കണ്ണൂ൪: കെ.പി.എ.സിയെന്ന നാലക്ഷരത്തെ നാടകത്തിൻെറ പര്യായമാക്കിയതിൽ പ്രധാനം കെ. രാഘവൻ മാസ്റ്ററുടെയും ദേവരാജൻ മാസ്റ്റുടെയും സംഗീതമാണ്. പഴയ സംഗീത നാടകങ്ങളിലും ചവിട്ടു നാടകങ്ങളിലുമുണ്ടായിരുന്ന പാട്ടുകൾ രണ്ടു ദിവസം ആളുകൾ മൂളിനടക്കും. പിന്നീട് മറക്കും. എന്നാൽ, കെ.പി.എ.സി ജനകീയ നാടക പ്രസ്ഥാനമായി വളരുകയും അതിലെ ജനകീയ സംഗീതം കേരളത്തെ പിടിച്ചുകുലുക്കുകയും ചെയ്തപ്പോൾ അതിന് മലബാറിൻെറ നാടോടിശീലുകൾ കൊണ്ട് ഊ൪ജം പക൪ന്നത് രാഘവൻ മാസ്റ്ററായിരുന്നു.
1962നു ശേഷമാണ് രാഘവൻമാസ്റ്റ൪ കെ.പി.എ.സിയിലേക്ക് കടന്നുവരുന്നത്. കെ.പി.എ.സിക്ക് നിരന്തരം സംഭാവനചെയ്ത ഒ.എൻ.വിയും ദേവരാജൻ മാസ്റ്ററും തൽക്കാലം മാറിനിന്നപ്പോൾ കെ.പി.എ.സിയുടെ ഗാനങ്ങൾക്ക് ഊ൪ജവും വീര്യവും നഷ്ടപ്പെട്ടു. ഇത് വീണ്ടെടുത്തത് രാഘവൻ മാസ്റ്ററായിരുന്നു. അശ്വമേധത്തിലെ പാമ്പുകൾക്ക് മാളമുണ്ട്..., തലയ്ക്കുമീതെ ശൂന്യാകാശം...... തുടങ്ങി കാലാതിവ൪ത്തിയായ രണ്ടു പാട്ടുകൾ കോഴിക്കോട് ഇംപീരിയൽ ഹോട്ടലിൽ വെച്ച് രാഘവൻ മാസ്റ്റ൪ ഈണം നൽകുകയായിരുന്നു.അന്ന് ആകാശവാണിയിൽ സ൪ക്കാ൪ ഉദ്യോഗസ്ഥനായിരുന്ന രാഘവൻ മാസ്റ്റ൪ കമ്യൂണിസ്റ്റ് പാ൪ട്ടിയുടെ നാടക പ്രസ്ഥാനം ആയതുകൊണ്ട് സമ്മതിച്ചു. നാടകഗാനം എന്നാൽ കെ.പി.എ.സിയുടെ ഗാനം എന്ന തലത്തിലേക്ക് കെ.പി.എ.സിയെ ഉയ൪ത്തിക്കൊണ്ടുവരുന്നതിന് രാഘവൻ മാസ്റ്ററുടെ പങ്ക് വലുതായിരുന്നു. കമ്യൂണിസ്റ്റ് പാ൪ട്ടിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പ്രസ്ഥാനമായതുകൊണ്ടാണ് രാഘവൻ മാസ്റ്റ൪ തയാറായത്. ഈ രണ്ടുപാട്ടിലും ‘അശ്വമേധം’ പറയാനുദ്ദേശിച്ച ജീവിത ദൈന്യത വരച്ചുകാണിച്ചുവെന്നതാണ് രാഘവൻമാസ്റ്ററെ നാടകരംഗത്ത് നിലനി൪ത്തിയത്. തുട൪ന്ന് അശ്വമേധം മുതൽ കെ.പി.എ.സിയുടെ 20 നാടകങ്ങൾക്ക് രാഘവൻ മാസ്റ്റ൪ പാട്ടെഴുതി.
മൂലധനം, ഭരതക്ഷേത്രം, യന്ത്രം, മന്വന്തരം, വിഷസ൪പ്പത്തിന് വിളക്കുവെക്കരുത്, പാഞ്ചാലി, രജനി, മുക്കുവനും ഭൂതവും, സൂത്രധാരൻ, താളതരംഗം, താപനിലയം, ജീവപര്യന്തം, പെൻഡുലം, മനുഷ്യൻെറ മാനിഫെസ്റ്റോ, ഒളിവിലെ ഓ൪മകൾ തുടങ്ങിയ നാടകങ്ങൾക്ക് രാഘവൻ മാസ്റ്ററാണ് സംഗീതം നൽകിയത്. ഈ നാടകങ്ങൾക്കെല്ലാമായി 56 പാട്ടുകൾ മാഷ് എഴുതി.
മറ്റ് പ്രഫഷനൽ ട്രൂപ്പുകൾക്കും രാഘവൻ മാസ്റ്റ൪ സംഗീതം നൽകിയിട്ടുണ്ട്. ചാലക്കുടി സാരഥി തിയറ്റേഴ്സിൻെറ ഫസഹ്, കറുത്തസായിപ്പൻമാ൪, വടകര വരദയുടെ ശൂന്യപ൪വം, എന്നും പ്രിയപ്പെട്ട അമ്മ, കോഴിക്കോട് കലിംഗയുടെ പ്രതിരോധം തുടങ്ങിയ നാടകങ്ങളിലെ പാട്ടുകൾക്ക് സംഗീതം ചെയ്ത് നാടകത്തിൻെറ റിഹേഴ്സൽ ക്യാമ്പിലിരുന്ന് മൂഹൂ൪ത്തങ്ങൾ നേരിട്ടുകണ്ട് വികാരങ്ങൾക്കും ഗതിവേഗങ്ങൾക്കും അനുസരിച്ചാണ് മാഷ് പാട്ടെഴുതിയത്. അതുകൊണ്ട് നാടക മുഹൂ൪ത്തങ്ങൾക്ക് ഇഴചേ൪ന്ന പാട്ടുകൾ നാടകവേദിക്കും അനശ്വര ഗാനങ്ങൾ മലയാളിക്കും ലഭിച്ചു. ഏറ്റവും ഒടുവിലായി രാഘവൻ മാസ്റ്റ൪ ഈണം നൽകിയ പാട്ടുകളിൽ ഒന്നാണ് ‘ഒളിവിലെ ഓ൪മകളി’ലെ ‘കിളിച്ചുണ്ടൻ മാവിൻെറ..........’ എന്ന ഗാനം. ഇതിൻെറ സംഗീതം സംഗീത സങ്കൽപത്തിൻെറ ഉദാത്ത മാതൃകയായാണ് വാഴ്ത്തപ്പെട്ടത്. ജീവിതത്തിൻെറ ഏതുഘട്ടത്തിലും രാഘവൻ മാസ്റ്റ൪ നൽകിയ സംഗീതം നിത്യഹരിതമാണ് എന്നാണ് ഈ പാട്ടിൻെറ സ്വീകാര്യത തെളിയിച്ചത്. വളരെ ചെറുപ്പത്തിൽ തന്നെ രാഘവൻ മാസ്റ്റ൪ക്ക് നാടകവുമായി ബന്ധമുണ്ടായിരുന്നു. ഇളയച്ഛൻെറ കൂടെ നാടക ക്ളബുകളുടെ കൂടെ നടന്നായിരുന്നു തുടക്കം. എല്ലാം സംഗീത നാടകങ്ങളായിരുന്നു. തലശ്ശേരി ബ്രണ്ണൻ സ്കൂളിൽ ‘രുഗ്മിണീ സ്വയംവരം’ എന്ന നാടകത്തിൽ അഭിനയിച്ചു. കൃഷ്ണൻേറതാണ് വേഷം. ആലാപനവും രാഘവൻ മാസ്റ്റ൪ തന്നെ. വേഷവും ആലാപനവും നന്നായി ഒത്തുചേ൪ന്നു. രാഘവൻ മാസ്റ്റ൪ അങ്ങനെ നാടക നടനായി.
ഇത് പിന്നീട് പഠനം മുടങ്ങുന്നതിലേക്കത്തെി. തലശ്ശേരിയുടെ എല്ലാ മേഖലകളിലും നാടക സംഘങ്ങളുമായി യാത്ര. വെള്ളരി നാടകം, മുസ്ലിം വീടുകളിൽ കല്യാണ പാട്ട് തുടങ്ങി ജീവിതത്തിൻെറ എല്ലാ തുറകളെയും അടുത്തറിഞ്ഞു തുടങ്ങിയ സംഗീതയാത്ര എന്ന് രാഘവൻ മാസ്റ്റ൪ പറഞ്ഞിട്ടുണ്ട്. ചില്ലുമേടയിലിരുന്ന് കീ൪ത്തനങ്ങൾ പക൪ത്തിയ സംഗീതമല്ല രാഘവൻ മാസ്റ്ററുടേത്. ജനജീവിതവുമായി ജൈവ ബന്ധം പുല൪ത്തിയ നാടകത്തിൽ നിന്നാണതിന് തുടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.