കയ്പേറും ലോകത്ത് അവര്‍ ഒരുക്കുന്നു മധുരമൂറും പായസ കിറ്റ്

കോഴിക്കോട്: പറയാനും ചെയ്യാനും  ഏറെയുണ്ടെങ്കിലും ശബ്ദമില്ലാത്ത ലോകത്ത് വിസ്മൃതിയാണ് അവരുടെ വിധി. എന്നാൽ, തങ്ങളുടെ ജീവിതത്തിനും സ്വപ്നങ്ങളും നിറങ്ങളുമുണ്ടെന്ന്  തെളിയിക്കുകയാണ് സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിൽ കഴിയുന്ന ബധിര-മൂക൪.
 ഇത്തവണ കൺസ്യൂമ൪ ഫെഡ് ഓണാഘോഷത്തോടനുബന്ധിച്ച് വിതരണം ചെയ്യുന്ന  കോഴിക്കോട്, വയനാട് ജില്ലകൾക്കായുള്ള പായസക്കിറ്റ് തയാറാക്കുന്നത് ഇത്തരത്തിലുള്ള  യുവതീ യുവാക്കളാണ്.
 വിവിധ ഭാഗങ്ങളിൽനിന്ന് കോഴിക്കോട്ടത്തെിയ ഏഴുപേരടങ്ങിയ സംഘം പതിനായിരത്തോളം കിറ്റുകൾ ഒരുക്കുന്നുണ്ട്. 150 ഗ്രാം സേമിയ, അണ്ടിപ്പരിപ്പ്-മുന്തിരി 250, 50 മില്ലി നെയ്യ്, 500  ഗ്രാം പഞ്ചസാര എന്നിവയാണ് കിറ്റിൽ.
 ഇവ അളവനുസരിച്ച് ക്രമീകരിക്കുകയും സീല൪ മെഷീൻ ഉപയോഗിച്ച് പാക്ക് ചെയ്യുകയുമാണ് ഇവ൪. ചൊവ്വാഴ്ച എത്തിയ രണ്ട് സ്ത്രീകളും അഞ്ച് പുരുഷന്മാരുമടങ്ങുന്ന സംഘം ആഗസ്റ്റ് 31 വരെ ഇവിടെയുണ്ടാവും.
 മറ്റുള്ളവരേക്കാൾ കൃത്യതയോടും സത്യസന്ധതയോടെയുമാണ് ഇവ൪ ജോലി ചെയ്യുന്നതെന്ന് കൺസ്യൂമ൪ ഫെഡ് റീജനൽ മാനേജ൪ പി.പി. ആലിക്കുട്ടി, ഡെപ്യൂട്ടി റീജനൽ മാനേജ൪ വി.പി. ഉസ്മാൻ എന്നിവ൪ പറയുന്നു.
 വീട്ടിൽനിന്നോ മറ്റോ ഫോൺ വന്നാൽ പ്രത്യേക 3ജി മൊബൈൽ സംവിധാനത്തിലാണ് ഇവ൪ പ്രതികരിക്കുന്നത്.
വീഡിയോ കോൾ സംവിധാനത്തിൽ സംസാരിക്കുന്നയാളുടെ ചിത്രം സ്ക്രീനിൽ തെളിയും. ആംഗ്യം കാണിച്ച് സൈൻ ലാംഗ്വേജിൽ ഇവ൪ പ്രതികരിക്കുന്നു. ‘എ’ എന്ന അക്ഷരത്തിന് രണ്ട് പെരുവിരലുകൾ ചരിച്ചുവെക്കുന്നു. ‘ബി’ക്ക് രണ്ടു കൈകളിലെയും പെരുവിരലും ചൂണ്ടുവിരലും കോഴിമുട്ട ആകൃതിയിൽ വെക്കുന്നു. ‘സി’ അക്ഷരത്തിന് ഈ രണ്ടു വിരലുകളും അ൪ധ വൃത്താകൃതിയിൽ... എന്നിങ്ങനെയാണ് ആശയവിനിമയം.
 മുഖത്ത് തെളിയുന്ന വിസ്മയങ്ങളും സങ്കടങ്ങളും ആഹ്ളാദങ്ങളുമാണ് അവരുടെ യഥാ൪ഥ ഭാഷ. ആവശ്യമായ സൗകര്യങ്ങളില്ലാത്തതിനാൽ  ഉന്നതവിദ്യാഭ്യാസം നേടിയവ൪ ഏറെയില്ല ഇവരിൽ.
കോഴിക്കോട് താമരശ്ശേരിയിലെ സോഷ്യൽ വെൽഫെയ൪ സൊസൈറ്റിയാണ് നിശ്ശബ്ദ ജീവിതങ്ങൾക്ക് കൂട്ടായ്മയൊരുക്കുന്നത്. 2009ൽ അഞ്ച് ബധിര മൂകരുമായി തുടങ്ങിയ കൂട്ടായ്മയിൽ ഇപ്പോൾ 180ഓളം പേരുണ്ട്. വ൪ഷാന്ത്യങ്ങളിൽ ഒരുക്കുന്ന സംഗമങ്ങളിൽ പരിചയപ്പെട്ട് വിവാഹിതരായവരാണ് ഇവരിൽ ഏറെപ്പേരും. സുലൈഖ-റസാഖ്, മനോജ്-സമിജ, ദിനേശ്-അനില, ഷാഫി- ഹസ്ന എന്നിവരെല്ലാം ഇങ്ങനെ വിവാഹിതരായവരാണ്.  
പത്താംതരവും പ്ളസ്ടുവുമൊക്കയാണ് ഏറെ പേരുടെയും വിദ്യാഭ്യാസം. പി.എസ്.സി റാങ്ക്ലിസ്റ്റിൽ വരെ പലരും ഉൾപ്പെടുമെങ്കിലും അവസാനനിമിഷം തള്ളിപ്പോവുകയാണ് പതിവ്. ആശയവിനിമയ പ്രയാസം കാണിച്ച് ഇൻറ൪വ്യൂവിൽ ഒഴിവാക്കുന്നതാണ് കാരണം. എൽ.ഡി.സി റാങ്ക് ലിസ്റ്റിൽ 41ാം റാങ്കുകാരിയും കായികരംഗത്ത് കഴിവ് തെളിയിച്ചവരും ഇവരുടെ ഇടയിലുണ്ട്.
ഇപ്പോൾ കൺസ്യൂമ൪ഫെഡിൻെറ കോഴിക്കോട് റീജനൽ ഓഫിസിൽ താൽക്കാലിക ജീവനക്കാരനായ മനോജ് വോളിബാൾ മത്സരത്തിന് ജില്ലാ തലങ്ങളിൽ വരെ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
കമ്പ്യൂട്ട൪, തയ്യൽ പരിശീലനം എന്നിവയിലൂടെയും കരകൗശല വിദ്യകൾ, പെയ്ൻറിങ് ജോലികൾ എന്നിവയിലൂടെയും ഇവ൪ പുതുലോകം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ആ൪ക്കും കീഴ്പ്പെടുത്താൻ കഴിയാത്ത നിശ്ശബ്ദ ലോകങ്ങൾ.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.