തിരുവനന്തപുരം: തീരദേശ പരിപാലന നിയമം നടപ്പാക്കാൻ കലക്ട൪മാ൪ അധ്യക്ഷന്മാരായി രൂപവത്കരിച്ച ജില്ലാതല സമിതികളുടെ പ്രവ൪ത്തനങ്ങൾ സംബന്ധിച്ച മാ൪ഗനി൪ദേശം പുറപ്പെടുവിച്ചു. നിയന്ത്രണം നിലനിൽക്കുന്ന തീരദേശത്തെ പരിസ്ഥിതി ദു൪ബല പ്രദേശങ്ങൾ (ഇ.എസ്.എ) കണ്ടത്തൊനുള്ള ചുമതല ജില്ലാതല സമിതികൾക്കാണ്. 2011ലെ വിജ്ഞാപനമനുസരിച്ച് സോൺ ഒന്നിൽപെട്ട പ്രദേശങ്ങൾ ഇ.എസ്.എയാണ്. മറ്റു സോണുകളിലും പരിസ്ഥിതിപ്രാധാന്യമുള്ള പ്രദേശങ്ങൾ ഇ.എസ്.എ പട്ടികയിൽ ഉൾപ്പെടുന്നു.
പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഡോ. മാധവ് ഗാഡ്ഗിൽ, ഡോ. കസ്തൂരിരംഗൻ കമ്മിറ്റികൾ ഇ.എസ്.എകൾ നി൪ദേശിക്കുന്നതിന് മുമ്പുതന്നെ, 2011 ജനുവരി ആറിലെ തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപനപ്രകാരം തീരദേശത്ത് പരിസ്ഥിതിദു൪ബല പ്രദേശങ്ങൾ നിലവിൽ വന്നിരുന്നു.
കണ്ടൽക്കാടുകൾ, കണ്ടൽമേഖലകൾ, പവിഴപ്പുറ്റുകളും അവ ഉൾപ്പെട്ട പാറക്കൂട്ടങ്ങളും, മണൽക്കുന്നുകൾ, ദേശീയ ഉദ്യാനങ്ങൾ, സമുദ്രോദ്യാനങ്ങൾ, വന്യജീവ സങ്കേതങ്ങൾ, ഉപ്പുകളങ്ങളും പാടങ്ങളും, ആമകളുടെ കൂടൊരുക്കൽ കേന്ദ്രങ്ങൾ തുടങ്ങിയവ ഇ.എസ്.എയിൽ ഉൾപ്പെടുന്നു.
കോസ്റ്റൽ മാനേജ്മെൻറ് പ്ളാൻ കേന്ദ്രസ൪ക്കാറിന് സമ൪പ്പിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഭൗമശാസ്ത്ര പഠനകേന്ദ്രമാകും മാനേജ്മെൻറ് പ്ളാൻ തയാറാക്കുക.
1996ൽ തയാറാക്കിയ മാനേജ്മെൻറ് പ്ളാൻ കേന്ദ്രസ൪ക്കാ൪ അംഗീകരിച്ചിരുന്നെങ്കിലും അതിനുശേഷം വന്ന മാറ്റങ്ങൾകൂടി ഉൾപ്പെടുത്തിയാണ് പുതിയ പ്ളാൻ തയാറാക്കുന്നത്. അന്ന് വിട്ടുപോയ പ്രദേശങ്ങളും ഉൾപ്പെടുത്തും. നേരത്തെ ഗ്രാമപഞ്ചായത്തിലായിരുന്ന ചില പ്രദേശങ്ങൾ പിന്നീട് നഗരസഭകളുടെ ഭാഗമായി മാറിയിട്ടുണ്ട്. ഈ മാറ്റവും പുതിയ പ്ളാനിൽ ഉൾപ്പെടുത്തും.
കേരള തീരദേശ പരിപാലന അതോറിറ്റിയുടെ കീഴിൽ ജില്ലകളിൽ കലക്ട൪മാ൪ അധ്യക്ഷന്മാരായി സമിതികൾ രൂപവത്കരിച്ചിരുന്നെങ്കിലും ചുമതലകൾ സംബന്ധിച്ച മാ൪ഗരേഖ പുറത്തിറങ്ങിയത് ഇപ്പോഴാണ്.
തീരദേശ പരിപാലന നിയമം നടപ്പാക്കാൻ അതോറിറ്റികളെ സഹായിക്കേണ്ടത് ജില്ലാതല സമിതികളാണ്. പരാതികൾ പരിശോധിക്കേണ്ടതും നിയമവിരുദ്ധ പ്രവ൪ത്തനങ്ങൾ തടയേണ്ടതും ജില്ലാതല സമിതികളാണ്. കടൽത്തീരം, കണ്ടൽക്കാടുകൾ, ഇ.എസ്.എ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള അധികാരവും നൽകിയിട്ടുണ്ട്. ഇതിന് പൊലീസ് സഹായവും ആവശ്യപ്പെടാം. പ്രത്യക പരിഗണനയും സംരക്ഷണവും നൽകേണ്ട പ്രദേശങ്ങളുണ്ടെങ്കിൽ സംസ്ഥാന അതോറിറ്റിയെ അറിയിക്കാം.
ജില്ലാതല സമിതികളുടെ തീരുമാനത്തിനെതിരെ സംസ്ഥാന അതോറിറ്റിക്കാണ് അപ്പീൽ നൽകേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.