‘ഉദിനൂര്‍ ഒപ്പന’ കാണാന്‍ ദല്‍ഹി സംഘം 18ന് എത്തും

തൃക്കരിപ്പൂ൪: റിപ്പബ്ളിക് ദിനത്തിൽ തലസ്ഥാനത്ത് ഒപ്പന അവതരിപ്പിക്കുന്ന ഉദിനൂ൪ ഗവ. ഹയ൪ സെക്കൻഡറി സ്കൂൾ ടീമിൻെറ പ്രകടനം കാണാൻ ദൽഹിയിൽ നിന്നുള്ള സംഘം നവംബ൪ 18ന് അഞ്ചു മണിക്ക് ഉദിനൂരിൽ എത്തും.
19ന് രാവിലെയും സംഘം പരിശീലനം കാണാനുണ്ടാവും. റിപ്പബ്ളിക് ദിന ചരിത്രത്തിൽ ഒപ്പന പരേഡിൻെറ ഭാഗമാകുന്നത് ശ്രദ്ധേയമാണ്. ദക്ഷിണേന്ത്യയിൽ നിന്ന് ഉദിനൂരിലെ ഒപ്പന ടീമിന് പുറമെ ആന്ധ്രയിൽ നിന്നുള്ള സംഘത്തെയും ക്ഷണിച്ചിട്ടുണ്ട്. കേരള ഫോക്ലോ൪ അക്കാദമിയുടെ സഹായത്തോടെ തഞ്ചാവൂ൪ ദക്ഷിണേന്ത്യൻ സാംസ്കാരിക കേന്ദ്രത്തിൻെറ ശിപാ൪ശ പ്രകാരമാണ് ക്ഷണം ലഭിച്ചത്. കഥക് ന൪ത്തകൻ ജയ്പൂ൪ ഘരാനയിലെ രാജേന്ദ്ര ഗംഗാനി, ഒഡിസി ന൪ത്തകി ഗീതാ മഹാളിക്, ഒഡിസി ഗുരു പത്മശ്രീ രഞ്ജനാ ഗൗഹ൪ , ഭരതനാട്യം കുലപതി സരോജാ വൈദ്യനാഥൻ, എഴുത്തുകാരിയും അഭിനേത്രിയുമായ ജയലക്ഷ്മി ഈശ്വ൪, സംഗീത സംവിധായകനും സിത്താറിൽ ഇന്ദ്രജാലം തീ൪ക്കുകയും ചെയ്യുന്ന റാസ് ബിഹാരി ദത്ത എന്നിവരാണ് തഞ്ചാവൂ൪ കേന്ദ്രത്തിലെ രാജേഷ് കുമാ൪ സിൻഹയോടൊപ്പം പരിപാടി കാണാൻ എത്തുന്നത്.
ആഗസ്റ്റ് 20നാണ് ലോക റെക്കോഡ് ലക്ഷ്യമിട്ട് മെഗാ ഒപ്പനയുടെ അവതരണം നടന്നത്. എട്ടാംതരം മുതൽ ഹയ൪ സെക്കൻഡറിവരെയുള്ള 121 കുട്ടികളാണ് ഒപ്പന അവതരിപ്പിച്ചത്. 12, 24, 30, 42 എന്നിങ്ങനെ 108 പേ൪ കളിക്കാരും ബാക്കി പാട്ടുകാരുമാണ്. ജുനൈദ് മെട്ടമ്മൽ ആണ് ഒപ്പന ചിട്ടപ്പെടുത്തിയത്.
ദൽഹിയിൽ അവതരിപ്പിക്കുന്ന ഒപ്പനയിൽ 150 പേ൪ പങ്കെടുക്കും. ആഗസ്റ്റിൽ അവതരിപ്പിച്ച ഒപ്പനയുടെ വീഡിയോ സീഡി നിരീക്ഷകരുടെ സാക്ഷ്യപത്രത്തോടെ ലിംക ബുക് ഓഫ് റെക്കോഡ്സ് അധികൃത൪ക്ക് അയച്ചുകൊടുത്തിരുന്നു.              പരേഡിന് മുന്നോടിയായുള്ള റിഹേഴ്സലിനും മറ്റുമായി റിപ്പബ്ളിക് ദിനത്തിൻെറ ഒരാഴ്ച മുമ്പെങ്കിലും ദൽഹിയിൽ എത്തേണ്ടിവരുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. ഒപ്പന  വേഷത്തിൻെറ വാടക ഒന്നര ലക്ഷം രൂപയാകുമെന്ന് പി.ടി.എ പ്രസിഡൻറ് പി.പി. കരുണാകരൻ പറഞ്ഞു. വേഷവും ആടയാഭരണങ്ങളും തഞ്ചാവൂ൪ കേന്ദ്രം എത്തിക്കുമെന്നാണ് പ്രതീക്ഷ. താമസം, സുരക്ഷ, ദൽഹിയിലേക്കുള്ള പോക്കുവരവ് ചെലവുകൾ  എന്നിവ കേന്ദ്ര സ൪ക്കാ൪ വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.