വൈദ്യുതി നിരക്ക് വര്‍ധന പിന്‍വലിച്ചില്ളെങ്കില്‍ ട്രൈബ്യൂണലിനെ സമീപിക്കുമെന്ന് വി.എസ്

തിരുവനന്തപുരം: ജനങ്ങളെ അത്യന്തം ദുരിതത്തിലാഴ്ത്തുന്ന വൈദ്യുതി നിരക്ക് വ൪ധന അടിയന്തരമായി പിൻവലിക്കണമെന്നും ഇല്ളെങ്കിൽ ഡൽഹിയിലെ അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ. ഇതുവരെ ഉണ്ടാകാത്ത തരത്തിൽ ഒറ്റയടിക്ക് 24 ശതമാനമാണ് വ൪ധന. പല സ്ളാബുകളിലും വ൪ധന ഇതിലേറെ വരും. തമിഴ്നാട്ടിലേതിനെക്കാൾ രണ്ടും മൂന്നും ഇരട്ടി നിരക്കാണ് ഇവിടെ ഈടാക്കുന്നത്. അവിടെ വൈദ്യുതി റഗുലേറ്ററി കമീഷൻ നി൪ദേശിച്ച നിരക്കിനെക്കാൾ യൂനിറ്റിന് ഒരു രൂപയിലേറെ കുറച്ചാണ് ഗാ൪ഹിക ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്നത്. അവിടെ രണ്ടു മാസം 100 യൂനിറ്റുവരെ ഉപയോഗിക്കുന്ന ഗാ൪ഹിക ഉപഭോക്താക്കൾക്ക് ഒരു യൂനിറ്റിന് 2.60 രൂപയാണ് റഗുലേറ്ററി അതോറിറ്റി നിശ്ചയിച്ചത്. എന്നാൽ, ഇതിൽ 1.60 രൂപ സ൪ക്കാ൪ സബ്സിഡിയായി നൽകി ജനങ്ങൾ അടയ്ക്കേണ്ട നിരക്ക് ഒരു രൂപയായി കുറച്ചു. അതായത് 100 യൂനിറ്റ്  വൈദ്യുതി ഉപയോഗത്തിന് തമിഴ്നാട്ടിൽ 100 രൂപ നൽകുമ്പോൾ കേരളത്തിൽ 300 രൂപയാണ്.
പെട്രോളിയം ഉൽപങ്ങളുടെയും നിത്യോപയോഗസാധനങ്ങളുടെയും വിലക്കയറ്റംമൂലം നട്ടംതിരിയുന്ന ജനങ്ങൾക്ക് കനത്ത ഇരുട്ടടിയാണ് വൈദ്യുതിനിരക്ക് വ൪ധന. ജനപക്ഷത്തുനിന്നുകൊണ്ട് ചിന്തിക്കണമെന്നും വൈദ്യുതി ചാ൪ജ് വ൪ധന ഒഴിവാക്കണമെന്നും  പ്രസ്താവനയിൽ വി.എസ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.