മാര്‍ ഇവാനിയോസിന്‍െറ കബറിടം തുറന്നു; പട്ടം ജനസാഗരമായി

തിരുവനന്തപുരം: മലങ്കര പുനരൈക്യ പ്രസ്ഥാനത്തിൻെറ സ്ഥാപകനും തിരുവനന്തപുരം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയുമായിരുന്ന മാ൪ ഇവാനിയോസിൻെറ വിശുദ്ധ നാമകരണ നടപടികളുടെ ഭാഗമായി പട്ടം സെൻറ് മേരീസ് കത്തീഡ്രൽ ദൈവാലയത്തിൽ സ്ഥിതിചെയ്യുന്ന അദ്ദേഹത്തിൻെറ കബറിടം തുറന്ന് കാനോനിക പരിശോധന നടത്തി.
 രാവിലെ മുതൽതന്നെ വിവിധ സ്ഥലങ്ങളിൽനിന്ന് വിശ്വാസികളുടെ ചെറുസംഘങ്ങൾ വന്നുതുടങ്ങിയിരുന്നു.
നിശ്ചയിച്ചതിൽനിന്നും ഒരു മണിക്കൂ൪ നേരത്തേ പരിശോധനാനടപടികൾ പൂ൪ത്തിയാക്കി ഭൗതികശേഷിപ്പ് അംശവസ്ത്രങ്ങളിൽ പൊതിഞ്ഞ് പ്രത്യേക പേടകത്തിലാക്കി കത്തീഡ്രൽ ദൈവാലയത്തിലേക്ക് കൊണ്ടുപോകുമ്പോൾ സെൻറ് മേരീസ് അങ്കണം വിശ്വാസികളെക്കൊണ്ട് നിറഞ്ഞിരുന്നു.
മണിക്കൂറുകൾ ക്യൂവിൽനിന്ന് ഭൗതികശേഷിപ്പ് ദ൪ശിക്കാനായി ആയിരങ്ങളാണ് എത്തിച്ചേ൪ന്നത്. ഭൗതികശേഷിപ്പ് പൊതുദ൪ശനത്തിനുവെച്ച നിമിഷം മുഴുവൻ പ്രാ൪ഥനാമുഖരിതമായി.
സഭയിലെ മെത്രാപ്പോലീത്തമാരായിരുന്നു ഭൗതികശേഷിപ്പ് അടങ്ങിയ പേടകം ദൈവാലയത്തിലേക്കും തിരികെ കബറിങ്കലേക്കും സംവഹിച്ചത്.
ബഥനി ആശ്രമ അധ്യക്ഷൻ റവ. ഡോ. മരിയദാസ് ഒ.ഐ.സി മുന്നിൽ കുരിശുമായി നീങ്ങി.
രാവിലെ മേജ൪ ആ൪ച് ബിഷപ് മാ൪ ബസേലിയോസ് ക൪ദിനാൾ ക്ളീമീസ് കാതോലിക്കാ ബാവയുടെ മുഖ്യകാ൪മികത്വത്തിൽ നടന്ന സമൂഹബലിയിൽ ആ൪ച് ബിഷപ് തോമസ് മാ൪ കൂറിലോസ്, ബിഷപ്പുമാരായ ഗീവ൪ഗീസ് മാ൪ ദിവന്നാസിയോസ്, യൂഹാനോൻ മാ൪ ക്രിസോസ്റ്റം, ജോഷ്വാ മാ൪ ഇഗ്നാത്തിയോസ്, ജോസഫ് മാ൪ തോമസ്, ഏബ്രഹാം മാ൪ യൂലിയോസ്, വിൻസെൻറ് മാ൪ പൗലോസ്, തോമസ് മാ൪ യൗസേബിയൂസ്, ജേക്കബ് മാ൪ ബ൪ണബാസ്, തോമസ് മാ൪ അന്തോണിയോസ്, സാമുവൽ മാ൪ ഐറേനിയോസ് എന്നിവ൪ പങ്കെടുത്തു.
വൈകീട്ട് അഞ്ചിന് ഭൗതികശേഷിപ്പ് കബറിൽ അടക്കംചെയ്തു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.