തിരുവനന്തപുരം: ഹയ൪സെക്കൻഡറി ഡയറക്ടറുടെ ശിപാ൪ശ മറികടന്ന് മന്ത്രിസഭാ ഉപസമിതി പുതിയ സ്കൂളും ബാച്ചും അനുവദിച്ചത് റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ സ൪ക്കാ൪ അപ്പീൽ നൽകിയേക്കും. ഇന്ന് ചേരുന്ന മന്ത്രിസഭായോഗം വിധി വിശദമായി ച൪ച്ചചെയ്ത് തുട൪നടപടികൾ തീരുമാനിക്കും. ഇന്നലെ വയനാട്ടിലായിരുന്ന മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തിയിരുന്നു. മുഖ്യമന്ത്രി അഡ്വക്കറ്റ് ജനറലുമായും ച൪ച്ചനടത്തിയിരുന്നു. അപ്പീൽ പോകാമെന്ന നിലപാടാണ് എ.ജിയും അറിയിച്ചിട്ടുള്ളത്. അ൪ഹതയുണ്ടായിട്ടും പരിഗണിക്കപ്പെട്ടില്ളെന്ന പരാതികൾ പ്രത്യേകമായി പരിശോധിക്കുമെന്നും മറ്റുള്ളവയിൽ സ൪ക്കാറിൻേറത് നയപരമായ തീരുമാനമാണെന്നും കോടതിയെ അറിയിക്കാനാണ് ഉദ്ദേശിക്കുന്നത്. മന്ത്രിസഭാ ഉപസമിതിക്കും കോടതി നോട്ടീസ് അയച്ച സാഹചര്യത്തിൽ ഇക്കാര്യവും ച൪ച്ചക്കുവരും.
അതേസമയം പുതുതായി അനുവദിച്ച പ്ളസ് വൺ സ്കൂളുകളിലും ബാച്ചുകളിലേക്കുമുള്ള പ്രവേശനടപടികൾ ഹയ൪സെക്കൻഡറി ഡയറക്ടറേറ്റ് താൽകാലികമായി നി൪ത്തി. ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. സ൪ക്കാ൪ പുതിയ ഉത്തരവ് പുറപ്പെടുവിക്കുന്ന മുറക്ക് പ്രവേശ ഷെഡ്യൂൾ പ്രസിദ്ധീകരിക്കുമെന്ന് ഹയ൪സെക്കൻഡറി ഡയറക്ട൪ അറിയിച്ചു. പുതിയ സ്കൂളുകളിലേക്കും ബാച്ചുകളിലേക്കുമുള്ള പ്രവേശനടപടികൾ ഇന്ന് ആരംഭിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. നേരത്തെ ഏകജാലകം വഴി നടത്തിയ പ്രവേശപ്രകാരം പ്ളസ് വൺ ക്ളാസുകൾ തുടങ്ങിയിട്ട് അനവധി ആഴ്ചകൾ കഴിഞ്ഞു.
വിധിയുടെ അടിസ്ഥാനത്തിൽ ഹയ൪സെക്കൻഡറി ഡയറക്ടറുടെ ശിപാ൪ശയുള്ള സ്കൂളുകളിലും ബാച്ചുകളിലും പ്രവേശനടപടികൾ തുടങ്ങാനാകും. എന്നാൽ ഇതിന് സ൪ക്കാറിൽ നിന്ന് വ്യക്തമായ നി൪ദേശം ലഭിക്കേണ്ടതുണ്ട്. ഹയ൪സെക്കൻഡറി ഡയറക്ടറുടെ ശിപാ൪ശയുള്ള സ്കൂളുകളും ബാച്ചുകളും ഇപ്പോൾ അനുവദിച്ച ലിസ്റ്റിൽ നിന്ന് വേ൪തിരിക്കേണ്ടിവരും. ഇന്നത്തെ മന്ത്രിസഭായോഗത്തിൽ ഇത് സമ൪പ്പിക്കാൻ തിരക്കിട്ട പരിശോധനകൾ നടക്കുന്നുണ്ട്. വിധിക്കെതിരെ അപ്പീൽ പോയാൽ അതിൽ തീരുമാനം വരുന്നതുവരെ എല്ലാ ബാച്ചിലേക്കും പ്രവേശം നീട്ടിവെക്കുമോ എന്നതിലും വ്യക്തത വരേണ്ടതുണ്ട്. വിധിയെ തുട൪ന്ന് നൂറോളം ബാച്ചുകളുടെ അംഗീകാരം നഷ്ടപ്പെടുമെന്നാണ് പ്രാഥമികമായി കണക്കുകൂട്ടുന്നത്. അതേസമയം ഹയ൪സെക്കൻഡറി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതി സ്കൂളുകൾ ശിപാ൪ശചെയ്തതിലും അപാകതയുണ്ടെന്ന് വ്യക്തമാക്കുന്ന പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോ൪ട്ടും പുറത്തുവന്നു. ഈ റിപ്പോ൪ട്ട് സ൪ക്കാറിന് നൽകിയെങ്കിലും തുട൪നടപടി എടുക്കാതെ തള്ളുകയായിരുന്നു.
സ൪ക്കാ൪ സ്കൂളുകൾക്ക് മുൻഗണനയെന്ന വ്യവസ്ഥ പാലിച്ചില്ല. എസ്.എസ്.എൽ.സിക്ക് വിജയിച്ച കുട്ടികളുടെ എണ്ണം പരിഗണിച്ചില്ല. അഞ്ച് കിലോമീറ്റ൪ ചുറ്റളവിൽ എത്ര പ്ളസ് ടു സീറ്റുകൾ ഉണ്ടെന്ന പരിശോധന ഉണ്ടായില്ല. മാനദണ്ഡങ്ങളും മുൻഗണയും പാലിക്കപ്പെട്ടില്ല തുടങ്ങി നിരവധി അപാകതകളാണ് പൊതുവിദ്യാഭ്യാസ സെക്രട്ടറി ചൂണ്ടിക്കാട്ടിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.