കോഴിക്കോട്: ബന്ധുവിൻെറ ഭൂമി തട്ടിപ്പ് കേസിൽ തനിക്കെതിരായ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന മുൻമന്ത്രി എളമരം കരീമിൻെറ വാദം പൊളിയുന്നു. കേസിൽ പരാതിക്കാരായവരിൽ സി.പി.എം അംഗങ്ങളും അനുഭാവികളുമടക്കം നിരവധി പേരുണ്ടെന്നതാണ് അദ്ദേഹത്തിൻെറ വാദത്തിൻെറ മുനയൊടിക്കുന്നത്.
ക്വാറി, ക്രഷ൪ വ്യവസായ യൂനിറ്റുകൾ സ്ഥാപിക്കാൻ വൻതുക മുടക്കാമെന്ന് വാഗ്ദാനം ചെയ്ത് എളമരം കരീമിൻെറ ബന്ധു ചേവായൂ൪ ഹസ്തിനപുരിയിൽ താമസിക്കുന്ന താളത്തിൽ പൂളക്കമണ്ണിൽ ടി.പി. നൗഷാദ് (42) ഏക്ക൪ കണക്കിന് ഭൂമി തട്ടിയെന്ന് കഴിഞ്ഞ മാ൪ച്ച് 21ന് ‘മാധ്യമം’വാ൪ത്ത പ്രസിദ്ധീകരിച്ചിരുന്നു. തട്ടിപ്പിനിരയായി ഭൂമി നഷ്ടപ്പെട്ട നരിക്കുനി പാറന്നൂ൪ വിളിപ്പാവിൽ മൊയ്തീൻകുട്ടി ഹാജി, കുറുമ്പൊയിൽ കൂരിക്കടവ് കെ.പി. വേലായുധൻ നായ൪, ഭാര്യ മല്ലിക, ബന്ധുക്കളായ സി. രാജൻ, കെ.പി. ഗംഗാധരൻ നായ൪, മുക്കം ഓടമണ്ണിൽ ശിവരാജൻ, നെല്ലിക്കാപറമ്പ് മുക്കോൻതൊടികയിൽ എം.ടി. സുബൈ൪, ഭാര്യ റജീന എന്നിവ൪ നൽകിയ പരാതിയിൽ നൗഷാദിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. പരാതിക്കാരിലൊരാളായ സുബൈ൪ കോൺഗ്രസുകാരനും നിരവധി കേസുകളിൽ പ്രതിയുമായ ആളുമാണെന്നാണ് കരീമിൻെറ വാദം. കുറുമ്പൊയിൽ സ്വദേശി കെ.പി. വേലായുധൻ നായരും, മുക്കം സ്വദേശി ഒ. ശിവരാജനും സി.പി.എം അംഗങ്ങളാണ്. ഇവരുടെ ബന്ധുക്കളായ മറ്റു പരാതിക്കാരാകട്ടെ സി.പി.എം അനുഭാവികളുമാണ്. പാ൪ട്ടി ഏരിയ, ജില്ല കമ്മിറ്റി മുമ്പാകെ പരാതി നൽകിയിട്ടും ഫലമില്ലാതെവന്നപ്പോഴാണ് ഇവ൪ പൊലീസിൽ പരാതിനൽകിയത്. ഇരുപതിലധികമാളുകൾ തട്ടിപ്പിനിരയായിട്ടുണ്ടെങ്കിലും എട്ടുപേ൪ മാത്രമാണ് പൊലീസിൽ പരാതിപ്പെടാൻ തയാറായത്. അവശേഷിക്കുന്നവരിൽ വലിയൊരു വിഭാഗംസി.പി.എമ്മിൽനിന്ന് നീതികിട്ടുമെന്ന പ്രതീക്ഷയിൽ കഴിയുന്നവരാണ്.
നൗഷാദ് അകന്ന ബന്ധുവാണെന്നതൊഴിച്ചാൽ അയാളുമായി തനിക്ക് ബന്ധമൊന്നുമില്ളെന്ന കരീമിൻെറ വാദവും അടിസ്ഥാനരഹിതമാണെന്ന് തട്ടിപ്പിന് ഇരയായവ൪ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ എൽ.ഡി.എഫ് ഭരണകാലത്ത് വ്യവസായ മന്ത്രിയുടെ ഓഫിസും കോഴിക്കോട് കോവൂരിലെ വീടുമുൾപ്പെടെ അധികാരത്തിൻെറ ഇടനാഴിയിൽ നൗഷാദ് സജീവ സാന്നിധ്യമായിരുന്നുവെന്നാണ് ഇവരുടെ വാദം. നൗഷാദിനെ കണ്ണുമടച്ച് വിശ്വസിക്കാനിടയായത് ഇതുകൊണ്ടാണെന്നും പരാതിക്കാ൪ പറയുന്നു. തട്ടിപ്പ് വെളിപ്പെട്ടശേഷം നിരവധി തവണ എളമരം കരീമിനെ നേരിട്ട് സമീപിച്ച് പരാതി ബോധിപ്പിച്ചപ്പോഴും നൗഷാദിനെ തള്ളിപ്പറഞ്ഞിരുന്നില്ല. പ്രശ്നം നീട്ടിക്കൊണ്ടുപോകാനായിരുന്നു ശ്രമം. ഈ സാഹചര്യത്തിൽ കരീമിൻെറ പങ്കുകൂടി അന്വേഷണ വിധേയമാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഏപ്രിൽ 22ന് ആക്ഷൻ കമ്മിറ്റി വാ൪ത്താസമ്മേളനം നടത്തിയിരുന്നു. ഇതിന് അദ്ദേഹമയച്ച വക്കീൽ നോട്ടീസിന് തങ്ങൾ മറുപടി നൽകി. ഏഴുമാസമായിട്ടും തുട൪ നടപടിയൊന്നുമുണ്ടായില്ളെന്നും പരാതിക്കാരിലൊരാളായ വി.പി. മൊയ്തീൻകുട്ടി ഹാജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.