കോഴിക്കോട്: മീഡിയവൺ പ്രോഗ്രാം സ്റ്റുഡിയോ ഉദ്ഘാടനം കോഴിക്കോട് വെള്ളിപറമ്പിലെ മീഡിയവൺ ആസ്ഥാന മന്ദിരത്തിൽ പത്മശ്രീ എം.എ. യൂസുഫലി നി൪വഹിച്ചു. വികസനത്തിൽ ഊന്നിയുള്ള മാധ്യമധ൪മമാണ് കേരളത്തിന് ആവശ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വിവാദങ്ങളുടെ പിറകെ പോവുമ്പോൾ മാധ്യമധ൪മം പലപ്പോഴും വിസ്മരിക്കപ്പെടുകയാണ്. വിവാദത്തോടൊപ്പം വികസനവും മാധ്യമങ്ങൾ ഏറ്റെടുത്ത് സംസ്ഥാന പുരോഗതിയിൽ സഹായിക്കണം. വികസനത്തിൽ മാധ്യമങ്ങൾക്ക് ചെയ്യാവുന്ന ഒരുപാട് കാര്യങ്ങളുണ്ട്. ഭാവിതലമുറക്കുള്ള ജോലി നമ്മുടെ സംസ്ഥാനത്തു തന്നെ ഒരുക്കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങളിലെല്ലാം നാം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മിഡിലീസ്റ്റിൽനിന്ന് ഉടൻ ആരംഭിക്കുന്ന മീഡിയവൺ ചാനലിന് എല്ലാ സഹായങ്ങളുമുണ്ടാവുമെന്നും അദ്ദേഹം ഉറപ്പുനൽകി.
മാധ്യമം ബ്രോഡ് കാസ്റ്റിങ് ലിമിറ്റഡ് ചെയ൪മാൻ ടി.ആരിഫലി അധ്യക്ഷത വഹിച്ചു. മലയാളിയുടെ മാധ്യമസംസ്കാരത്തിൽ ഗൗരവമായ മാറ്റങ്ങൾ വരുത്താൻ മീഡിയവണിന് കുറഞ്ഞസമയം കൊണ്ട് സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയിലും വാ൪ത്തകളിലും വന്ന ഈ മാറ്റം മറ്റു ചാനലുകളെയും സ്വാധീനിച്ചിട്ടുണ്ട്. സ്വതന്ത്രമായ പ്രോഗ്രാം ചാനൽ ഉടനുണ്ടാവുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
പി.ടി.എ റഹീം എം.എൽ.എ, മുൻ എം.പി പി.വി. അബ്ദുൽ വഹാബ്, പത്മശ്രീ ഡോ. ആസാദ് മൂപ്പൻ, പ്രഫ. കെ.എ. സിദ്ദീഖ് ഹസൻ, പി.കെ. അഹമ്മദ് എന്നിവ൪ സംസാരിച്ചു. മീഡിയ വൺ മാനേജിങ് എഡിറ്റ൪ ഡോ. അബ്ദുസ്സലാം അഹ്മദ് സ്വാഗതവും മാധ്യമം- മീഡിയവൺ ഗ്രൂപ് എഡിറ്റ൪ ഒ. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.
മീഡിയവൺ ചാനലിൻെറ ജനപ്രിയ പരിപാടി ഞാൻ സ്ത്രീയുടെ രണ്ടാം ഭാഗത്തിൻെറ പ്രഖ്യാപനവും ഇതോടൊപ്പം നടന്നു. ചലച്ചിത്ര പിന്നണി ഗായിക സിത്താര, വിനോദ് കോവൂ൪ എന്നിവരുടെ കലാവിഷ്കാരവും നടന്നു.
വിശിഷ്ടാതിഥികൾക്ക് മീഡിയവൺ ഡയറക്ട൪മാരായ ഷാരുൺ ഷംസുദ്ദീൻ, വി.പി. അബൂബക്ക൪, വയലാ൪ ഗോപകുമാ൪, പി. മുജീബ്റഹ്മാൻ, സലാം മേലാറ്റൂ൪, ഡോ. യാസീൻ അശ്റഫ്, മാധ്യമം പബ്ളിഷ൪ ടി.കെ. ഫാറൂഖ് എന്നിവ൪ ഉപഹാരങ്ങൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.