ചേന്ദമംഗലൂ൪: ഓ൪മകളുടെ ചരൽക്കുന്നിലേക്ക്; സ്വന്തം വിദ്യാലയ മുറ്റത്തേക്ക് ഒരിക്കൽകൂടി പറന്നത്തെുകയാണ് അവ൪. വിദ്യാദാനത്തിൽ എന്നും ജ്വലിച്ചുനിൽക്കുന്ന ചേന്ദമംഗലൂ൪ ഹയ൪ സെക്കൻഡറി സ്കൂളിലെ പൂ൪വ വിദ്യാ൪ഥികൾ. 1964ലെ തുടക്കം മുതൽ 2013 വരെ 15,000ത്തോളം പേരാണ് കൗമാര വിദ്യാഭ്യാസം പൂ൪ത്തിയാക്കി ഈ സ്ഥാപനത്തിൽനിന്ന് പടിയിറങ്ങിയത്. ആഗസ്റ്റ് രണ്ടിന് രാവിലെ 10 മുതൽ അഞ്ചുവരെ വിദ്യാലയ മൈതാനിയിലൊരുക്കുന്ന പന്തലിൽ അവ൪ ഒത്തുചേരും; തങ്ങളുടെ ആദരണീയ ഗുരുനാഥരൊത്ത്. പ്രഫ. കൽപറ്റ നാരായണൻ സംഗമം ഉദ്ഘാടനം ചെയ്യും.
ഒരുകാലത്ത് ഇരുവഴിഞ്ഞിപ്പുഴയുടെ ഇരുകരകളിലുമുള്ള പ്രദേശത്തിൻെറ ഉപരിപഠനകേന്ദ്രമായിരുന്നു ഈ ഹൈസ്കൂൾ. നാഴികകൾക്കപ്പുറത്തുനിന്ന്, കടത്തുതോണി കടന്ന് വിദ്യാ൪ഥികൾ ഇവിടെയത്തെി. കേരളത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്നും ലക്ഷദ്വീപിൽനിന്നും വരെ അനേകം പേ൪ ഉപരിപഠനത്തിനത്തെുന്നു.
ഉപരിപഠനത്തിന് അഞ്ചു കി.മീറ്റ൪ അകലെയുള്ള മുക്കം ഹൈസ്കൂൾ മാത്രം ആശ്രയമായിരുന്ന കാലം. പരേതരായ കെ.സി.അബ്ദുല്ല മൗലവി, വി.ഉമ്മ൪ഹാജി, സി.കുഞ്ഞവറാൻഹാജി, കെ.പി. കുഞ്ഞഹമ്മദ്ഹാജി, സഗീ൪ മൗലവി, കെ.ടി. അഹമ്മദ്കുട്ടി എന്നിവരുടെ സാരഥ്യത്തിൽ ചേന്ദമംഗലൂ൪ എജുക്കേഷൻ കമ്മിറ്റിയുടെ പ്രവ൪ത്തനഫലമായി 1964ൽ കണക്ക്പറമ്പ്കുന്ന് പ്രകാശത്തിൻെറ പീഠഭൂമിയായി. ആദ്യ ബാച്ചിൽ 100 വിദ്യാ൪ഥികൾ. ചേന്ദമംഗലൂരിലെ വി.പി. അബ്ദുൽഹമീദ് ഹാജ൪പട്ടികയിലെ ആദ്യപേര്. എഴുത്തുകാരൻ ഡോ.എം.എൻ. കാരശ്ശേരി പ്രഥമ ബാച്ചിലെ വിദ്യാ൪ഥിയായിരുന്നു. സമൂഹത്തിൻെറ ഉന്നതശ്രേണിയിലത്തെിയവ൪ നൂറുകണക്കിന്. കണ്ണൂ൪ ഉളിയിൽ സ്വദേശി വി. മാഞ്ഞുമാസ്റ്റ൪ പ്രഥമ പ്രധാനാധ്യാപകൻ. ഗ്രാമത്തെയും വിദ്യാലയത്തെയും ഹൃദയത്തിൽ പ്രതിഷ്ഠിച്ച ഗുരുനാഥൻ. ഇക്കഴിഞ്ഞ ജനുവരിയിൽ സുവ൪ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനച്ചടങ്ങിൽ മാരകരോഗത്താൽ പരിക്ഷീണനായിരിക്കെ പങ്കെടുത്തതും തൻെറ ശിഷ്യഗണങ്ങളോട് സംസാരിക്കാൻ കഴിയാതെ കൈവീശി യാത്രചോദിച്ചതും ദിവസങ്ങൾക്കകം ഈ ലോകത്തോട് വിടപറഞ്ഞതും നൊമ്പരമുണ൪ത്തുന്ന ഓ൪മയാണ്.
തുട൪ന്നുവന്ന പ്രധാനാധ്യാപകൻ ടി.പി. മുഹമ്മദലി മാസ്റ്റ൪. മലപ്പുറം മോങ്ങം സ്വദേശിയായ ആ പണ്ഡിതനെ ഏറെ സമ്മ൪ദത്തിനൊടുവിലാണ് വിദ്യാലയത്തിന് ലഭിച്ചത്. ഇതിൻെറയെല്ലാം ഗുണങ്ങൾ സ്കൂളിനുണ്ടായി. 1967ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച് പുറത്തുവന്നതുതന്നെ അഭിമാനകരമായ വിജയം കൊയ്താണ്. 86.6 ശതമാനം. തുട൪ന്ന് അത് 100ൽ എത്തി.
താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഒന്നാമതും സംസ്ഥാനതലത്തിൽ ശ്രദ്ധേയ സാന്നിധ്യമായും തിളങ്ങിനിൽക്കുന്ന വിദ്യാലയത്തിൻെറ ആദ്യ ഹയ൪ സെക്കൻഡറി ബാച്ച് 2000ത്തിൽ പുറത്തിറങ്ങിയത് 93 ശതമാനം വിജയത്തോടെയാണ്. ഇപ്പോഴത് 98 ശതമാനമാണ്.
മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റ൪ ഒ.അബ്ദുറഹ്മാനാണ് മൂന്നു പതിറ്റാണ്ടായി സ്കൂളിൻെറ മാനേജ൪. കാര്യമായ സാമ്പത്തിക സ്രോതസ്സില്ലാത്ത ഇസ്ലാഹിയ അസോസിയേഷൻ മാനേജ്മെൻറിന് ഹൈസ്കൂൾ പുരോഗതിക്ക് കരുത്തായിനിന്നത് പഠിച്ചിറങ്ങിയ വിദ്യാ൪ഥികൾ തന്നെ. അധ്യാപകനിയമനത്തിന് ഭൂരിപക്ഷം മാനേജ്മെൻറുകളും അധാ൪മികമായി വൻ കോഴ വാങ്ങുമ്പോൾ ചേന്ദമംഗലൂ൪ ഹയ൪ സെക്കൻഡറി സ്കൂൾ അതിൽനിന്ന് വിട്ടുനിൽക്കാൻ തുടക്കത്തിലേ തീരുമാനിച്ചു. ഇന്നും തുടരുന്നു ഈ മഹിതമാതൃക. ഗ്രാമത്തിൻെറ ഖത്ത൪ കൂട്ടായ്മയായ ഖത്ത൪ ഇസ്ലാഹിയ അസോസിയേഷനും വിവിധ ബാച്ച് അസോസിയേഷനുകളും വ്യവസായ പ്രമുഖരും നിസ്തുലമായ സംഭാവനകൾ അ൪പ്പിച്ചിട്ടുണ്ട്.
സ്കൂളിനെ ഹൈടെക് വിദ്യാലയമാക്കി ഉയ൪ത്തുകയാണ് ലക്ഷ്യം. യൂനീക്നസ് വിത്ത് എക്സലൻസ് (അനന്യമായ മികവ്) എന്നതാണ് സുവ൪ണജൂബിലിയുടെ മുദ്രാവാക്യം. പ്രിൻസിപ്പൽ ഡോ. കൂട്ടിൽ മുഹമ്മദലിയും ഹെഡ്മാസ്റ്റ൪ യു.പി. മുഹമ്മദലിയും സ്ഥാപനത്തെ ആധുനികവത്കരിക്കാനുള്ള മാനേജ്മെൻറിൻെറയും നാട്ടുകാരുടെയും ശ്രമങ്ങൾക്ക് നേതൃത്വം നൽകിവരുന്നു. ശനിയാഴ്ച നടക്കുന്ന പൂ൪വ വിദ്യാ൪ഥി-അധ്യാപക സംഗമത്തിലേക്ക് എല്ലാവരെയും പ്രതീക്ഷിക്കുകയാണ് സംഘാടക൪.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.