തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ പുതിയ രാഷ്ട്രീയ ധ്രുവീകരണം. കെ. കരുണാകരൻെറ കാലത്തുണ്ടായിരുന്ന ഐ ഗ്രൂപ്പിനെ അതേ പടി പുനരുജ്ജീവിപ്പിക്കാൻ തലസ്ഥാനത്ത് വെള്ളിയാഴ്ച ചേ൪ന്ന ഐ ഗ്രൂപ്പ് യോഗം തീരുമാനിച്ചു. യു.ഡി.എഫ് കൺവീന൪ പി.പി. തങ്കച്ചൻെറ അധ്യക്ഷതയിൽ ചേ൪ന്ന യോഗത്തിൽ ഇടക്കാലത്ത് ഭിന്നിച്ചുപോയ പഴയ ഐ ഗ്രൂപ്പിലെ വിവിധ വിഭാഗങ്ങളുടെ നേതാക്കൾ പങ്കെടുത്തു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല യോഗത്തിൽ സംബന്ധിച്ചു.
കെ. മുരളീധരൻ, പത്മജ വേണുഗോപാൽ, എം.ഐ. ഷാനവാസ്, കെ.സി. വേണുഗോപാൽ, കെ. സുധാകരൻ തുടങ്ങി സംസ്ഥാനത്ത് അറിയപ്പെടുന്ന പഴയ കരുണാകര വിഭാഗം നേതാക്കൾ ഒറ്റക്കെട്ടായി രമേശ് ചെന്നിത്തലയുടെ നേതൃത്വം അംഗീകരിച്ചു. പു൪ണ മനസ്സോടെയാണ് താൻ ഈ വികാരത്തിനൊപ്പം നിൽക്കുന്നതെന്ന് കെ. മുരളീധരൻ യോഗത്തിൽ പറഞ്ഞു. മുമ്പ് കെ. കരുണാകരനെ അംഗീകരിച്ചതു പോലെ ചെന്നിത്തലയെ അംഗീകരിക്കുന്നതായി യോഗത്തിൽ പങ്കെടുത്ത നേതാക്കൾ വ്യക്തമാക്കി.
കെ.ടി.ഡി.സി ചെയ൪മാൻ വിജയൻ തോമസിൻെറ വസതിയിൽ ചേ൪ന്ന യോഗത്തിൽ മന്ത്രിമാരായ എ.പി. അനിൽകുമാ൪, വി.എസ്. ശിവകുമാ൪ എന്നിവരെത്തി. മന്ത്രിമാരായ അടൂ൪ പ്രകാശ് ദൽഹിയിലും സി.എൻ. ബാലകൃഷ്ണൻ ഒൗദ്യോഗിക തിരക്കുകളിലും ആയതിനാൽ എത്തിയില്ല. കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.ഡി. സതീശനും ഐ ഗ്രൂപ്പിൻെറ ജനറൽ സെക്രട്ടറിമാരും സെക്രട്ടറിമാരും ഏഴ് ഡി.സി.സി. പ്രസിഡൻറുമാരും യോഗത്തിനെത്തി. എം.എൽ.എമാരെ യോഗത്തിലേക്ക് വിളിച്ചിരുന്നില്ല.
ഐ ഗ്രൂപ്പിൻെറ അക്കൗണ്ടിൽ ജനറൽ സെക്രട്ടറിയായ കെ.പി. അനിൽ കുമാറിനെ ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയതിനാൽ ക്ഷണിച്ചില്ല.
കോൺഗ്രസ് ബൂത്ത് തെരഞ്ഞെടുപ്പിൽ 70 ശതമാനത്തിലേറെ ഐ ഗ്രൂപ്പ് പിടിച്ചെടുത്തതായി യോഗം വിലയിരുത്തി. കോൺഗ്രസിൻെറ പാരമ്പര്യം വളച്ചൊടിക്കാനുള്ള നീക്കത്തെ പ്രതിരോധിക്കും. പഴയ ഐയുടെ ശക്തി വീണ്ടെടുത്ത് പാ൪ട്ടിയിൽ സ്വാധീനം ഉറപ്പിക്കുകയാണ് ലക്ഷ്യം.
ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് താഴെയിറക്കുകയോ സ൪ക്കാറിനെ അട്ടിമറിക്കുകയോ അല്ല ലക്ഷ്യമെന്ന് യോഗം വിലയിരുത്തി. കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരനു പിന്തുണ നൽകും. സുധീരൻെറ കേരളയാത്രയെ പാ൪ട്ടി ശക്തിപ്പെടുത്താനായി ഉപയോഗിക്കും.
വയലാ൪ രവിയെ അനുകൂലിച്ചിരുന്ന കോൺഗ്രസിലെ നാലാം ഗ്രൂപ്പും വൈകാതെ ഐ ഗ്രൂപ്പിൻെറ ഭാഗമാകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.