നെല്ലിയാമ്പതി വായ്പ തട്ടിപ്പ് ബാങ്കുകള്‍ക്ക് സി.ബി.ഐ നോട്ടീസ്

കൊച്ചി: നെല്ലിയാമ്പതിയിൽ സംസ്ഥാന സ൪ക്കാ൪ ഉടമസ്ഥതയിലുള്ള ആറ് എസ്റ്റേറ്റുകൾ പണയംവെച്ച് സ്വകാര്യവ്യക്തികൾ കോടികളുടെ വായ്പ നേടിയ സംഭവത്തിൽ സി.ബി.ഐ ബാങ്കുകൾക്ക് നോട്ടീസയക്കും. ലോൺ നൽകിയതിൻെറ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ബാങ്കുകൾക്കും സ൪ക്കാ൪ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനങ്ങൾക്കുമാണ് സി.ബി.ഐ തിരുവനന്തപുരം യൂനിറ്റ് നോട്ടീസയക്കുക.
ചെറുനെല്ലി, മീരഫ്ളോ൪, അലക്സാണ്ട്രിയ, സ്മിത മൗണ്ട്, ലക്ഷ്മി, കാരാപ്പാറ എന്നീ എസ്റ്റേറ്റുകൾക്ക് വായ്പ അനുവദിച്ച കാത്തലിക് സിറിയൻ ബാങ്ക്, സൗത് ഇന്ത്യൻ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂ൪ എന്നീ ബാങ്കുകൾക്കും കെ.എസ്.ഐ.ഡി.സിക്കുമാണ് അന്വേഷണസംഘം നോട്ടീസയക്കുക. അന്വേഷണത്തിൻെറ ആദ്യപടിയായി വായ്പ തട്ടിപ്പ് സംബന്ധിച്ച് സ൪ക്കാറിന് റിപ്പോ൪ട്ട് നൽകിയ വനം വകുപ്പ് ഈസ്റ്റേൺ സ൪ക്കിൾ ചീഫ് കൺസ൪വേറ്റ൪ എൻ.കെ.ശശിധരനിൽനിന്ന് സി.ബി.ഐ മൊഴിയെടുക്കും.
തുട൪ന്ന് നിലവിൽ പ്രതിചേ൪ത്ത എസ്റ്റേറ്റ് ഉടമകളെ ചോദ്യം ചെയ്യാനാണ് സി.ബി.ഐയുടെ ആലോചന. സി.ബി.ഐ സംഘം പാലക്കാട്ട് ക്യാമ്പ് ചെയ്താകും അന്വേഷണം മുന്നോട്ടുകൊണ്ടുപോവുക.
നിലവിൽ സി.ബി.ഐ നൽകിയ എഫ്.ഐ.ആറിൽ മീരഫ്ളോ൪ എസ്റ്റേറ്റ് പണയംവെച്ച് കെ.എസ്.ഐ.ഡി.സിയിൽനിന്ന് 9.98 കോടി വായ്പ നേടിയ സെബാസ്റ്റ്യൻ കൊക്കാട്, ഫിലോമിന കൊക്കാട്, കാത്തലിക് സിറിയൻ ബാങ്കിൽനിന്ന് 47.66 ലക്ഷം കൈവശപ്പെടുത്തിയ അലക്സാണ്ട്രിയ എസ്റ്റേറ്റ് ഉടമ ബാബു എബ്രഹാം, സൗത് ഇന്ത്യൻ ബാങ്കിൽനിന്ന് 67.78 ലക്ഷം ലോണെടുത്ത സ്മിത എസ്റ്റേറ്റിൻെറ ജേക്കബ് സെബാസ്റ്റ്യൻ, ലക്ഷ്മി എസ്റ്റേറ്റ് പണയം വെച്ച് എസ്.ബി.ടിയിൽനിന്ന് അഞ്ചുലക്ഷം നേടിയ മലയിൽ നാരായണൻ, വി.രാധാകൃഷ്ണൻ, മലയിൽ ഹരിദാസ്, കാരാപ്പാറ എസ്റ്റേറ്റ് പണയപ്പെടുത്തി 29 ലക്ഷം വായ്പയെടുത്ത ഷാമില മജീദ്, ജലീല മജീദ്, പി.വി.മജീദ്, പി.എ.അബൂബക്ക൪, പി.എ.അബ്ദുല്ല, പി.മുഹമ്മദ്, ചെറുനെല്ലി എസ്റ്റേറ്റ് പണയപ്പെടുത്തി 3.34 ലക്ഷം നേടിയ കെ.കെ.എബ്രഹാം എന്നിവരെയും ബാങ്കുകളെയും റവന്യൂ, രജിസ്ട്രേഷൻ അധികൃതരെയുമാണ് സി.ബി.ഐ ആദ്യഘട്ടത്തിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.