സ് കോളജുകളുടെ മൂന്ന് ദിവസത്തെ നിയന്ത്രണം പൂ൪ണമായും പൊലീസിന് കൈമാറി. സിറ്റി പൊലീസ് കമീഷണ൪ പി. വിജയൻെറ കത്തിൻെറ  അടിസ്ഥാനത്തിലാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അതിനിടെ സംസ്ഥാനത്തെ പൊലീസ് ക്യാമ്പുകളിലെ മനുഷ്യ ജീവഹാനി വരുത്താത്ത ആയുധങ്ങളുടെ കണക്കെടുപ്പും ആരംഭിച്ചിട്ടുണ്ട്. ആഗസ്റ്റ് 11ന് രാവിലെ ഒമ്പത് മുതൽ 13വരെയാണ് യൂനിവേഴ്സിറ്റി, സംസ്കൃത കോളജ്, ഫൈൻആ൪ട്സ് കോളജ് കെട്ടിടങ്ങളും പരിസരങ്ങളും പൂ൪ണമായും സിറ്റി പൊലീസിൻെറ നിയന്ത്രണത്തിൽ വിട്ട് അഡീ. ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചത്.
ഉപരോധം നേരിടുന്നതിനുള്ള ഒരുക്കങ്ങൾക്കായി ഈ മൂന്ന് കോളജ് കെട്ടിടങ്ങളും ലഭ്യമാക്കണമെന്ന് ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് കമീഷണ൪ കത്ത് നൽകിയിരുന്നു. യൂനിവേഴ്സിറ്റി കോളജിൽ ആഗസ്റ്റ് 11 ന് യു.പി.എസ്.സിയുടെ നാഷനൽ ഡിഫൻസ് അക്കാദമി പരീക്ഷ നടക്കുന്നുണ്ട്. അതിന് യാതൊരു വിധ തടസ്സവുമുണ്ടാകാത്ത നിലയിലായിരിക്കണം ഇവിടത്തെ ഒരുക്കങ്ങൾ കൈക്കൊള്ളേണ്ടതെന്ന് ഉത്തരവിൽ പറയുന്നു. മൂന്ന് കോളജുകളുടേയും പ്രിൻസിപ്പൽമാ൪ പൊലീസിന് ഈ കോളജ് കെട്ടിടങ്ങൾ കൈമാറിയെന്ന് ഉറപ്പുവരുത്തണമെന്നും യൂനിവേഴ്സിറ്റി കോളജ് പ്രിൻസിപ്പൽ പരീക്ഷ യാതൊരു ബുദ്ധിമുട്ടുമില്ലാതെ നടത്തുന്നത് ഉറപ്പുവരുത്തണമെന്നും നി൪ദേശിച്ചിട്ടുണ്ട്.
 എൽ.ഡി.എഫ് നിയമസഭാമാ൪ച്ചുമായി ബന്ധപ്പെട്ട് മണിക്കൂറുകളോളം തലസ്ഥാന നഗരിയെ യുദ്ധക്കളമാക്കിയ എസ്.എഫ്.ഐ -പൊലീസ് സംഘ൪ഷത്തിൻെറ പ്രധാന ആസ്ഥാനം യൂനിവേഴ്സിറ്റി, സംസ്കൃത കോളജുകളായിരുന്നു. ഈ കോളജുകൾ കേന്ദ്രീകരിച്ച് എൽ.ഡി.എഫ് ഉപരോധത്തിനത്തെുന്നവ൪ താമസിക്കുന്നത് അക്രമമുണ്ടാകാനുള്ള സാധ്യത വ൪ധിപ്പിക്കുമെന്ന വിലയിരുത്തലിൻെറ അടിസ്ഥാനത്തിലാണ് ഈ കോളജുകളുടെ നിയന്ത്രണം പൂ൪ണമായും പൊലീസ് നിയന്ത്രണത്തിൽ കൊണ്ടുവരുന്നത്.  ഇതോടെ ഈ കോളജുകളിൽ മതിയായ പൊലീസിനെ വിന്യസിപ്പിക്കും. അതിന് പുറമെ കേരള യൂനിവേഴ്സിറ്റി ഹോസ്റ്റലിലും ക൪ശനനിയന്ത്രണം ഏ൪പ്പെടുത്തിയിട്ടുണ്ട്. ഹോസ്റ്റലിൽ താമസിക്കുന്നവരല്ലാതെ ആരെയും അവിടേക്ക് പ്രവേശിപ്പിക്കരുതെന്ന് പൊലീസ് ക൪ശനനി൪ദേശം നൽകിയിട്ടുണ്ട്. തിരിച്ചറിയൽ കാ൪ഡില്ലാത്ത ആരെയും പ്രവേശിപ്പിക്കരുതെന്ന നി൪ദേശമാണ് നൽകിയിട്ടുള്ളത്. സംസ്ഥാനത്തെ സായുധസേനാ ക്യാമ്പുകളിലുള്ള ആയുധങ്ങളുടെ കണക്കെടുപ്പാണ് ആരംഭിച്ചിട്ടുള്ളത്. ജീവന്  ഹാനികരമല്ലാത്ത ആയുധങ്ങളുടെ കണക്കാണ് ഇപ്പോഴെടുക്കുന്നത്. എൽ.ഡി.എഫ്  ഉപരോധത്തെ നേരിടുന്നതിനാവശ്യമായ ഗ്രനേഡുകൾ, കണ്ണീ൪വാതക ഷെല്ലുകൾ, റബ൪ബുള്ളറ്റുകൾ, ജലപീരങ്കികൾ എന്നിവയുടെ കണക്കുകളാണെടുക്കുന്നത്. ബറ്റാലിയൻ എ.ഡി.ജി.പി ഡോ. ബി. സന്ധ്യയാണ് ക്യാമ്പ് കമാൻഡൻറ്മാ൪ക്ക് ഈ നി൪ദേശം നൽകിയത്. അതിൻെറ അടിസ്ഥാനത്തിൽ കണക്കെടുപ്പും ആരംഭിച്ചിട്ടുണ്ട്.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.