കോഴിക്കോട്: പരമ്പരാഗതവും ചെലവുകുറഞ്ഞതുമായ ഉൾനാടൻ ജലഗതാഗതം പുന$സ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് വേഗംവെക്കുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് സജീവമായിരുന്ന ജലപാതകൾ പുനരുദ്ധരിക്കാനുള്ള പ്രവൃത്തിയാണ് നടക്കുന്നത്. സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ പ്രവൃത്തി ഏറെ പുരോഗമിച്ചതായും വടക്കൻ ജില്ലകളിൽ ഊ൪ജിത നടപടികൾ നടന്നുവരുന്നതായും ജലസേചന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വി.ജെ. കുര്യൻ ‘മാധ്യമ’ത്തോട് പറഞ്ഞു. 590 കിലോമീറ്ററുള്ള ജലപാതയുടെ 348 കിലോമീറ്ററുള്ള നീലേശ്വരം- കോട്ടപ്പുറം ഭാഗത്താണ് പ്രവൃത്തികൾ ഏറെയും പുരോഗമിക്കുന്നത്. കൊല്ലം- കോട്ടപ്പുറം പാത പ്രവൃത്തി ഏകദേശം പൂ൪ത്തിയായി. വടകര-മാഹി പാതയിൽ അഞ്ചു ഘട്ടങ്ങളിലായി പണി നടന്നുവരുകയാണെന്ന് ഉൾനാടൻ ജലഗതാഗതം വടകര സബ്ഡിവിഷൻ അസി. എക്സിക്യൂട്ടിവ് എൻജിനീയ൪ എം.സി. ജാഫ൪ ശരീഫ് പറഞ്ഞു. അഞ്ച് ഘട്ടങ്ങളിലായി മൊത്തം 17.61 കിലോമീറ്ററിൽ 90 കോടി രൂപ ചെലവിലാണ് പ്രവൃത്തി നടക്കുന്നത്. വേലിയിറക്ക സമയത്ത് 2.15 മീറ്റ൪ വെള്ളം ഉണ്ടാവുന്ന തരത്തിൽ 32 മുതൽ 45 മീറ്റ൪ വീതിയിൽ ചളി നീക്കലും ആവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണഭിത്തി കെട്ടലുമാണ് പ്രവൃത്തി. 9.2 കിലോമീറ്ററുള്ള ബേപ്പൂ൪-കല്ലായിപ്പുഴയിൽ പ്രവൃത്തിക്ക് നടപടിയായതായി ജലസേചനവകുപ്പ് അസി. എക്സിക്യൂട്ടിവ് എൻജിനീയ൪ കെ.കെ. അബ്ദുറസാഖ് പറഞ്ഞു. രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന പ്രവൃത്തിയിൽ, ആദ്യത്തേത് മൂന്ന് കോടി രൂപ ചെലവിലും 1700 മീറ്ററിലുള്ള രണ്ടാം ഘട്ടത്തിൽ ഒമ്പതരക്കോടി ചെലവിലുമാണ് നവീകരിക്കാൻ അനുമതിയായത്. ഇതുസംബന്ധിച്ച് ക്ഷണിച്ച ടെൻഡ൪ നവംബ൪ 29ന് തുറക്കുമെന്നും എൻജിനീയ൪ പറഞ്ഞു. ഈ പ്രവൃത്തി പൂളക്കടവ് പാലം വരെയത്തെും. ശേഷിക്കുന്ന 5. 77 കിലോമീറ്ററിൽ പ്രവൃത്തിക്ക് അനുമതി കാത്തിരിക്കുകയാണ്. 33 കോടി പ്രതീക്ഷിക്കുന്ന പദ്ധതിക്കുവേണ്ടി മന്ത്രി ഡോ. എം.കെ. മുനീറിൻെറ മേൽനോട്ടത്തിൽ ശ്രമം നടന്നുവരുകയാണ്. സ൪ക്കാ൪ അധീനതയിലുള്ള ഭൂമി ഉപയോഗിച്ചും കൈയേറ്റങ്ങൾ ഒഴിപ്പിച്ചും അതിരുകൾ നി൪ണയിച്ചും 20-40 മീറ്റ൪ വീതിയിലാണ് നവീകരണം. 2009ൽ 1830 മീറ്ററിൽ പ്രവൃത്തി നടന്നിരുന്നെങ്കിലും തുട൪പ്രവൃത്തികൾ മുടങ്ങുകയായിരുന്നു. ബേപ്പൂ൪-കല്ലായി കനാൽ കൂടി പൂ൪ത്തിയാവുന്നതോടെ കോഴിക്കോട്ടെ പ്രധാന ജലഗതാഗത വഴി തുറക്കും. റിവ൪ മാനേജ്മെൻറ് ഫണ്ടിൽ 22 കിലോമീറ്റ൪ കല്ലായിപ്പുഴ നവീകരണത്തിനുള്ള തടസ്സം നീക്കാൻ ശ്രമം നടത്തിവരുകയാണെന്ന് ജലസേചനവകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയ൪ ജോസ് എബ്രഹാം പറഞ്ഞു. ഒരു വ൪ഷം മുമ്പ് ടെൻഡ൪ ചെയ്ത പ്രവൃത്തിക്ക് 4.10 കോടിയാണ് അനുവദിച്ചിരുന്നത്. എന്നാൽ, നടപടികൾ നീണ്ടുപോയതോടെ ടെൻഡ൪ തുക വ൪ധിപ്പിക്കാൻ കരാറുകാരൻ ആവശ്യപ്പെട്ടു. തുട൪ന്ന് 80 ലക്ഷം കൂടി അനുവദിച്ചു. എന്നാൽ, ഇതുസംബന്ധമായി റവന്യൂ വകുപ്പ് ഇറക്കിയ ഉത്തരവിൽ അധിക ടെൻഡ൪ തുകയായി 80 ലക്ഷം കാണിക്കാതെ മൊത്തം തുക 4.90 കോടിയായി രേഖപ്പെടുത്തിയതാണ് പ്രശ്നമായത്. ഇതോടെ പ്രവൃത്തിക്ക് പുതിയ ടെൻഡ൪ വിളിക്കേണ്ട സ്ഥിതിയായി. പ്രവൃത്തിസംബന്ധിച്ച് കൃത്യമായ ധാരണയില്ലാതെ റവന്യൂവകുപ്പിന് പറ്റിയ ഈ അബദ്ധം ചൂണ്ടിക്കാണിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ജലസേചന വകുപ്പ് അധികൃത൪ ഉടൻ നേരിൽ കാണും. കല്ലായിപ്പുഴയെ കോരപ്പുഴയുമായി ബന്ധിപ്പിക്കുന്ന 11.2 കിലോമീറ്റ൪ കനോലി കനാലിലെ 8.8 കിലോമീറ്റ൪ നവീകരണത്തിൻെറ ആദ്യപടിയായി അളവെടുപ്പ് ജോലികൾ അസി. എക്സിക്യൂട്ടിവ് എൻജിനീയ൪ അജയൻെറ നേതൃത്വത്തിൽ നടന്നുവരുകയാണ്. കനാലിലെ ശേഷിക്കുന്ന 2.4 കിലോമീറ്റ൪ പ്രവൃത്തിക്കും നടപടികൾ നടന്നുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.