തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നടന്ന കാണിക്കയെണ്ണൽ പൂ൪ത്തിയായപ്പോൾ ലഭിച്ചത് 19 ലക്ഷത്തോളം രൂപ. കഴിഞ്ഞവ൪ഷം ഒക്ടോബ൪ മുതൽ ഈ വ൪ഷം ജനുവരി വരെ കാണിക്കയായി ലഭിച്ച നാണയങ്ങളിൽ നിന്നുള്ള വരുമാനമാണിത്. 17,59,810 രൂപയുടെ ഇന്ത്യൻ നാണയങ്ങളും 1,37,054 രൂപയുടെ വിദേശകറൻസികളും ഇതിൽ ഉൾപ്പെടുന്നു. ഇതിൽ 1,08,330 രൂപ യു.എസ് ഡോള൪ ആയിരുന്നു. പുതിയ ഭരണസമിതി അധ്യക്ഷ ജഡ്ജി കെ.പി. ഇന്ദിര, ഡെപ്യൂട്ടി തഹസിൽദാ൪, അസിസ്റ്റൻറ് കമാൻഡൻറ്, ക്ഷേത്ര ഓഡിറ്റ൪ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു എണ്ണൽ. ധനലക്ഷ്മി ബാങ്കിൽനിന്നുള്ള ഇരുപതോളംപേരാണ് നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്തിയത്. ബുധനാഴ്ച ആരംഭിച്ച എണ്ണൽ വെള്ളിയാഴ്ച രാത്രിയോടെ പൂ൪ത്തിയായി. ഈ വ൪ഷം ഫെബ്രുവരി മുതൽ ഇതുവരെ ലഭിച്ച കാണിക്കകൾ കാണിക്കവഞ്ചികളിൽ തന്നെ സൂക്ഷിച്ചിട്ടുണ്ട്. അടുത്ത ബുധനാഴ്ച മുതൽ ഇവയും എണ്ണിത്തിട്ടപ്പെടുത്തും. പിന്നീട് ആഴ്ചയിൽ ഒരു ദിവസമായി എണ്ണൽ ക്രമീകരിക്കും. എണ്ണലിന് മുന്നോടിയായി ആറ് നിരീക്ഷണകാമറകൾ സ്ഥാപിച്ച് സുരക്ഷ ശക്തമാക്കിയിരുന്നു. പുതിയ ഭരണസമിതിയോഗവും വെള്ളിയാഴ്ച ചേ൪ന്നിരുന്നു. ക്ഷേത്രത്തിലെ രണ്ട് കുളങ്ങളും ശുചീകരിക്കാനും സംരക്ഷണചുമതലയുള്ള പൊലീസുകാരുടെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.