വി. മുരളീധരന്‍െറ തലശേരി പ്രസംഗം വിവാദത്തിലേക്ക്



കണ്ണൂ൪: ബി.ജെ.പി അഖിലേന്ത്യ ജനറൽ സെക്രട്ടറി മുൻ ആ൪.എസ്.എസ് വക്താവുമായ റാം മാധവിൻെറ സാന്നിധ്യത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് വി. മുരളീധരൻ തലശ്ശേരിയിൽ നടത്തിയ പ്രസംഗം വിവാദമായി. ‘കണ്ണൂരിൽ ഇന്നു പുലരുന്ന സമാധാനം സംഘ് പ്രവ൪ത്തകരുടെ ആത്മസംയമനത്തിൻെറ ഫലമാണെന്നും അത് വലിച്ചെറിയാൻ നി൪ബന്ധിക്കരുതെ’ന്നുമുള്ള പരാമ൪ശമാണ് വിവാദമായത്.
‘സംയമനം ഒരു ദൗ൪ബല്യമായി കാണരുത്. അത് ശീലിച്ച സംസ്കാരത്തിൻെറ ഭാഗമാണ്. അതെല്ലാം വലിച്ചെറിഞ്ഞ് നീതി നടപ്പാക്കാൻ ഒരുനിമിഷത്തെ നി൪ദേശം മതി’ -മുരളീധരൻ പറഞ്ഞു. മനോജ് വധത്തിൻെറ പശ്ചാത്തലത്തിൽ ബി.ജെ.പി വെള്ളിയാഴ്ച തലശ്ശേരിയിൽ സംഘടിപ്പിച്ച ജനശക്തി സംഗമത്തിലായിരുന്നു വിവാദ പ്രസംഗം.
സമാധാനത്തിന് നി൪ദേശം നൽകിയത് പാ൪ട്ടിയാണെന്ന് വ്യക്തമാക്കിയ മുരളീധരൻെറ പ്രസംഗത്തിൽ, സമാധാനം തക൪ക്കുന്നതും ഉന്നതങ്ങളിലെ നി൪ദേശത്തിൻെറ അടിസ്ഥാനത്തിലാണെന്ന് തെളിഞ്ഞതായി വാദിച്ച് സി.പി.എം രംഗത്തത്തെി.  സി.പി.എമ്മിനൊപ്പം ബി.ജെ.പിയും ആത്മസംയമനം പാലിക്കണമെന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അഭിപ്രായം മനോജ് വധക്കേസിൽ പ്രതിസ്ഥാനത്തുള്ള സി.പി.എമ്മിനൊപ്പം ബി.ജെ.പിക്കും പ്രഹരമായി. അതേസമയം, മുരളീധരൻെറ പ്രസംഗത്തിന് പൂ൪ണപിന്തുണയുമായി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് എം.ടി. രമേശ് രംഗത്തുവന്നു.  
കഴിഞ്ഞ നാല് വ൪ഷത്തിനിടെ നടന്ന ആറ് കൊലപാതകങ്ങൾക്ക് തങ്ങൾ ‘മറുപടി’ നൽകിയില്ളെന്നാണ് ‘അടിക്ക് തിരിച്ചടി സ്വാഭാവിക’മെന്ന നിലപാട് സ്വീകരിച്ചിരുന്ന എം.ടി. രമേശിൻെറ പാ൪ട്ടി അവകാശപ്പെടുന്നത്. ചടങ്ങ് ഉദ്ഘാടനം ചെയ്ത പി.കെ. കൃഷ്ണദാസ് ഇനി സി.പി.എം പ്രവ൪ത്തകരോട് ഏറ്റുമുട്ടലിനില്ളെന്ന് വ്യക്തമാക്കി. അതേസമയം, ജില്ലയിൽ സമാധാനം നിലനി൪ത്തുന്നത് തങ്ങളുടെ ഒൗദാര്യമാണെന്ന ധ്വനി പ്രസംഗത്തിലുണ്ടായിരുന്നു. വി. മുരളീധരൻെറ കതിരൂ൪ പ്രസംഗം ഉൾപ്പെടെ പല സന്ദ൪ഭങ്ങളിലായി ആ൪.എസ്.എസ്-ബി.ജെ.പി നേതാക്കൾ നടത്തിയ പ്രസംഗങ്ങളിലെല്ലാം സംയമനം നിലനി൪ത്തുന്നത് തങ്ങളാണെന്ന് വരുത്തിത്തീ൪ക്കുകയായിരുന്നു. ഘാതകരെയും ഗൂഢാലോചന നടത്തിയവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന ഉറപ്പ് അണികൾക്ക് നൽകിയതിനാലാണ് അവ൪ ആത്മസംയമനം പാലിക്കുന്നതെന്ന് ആ൪.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി ‘മാധ്യമ’ത്തോട് പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.