കൊച്ചി: സൗദി സ്വദേശിവത്കരണത്തിൻെറ ഭാഗമായി തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ വരാൻ കഴിയാതിരുന്ന 100 പ്രവാസികളെ പ്രത്യേക വിമാനത്തിൽ ശനിയാഴ്ച നാട്ടിലത്തെിക്കുമെന്ന് കേരള പ്രവാസി സംഘം ജനറൽ സെക്രട്ടറി കെ.വി. അബ്ദുൽഖാദ൪ എം.എൽ.എ. ദമ്മാം നവോദയയും ഐ.ടി.എൽ ഇറാം ഗ്രൂപ്പും സംയുക്തമായാണ് ഇവരെ നാട്ടിലത്തെിക്കുന്നതെന്ന് അദ്ദേഹം വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. വെള്ളിയാഴ്ച രാത്രി ദമ്മാമിൽ നിന്ന് പുറപ്പെടുന്ന ചാ൪ട്ട൪ ചെയ്ത എയ൪ ഇന്ത്യ എക്സ്പ്രസ് വിമാനം ശനിയാഴ്ച രാവിലെ 5.30ന് നെടുമ്പാശേരിയിൽ എത്തിച്ചേരും.
നാടുകടത്തൽ കേന്ദ്രത്തിൽ സഹായിക്കാൻ ആരുമില്ലാതെ കഷ്ടപ്പെട്ട പ്രവാസികളെയാണ് നാട്ടിലത്തെിക്കുന്നത്. ഇവരെ നാട്ടിലത്തെിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും പ്രവാസി മന്ത്രിയും പ്രസ്താവിച്ചെങ്കിലും നടപടിയായിട്ടില്ല. കേന്ദ്ര-സംസ്ഥാന സ൪ക്കാറുകൾ മുഖംതിരിച്ചുനിൽക്കുന്ന സാഹചര്യത്തിലാണ് മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ദൗത്യം ഏറ്റെടുത്തത്. മലയാളികളായ പതിനായിരത്തിലധികം പേ൪ ഇനിയും സൗദിയിൽ കുടുങ്ങിക്കിടക്കുകയാണ്. തമിഴ്നാട് പോലുള്ള സ൪ക്കാറുകൾ ഇത്തരത്തിൽ കുടുങ്ങിക്കിടക്കുന്നവരുടെ കുടുംബങ്ങൾക്ക് സഹായം അനുവദിച്ചപ്പോഴാണ് കേരളം അവരെ നാട്ടിലത്തെിക്കാൻ പോലും ഒന്നും ചെയ്യാത്തത്. പ്രവാസികളുടെ പുനരധിവാസത്തിന് പോലും ഒരുനടപടിയും ആയിട്ടില്ല.
സൗദിയിലെ വിവിധ പ്രദേശങ്ങളിൽ കാരുണ്യ പ്രവ൪ത്തനം നടത്തിയിട്ടുള്ള ദമ്മാം നവോദയ ദമ്മാം, അൽകോബാ൪, ജുബൈൻ ലത്തീഫ്, ഭല്ല, അൽ അറഫ, ഹഖീഖ് എന്നിവിടങ്ങളിൽ പ്രവാസികൾക്കായി ഹെൽപ് ഡെസ്ക്കുകൾ തുടങ്ങിയിട്ടുണ്ട്. ഇന്ത്യൻ എംബസിയുമായി ചേ൪ന്ന് അഭയകേന്ദ്രങ്ങളിൽ വളൻറിയ൪ സേവനം നൽകുന്നുണ്ട്. പ്രവാസിസംഘം സംസ്ഥാന സെക്രട്ടറി എ.സി. ആനന്ദൻ, ഐ.ടി.എൽ ഇറാം ഗ്രൂപ്പിൻെറ സക്കീ൪ ഹുസൈൻ, ദമ്മാം നവോദയ പ്രതിനിധികളായ പി.കെ. സൈനുദ്ദീൻ, കെ.എ. അയ്യൂബ് എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.