കൊച്ചി: ഗാ൪ഹികപീഡന കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്ത് കൊൽക്കത്തയിലേക്ക് കൊണ്ടുപോകാനുള്ള ബംഗാൾ പൊലീസിൻെറ നീക്കം കോടതി തടഞ്ഞു. കതൃക്കടവ് ഡി.ഡി പ്ളാറ്റിനത്തിൽ താമസിക്കുന്ന അരുൺ സോമൻ, അഞ്ജു ജിതിൻ എന്നിവരെ അറസ്റ്റ് ചെയ്ത് ട്രാൻസിസ്റ്റ് വാറൻറിനായി കോടതിയിൽ ഹാജരാക്കിയപ്പോഴാണ് എറണാകുളം സി.ജെ.എം കോടതി ഇടപെട്ടത്. അരുൺ വിവാഹംചെയ്ത ബംഗാളി യുവതി കൽക്കത്ത കോടതിയിൽ നൽകിയ പരാതിയിലാണ് ഇവരെ അറസ്റ്റുചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ 24 മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണമെന്ന വ്യവസ്ഥയുള്ളതിനാൽ, ബംഗാൾ പൊലീസ് ഇവരെ കൽക്കത്തയിലേക്ക് കൊണ്ടുപോകാതെ എറണാകുളം സി.ജെ.എം കോടതിയിൽ ഹാജരാക്കുകയായിരുന്നു. അരുൺ സോമനും ബംഗാളി യുവതിയും 2007 ഡിസംബ൪ 12നാണ് വിവാഹിതരായത്. കുറച്ചുനാൾ കഴിഞ്ഞപ്പോൾ യുവതി ബംഗാളിലേക്ക് മടങ്ങി. ഇതിന് ശേഷം വിവിധ ആരോപണങ്ങൾ ഉന്നയിച്ച് യുവതി എറണാകുളം നോ൪ത് പൊലീസിൽ പരാതി നൽകി. പരാതിയിൽ ഉന്നയിച്ച കാര്യങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കാണിച്ച്, നോ൪ത് പൊലീസ് കേസെടുക്കാൻ വിസമ്മതിക്കുകയായിരുന്നു. തുട൪ന്നാണ് ഇവ൪ ബംഗാൾ കോടതിയിൽ പരാതി നൽകിയത്. ഇതിൻെറ അടിസ്ഥാനത്തിലാണ് അരുണിനെ അറസ്റ്റുചെയ്യാൻ അവിടെനിന്ന് മൂന്ന് വാഹനങ്ങളിലായി പൊലീസ് എത്തിയത്. ടി.വി അടക്കമുള്ളവ പിടിച്ചെടുത്ത ബംഗാൾ പൊലീസിൻെറ നടപടിയെ കോടതി വിമ൪ശിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.