സംസ്ഥാനത്ത് കാലവ൪ഷം വൻ നാശം വിതച്ചു. കോഴിക്കോട് 14 വീടുകൾ അടക്കം സംസ്ഥാനത്ത് അമ്പതിലേറെ വീടുകൾ തക൪ന്നു.
മഴമൂലം ഇടുക്കിയുടെ പല പ്രദേശങ്ങളും മണ്ണിടിച്ചിൽ ഭീതിയിലാണ്. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഒറ്റദിവസംകൊണ്ട് രണ്ടടി ഉയ൪ന്ന് 2318.92 അടിയിലത്തെി. അണക്കെട്ടുകളിലെല്ലാം നീരൊഴുക്ക് ശക്തിപ്പെട്ടതിനാൽ ജില്ലാ ഭരണകൂടം ജാഗ്രതാനി൪ദേശം നൽകി.
ഇടുക്കിയിലെ മിക്ക ഉൾനാടൻ റോഡുകളും അപകടാവസ്ഥയിലാണ്. വൻമരം കടപുഴകി രാജാക്കാട്-പൊന്മുടി റോഡിലും കൊച്ചി-മധുര ദേശീയപാതയിലും ഗതാഗതം തടസ്സപ്പെട്ടു. ചെറുതോണിയിൽ കരിമ്പൻ ചപ്പാത്ത് വെള്ളത്തിനടിയിലായി.
എറണാകുളം ജില്ലയിൽ 12 വീട് ഭാഗികമായി തക൪ന്നു. കൊച്ചിയിൽ ജനജീവിതത്തെ മഴ കാര്യമായി ബാധിച്ചു. മെട്രോ റെയിൽ നി൪മാണം നടക്കുന്ന പ്രധാന കേന്ദ്രങ്ങളിലെല്ലാം കനത്ത വെള്ളക്കെട്ട് തുടരുകയാണ്. മൂവാറ്റുപുഴ അടക്കമുള്ള കിഴക്കൻ മേഖലകളിൽ നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്. കോതമംഗലം, പറവൂ൪, മൂവാറ്റുപുഴ, ആലുവ തുടങ്ങിയ പ്രദേശങ്ങളിൽ കൃഷിനാശം സംഭവിച്ചു. താലൂക്ക് കേന്ദ്രങ്ങളിലടക്കം പ്രത്യേക കൺട്രോൾ റൂമുകൾ തുറന്നു.
ആലപ്പുഴയിൽ കടലാക്രമണത്തിൽ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ മീറ്ററുകളോളം കരഭൂമി കടലെടുത്തു. വട്ടച്ചാൽ, രാമഞ്ചേരി, പെരുമ്പള്ളി, നല്ലാണിക്കൽ, കള്ളിക്കാട് തുടങ്ങിയയിടങ്ങളിലും തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പാനൂ൪, പല്ലന പ്രദേശങ്ങളിലുമാണ് കടൽ സംഹാരതാണ്ഡവമാടുന്നത്.
കോട്ടയത്ത് വൈക്കം, നീണ്ടൂ൪, കല്ലറ, ആ൪പ്പൂക്കര, കുമരകം, തിരുവാ൪പ്പ്, അയ്മനം പ്രദേശങ്ങളിൽ വെള്ളം കയറി. മീനച്ചിൽ, മണിമല, പമ്പ നദികളിൽ വെള്ളം ഉയ൪ന്നു. പാലാ, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, വാഴൂ൪ തുടങ്ങിയ ഭാഗങ്ങളിൽ മരം കടപുഴകി നാശമുണ്ടായി.
പത്തനംതിട്ടയിൽ ശബരിഗിരി പദ്ധതിയുടെ ഡാമുകളിൽ നീരൊഴുക്ക് വ൪ധിച്ചു. ഒറ്റദിവസംകൊണ്ട് ഡാമുകളിലെ ജലനിരപ്പ് ആറടി ഉയ൪ന്നു. പത്തനംതിട്ടയുടെ കിഴക്കൻ മലയോര മേഖലകളിലുള്ളവ൪ ഉരുൾപൊട്ടൽ ഭീഷണിയിലാണ്. വടശ്ശേരിക്കര, കോഴഞ്ചേരി എന്നിവിടങ്ങളിൽ മരംവീണ് രണ്ട് വീട് തക൪ന്നു. പമ്പ, കക്കാട് നദീതീരങ്ങളിൽ താമസിക്കുന്നവ൪ ജാഗ്രത പാലിക്കണമെന്ന് കലക്ട൪ അറിയിച്ചു. പമ്പ, അച്ചൻകോവിൽ നദികളും നിറഞ്ഞൊഴുകുകയാണ്. കണ്ണൂ൪ ജില്ലയിൽ 10 വില്ളേജുകളിലായി 12 വീടുകൾക്ക് നാശം നേരിട്ടു. ഒരു വീട് പൂ൪ണമായി തക൪ന്നു. ജൂലൈ ആറുമുതൽ തുടരുന്ന മഴയിൽ ഇതിനകം രണ്ടു മരണങ്ങളുണ്ടായി. പേരാവൂരിലും ചെറുപുഴയിലും രണ്ടുപേരെ ഒഴുക്കിൽപെട്ട് കാണാതായി. മൂന്നാം ദിവസവും ഇവരെ കണ്ടത്തൊനായില്ല. ജില്ലയിൽ അഞ്ച് വീട് പൂ൪ണമായും 41 വീട് ഭാഗികമായും തക൪ന്നു. 20,55,325 രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു.
കണ്ണൂരിൽ പലഭാഗത്തും റോഡുകൾ തക൪ന്ന നിലയിലാണ്. കാസ൪കോട്ട് മഴയിലും കാറ്റിലും വീടുകളും കെട്ടിടങ്ങളും തക൪ന്ന് 10.05 ലക്ഷം രൂപയുടെ നാശമുണ്ടായി. 14 വില്ളേജുകളിലായി 95 കുടുംബങ്ങളെ കെടുതി ബാധിച്ചു. മൂന്ന് വീട് പൂ൪ണമായും 17 വീട് ഭാഗികമായും തക൪ന്നു. ചെമ്മനാട് ഗവ. സ്കൂൾ കെട്ടിടം തക൪ന്ന് രണ്ടുലക്ഷം രൂപയുടെയും വിവിധ സ്ഥലങ്ങളിൽ കിണറുകൾ തക൪ന്ന് 50,000 രൂപയുടെയും നഷ്ടമുണ്ടായി.
മലപ്പുറത്ത് 38 ലക്ഷത്തിൻെറ നഷ്ടമാണ് കണക്കാക്കുന്നത്. 15 വീട് പൂ൪ണമായും 40 വീട് ഭാഗികമായും തക൪ന്നു. നിരവധിയിടങ്ങളിൽ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. നഷ്ടക്കണക്കുകൾ ജില്ലാ ദുരന്തനിവാരണവിഭാഗത്തിന് ലഭിച്ചിട്ടില്ല. തീരദേശമേഖലയിലാണ് നാശം ഏറെയും. കടലാക്രമണത്തിൽ നിരവധി വീടുകൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. 43.53 മി.മീ. മഴയാണ് രണ്ടുദിവസമായി ജില്ലയിൽ ലഭിച്ചത്.കൊല്ലത്തിൻെറ കിഴക്കൻമേഖലയിലേതടക്കം താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. മഴക്കൊപ്പം കാറ്റ് വീശുന്നതിനാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് അധികൃത൪ മുന്നറിയിപ്പ് നൽകി. കഴിഞ്ഞദിവസം കൊല്ലം മുദാക്കരയിൽനിന്നുപോയ മത്സ്യബന്ധന വള്ളം ശക്തമായ തിരയിൽപെട്ട് മറിഞ്ഞിരുന്നു. അഞ്ച് തൊഴിലാളികളെയും രക്ഷപ്പെടുത്തിയെങ്കിലും സംഭവം തീരത്ത് ഭീതിവിതച്ചിട്ടുണ്ട്.
പാലക്കാട്ട് ചൊവ്വാഴ്ച അൽപം ശമനമായെങ്കിലും കെടുതികൾക്ക് കുറവില്ല. മഴയിലും കാറ്റിലും മരം കടപുഴകി വീടുകൾ തക൪ന്നു. മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങിയ മണ്ണാ൪ക്കാട്-അട്ടപ്പാടി ചുരത്തിൽ ഗതാഗതം പുന$സ്ഥാപിച്ചു. നെല്ലിയാമ്പതിയിൽ മഴയിലും മൂടൽമഞ്ഞിലും ഗതാഗതം തടസ്സപ്പെട്ടു. ഭാരതപ്പുഴ കരകവിഞ്ഞു. വെള്ളിയാങ്കല്ലിലെ 27 ഷട്ടറുകളിൽ 17 എണ്ണം തുറന്നുവിട്ടു. മലമ്പുഴ ഡാമിലെ ജലനിരപ്പ് 105.58 സെ.മീ ആയി.
കോഴിക്കോട്ട് ചൊവ്വാഴ്ച 9,44,600 രൂപയുടെ കൃഷി നാശമുണ്ടായി. 12 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. 120 പേരുടെ കൃഷി നശിച്ചു. 14 വീട് ഭാഗികമായി തക൪ന്നു. കോഴിക്കോട് താലൂക്കിൽ നാലും താമരശ്ശേരിയിൽ മൂന്നും കൊയിലാണ്ടിയിൽ ആറും വടകരയിൽ ഒരു വീടുമാണ് തക൪ന്നത്. 4,40,000 രൂപയുടെ നഷ്ടം കണക്കാക്കി.
വയനാട്ടിൽ മഴ തുടരുകയാണ്. പുഴകൾ മിക്കതും നിറഞ്ഞൊഴുകുന്നതിനാൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശങ്ങൾ ഏറെ. കോട്ടത്തറ പഞ്ചായത്തിലാണ് വെള്ളപ്പൊക്കം രൂക്ഷം. കോട്ടത്തറ, മേലെ മൈലാടി, കാരക്കുന്ന്, വെണ്ണിയോട്, പനമരം മാത്തൂ൪വയൽ തുടങ്ങി പല പ്രദേശങ്ങളിലും വെള്ളം കയറി ജനജീവിതം താറുമാറായി.
കഴിഞ്ഞ രണ്ടു ദിവസം കനത്ത മഴയാണ് വയനാട്ടിൽ രേഖപ്പെടുത്തിയത്. പൂക്കോട് 15 സെ.മീറ്ററും വൈത്തിരിയിൽ 10 സെ.മീറ്ററും മഴ ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.