പ്രതിയുമായി പൊലീസ് തെളിവെടുത്തു സിനിമാക്കഥയെ വെല്ലുന്ന കൊലപാതകം

പുൽപള്ളി: പാക്കം നരിവയൽ ആദിവാസി കോളനിയിലെ ബാലകൃഷ്ണൻെറ മകൾ അംബികയെ (20) കൊന്ന് വനത്തിൽ കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതിയെ അറസ്റ്റുചെയ്തതോടെ ചുരുളഴിയുന്നത് സിനിമാക്കഥയെ വെല്ലുന്ന കൊലപാതക ആസൂത്രണം. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ്, കോളനിക്ക് സമീപത്തുള്ള വനത്തിൽ കുഴിച്ചിട്ട നിലയിൽ അംബികയുടെ മൃതദേഹം കണ്ടത്തെിയത്. യുവതിയുമായി അടുപ്പത്തിലായിരുന്ന നരിവയൽ കുറുമ കോളനിയിലെ ശ്രീജിത്തിനെ (23)കഴിഞ്ഞ ദിവസം കണ്ണൂ൪ തവക്കര ബസ്സ്റ്റാൻഡിൽനിന്ന് പൊലീസ് പിടികൂടുകയായിരുന്നു. ഇയാളെ ബുധനാഴ്ച കോളനിയിലും സമീപപ്രദേശങ്ങളിലും തെളിവെടുപ്പിന് കൊണ്ടുവന്നു.  
വിവാഹിതയും മൂന്ന് വയസ്സുള്ള കുട്ടിയുടെ അമ്മയുമാണ് അംബിക. കൊല്ലപ്പെടുമ്പോൾ എട്ടു മാസം ഗ൪ഭിണിയായിരുന്നു. നാലുവ൪ഷം മുമ്പ് വിവാഹിതയായ അംബികയെ ഒരുവ൪ഷം കഴിഞ്ഞപ്പോൾ ഭ൪ത്താവ് ഉപേക്ഷിച്ചിരുന്നു. ഇതിനുശേഷമാണ് ശ്രീജിത്ത് അംബികയോട് അടുക്കുന്നത്. പിന്നീടാണ് ഗ൪ഭിണിയാകുന്നത്. ഏഴുമാസമായപ്പോൾ മാത്രമാണ് താൻ ഗ൪ഭിണിയാണെന്ന വിവരം ശ്രീജിത്തിനോട് പറയുന്നത്.
ആദിവാസി വിഭാഗത്തിൽ താരതമ്യേന ഉയ൪ന്ന വിഭാഗത്തിലുള്ള കുറുമ സമുദായക്കാരനാണ് ശ്രീജിത്ത്. കാട്ടുനായ്ക്ക വിഭാഗത്തിൽപെട്ടയാളാണ് അംബിക. ബി.സി.എ ബിരുദധാരിയാണ് ശ്രീജിത്ത്. ഇക്കാരണങ്ങളാൽ മാനഹാനി ഭയന്നും ഗ൪ഭിണിയാണെന്ന വിവരം നേരത്തേ പറയാത്തതിലുള്ള വൈരാഗ്യം മൂലവും എങ്ങനെയെങ്കിലും അംബികയെ വകവരുത്താൻ ശ്രീജിത്ത് പദ്ധതിയിട്ടു. പലതവണ പലയിടങ്ങളിലും യുവതിയുമായി കറങ്ങിയെങ്കിലും പദ്ധതി നടപ്പാക്കാനായില്ല. ഇതിനുശേഷം ആഗസ്റ്റ് മൂന്നിനാണ് അംബികയെ കാണാതാവുന്നത്. അന്ന് വൈകുന്നേരം ഇരുവരും കണ്ണൂ൪ പറശ്ശിനിക്കടവിൽ എത്തി. കൊല്ലാനുള്ള ഉദ്ദേശ്യത്തോടെ അവിടെ ലോഡ്ജിൽ മുറിയെടുത്തെങ്കിലും സാധിച്ചില്ല. ഇതോടെ ആഗസ്റ്റ് നാലിന് ശ്രീജിത്ത് ഒറ്റക്ക് വയനാട്ടിലേക്ക് തിരിച്ചത്തെി. താൻ വിളിച്ചതിനുശേഷം ഒറ്റക്ക് അംബികയോട് വയനാട്ടിലത്തൊനും നി൪ദേശിച്ചു. ശ്രീജിത്ത് വിളിച്ചതനുസരിച്ച് അംബിക ആഗസ്റ്റ് അഞ്ചിന് രാവിലെ മാനന്തവാടിയിലത്തെി. അവിടെവെച്ച് ശ്രീജിത്തിനെ കണ്ടുമുട്ടുകയും തിയറ്ററിൽ വൈകുന്നേരത്തെ സിനിമ കാണുകയും ചെയ്തു. അവസാനത്തെ പുൽപള്ളി ബസിൽ കയറി പാക്കത്തിറങ്ങി. ഏറെദൂരം നടന്ന് കൃഷിയിടത്തിലെ കാവൽപ്പുരയിൽ എത്തി. വന്യജീവി ശല്യം ഉള്ളതിനാൽ ഇന്ന് ഇവിടെ കിടന്ന് നാളെ വീട്ടിലേക്ക് പോകാമെന്ന് ശ്രീജിത്ത് അംബികയോട് പറയുകയും ലൈംഗികബന്ധം പുല൪ത്തുകയും ചെയ്തു. ഇതിന് ശേഷം ഉറങ്ങുകയായിരുന്ന അംബികയുടെ കാലിൽ നേരത്തേ കരുതിവെച്ച അലൂമിനിയം കമ്പി ചുറ്റി. അതിൻെറ അറ്റത്ത് പിടിപ്പിച്ചിരുന്ന കേബ്ളിൻെറ ഇൻസുലേഷൻ കളഞ്ഞ് കൊളുത്തുപോലെയാക്കി. അഗ്രം മുളയുടെ തോട്ടി ഉപയോഗിച്ച് കാവൽപ്പുരക്ക് മുന്നിലൂടെ പോകുന്ന ത്രീഫേസ് വൈദ്യുതി ലൈനിൽ കുരുക്കുകയായിരുന്നു.
മരണം ഉറപ്പാക്കിയ ശേഷം തൊട്ടടുത്ത വനത്തിൽ കുഴിയെടുത്ത് മൃതദേഹം ചുമന്ന് കൊണ്ടിട്ടശേഷം മൂടി. പിറ്റേദിവസം അതിരാവിലെ കൂസലില്ലാതെ പാക്കത്തത്തെി. ഇവിടെവെച്ച് അംബികയുടെ വീട്ടുകാ൪ കാര്യം തിരക്കി. കോഴിക്കോട് ഒരു സ്ഥാപനത്തിൽ അംബികയെ ജോലിക്ക് കയറ്റിയെന്ന് ശ്രീജിത്ത് മറുപടി പറഞ്ഞു. ഇതിന് ശേഷം 10ാം തീയതി വരെ നാട്ടിൽ കഴിഞ്ഞു. എട്ടിനാണ് വീട്ടുകാ൪ അംബികയെ കാണാനില്ളെന്ന് പറഞ്ഞ് പൊലീസിൽ പരാതി നൽകുന്നത്. അന്ന് ചോദ്യം ചെയ്യാനായി ശ്രീജിത്തിനെ പുൽപള്ളി പൊലീസ് വിളിപ്പിച്ചെങ്കിലും വിട്ടയച്ചു. ഇത് പൊലീസിനെതിരെ പ്രതിഷേധത്തിന് പിന്നീട് കാരണമായിരുന്നു.
അംബികയുമായി ശ്രീജിത്ത് പലയിടത്തും കറങ്ങുന്ന കാര്യം നാട്ടിൽ എല്ലാവ൪ക്കും അറിയുന്നതിനാൽ എല്ലാവരെയും കബളിപ്പിക്കുന്ന തരത്തിലായിരുന്നു പിന്നീടുള്ള ശ്രീജിത്തിൻെറ നീക്കങ്ങൾ. ഇതിനായി വേറെ ചില തന്ത്രങ്ങളും പയറ്റി. അംബികയുടെ സിംകാ൪ഡ് നേരത്തേ ഇയാൾ കൈക്കലാക്കിയിരുന്നു. കൊലപാതകത്തിന് ശേഷം ഇതുമായി ആഗസ്റ്റ് ഒമ്പതിന് ശ്രീജിത്ത് കോഴിക്കോട്ടത്തെി. സിംകാ൪ഡ് ഫോണിലിട്ട്, ബീച്ചിൽ വെച്ച് പരിചയപ്പെട്ട ഒരു സ്ത്രീയെക്കൊണ്ട് അംബിക എന്ന വ്യാജേന പുൽപള്ളി സ്റ്റേഷനിലേക്ക് ഫോൺ വിളിപ്പിച്ചിരുന്നു. താൻ അംബികയാണെന്നും, ഷാഫി എന്നയാളുടെ കൂടെ കോഴിക്കോട്ടുണ്ടെന്നും, കുറച്ചുദിവസം കഴിഞ്ഞേ തിരിച്ചുവരുകയുള്ളൂ എന്നുമായിരുന്നു ഫോണിലൂടെ പറയിപ്പിച്ചത്. ഈ കോൾ വരുന്നത് ശ്രീജിത്തിനെ പൊലീസ് ചോദ്യംചെയ്യുന്നതിനിടെയായിരുന്നു. ഇതിനാലാണ് പൊലീസ് ഇയാളെ പെട്ടെന്ന് വിട്ടയച്ചത്. കൂടാതെ അംബിക എഴുതുന്ന തരത്തിൽ ഒരു കത്തും അമ്മയുടെ പേരിൽ കോഴിക്കോട്ടുനിന്ന് പോസ്റ്റ് ചെയ്തു. താൻ കുറച്ചു ദിവസം കഴിഞ്ഞ് മടങ്ങിവരുമെന്നും കാണാതായതിൽ ശ്രീജിത്തിന് പങ്കില്ളെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. ആദിവാസി ശൈലിയിലുള്ളതായിരുന്നു ഈ കത്ത്.
എന്നാൽ, ഇതിനിടെ മൃതദേഹം കണ്ടത്തെിയ വിവരം അറിഞ്ഞതോടെ ശ്രീജിത്ത് മുങ്ങി. മൊബൈൽ ഫോൺ സിഗ്നൽ പിന്തുട൪ന്നാണ് പൊലീസ് കണ്ണൂരിൽനിന്ന് ഇയാളെ പിടികൂടുന്നത്. പുൽപള്ളി സി.ഐ കെ. വിനോദൻെറ നേതൃത്വത്തിൽ നടന്ന പഴുതടച്ച അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ വൈത്തിരി സബ് ജയിലിൽ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.