കൊച്ചി: ഇന്ത്യയുടെ അഭിമാനമായ ‘മംഗൾയാൻ’ ചൊവ്വയെ ഭ്രമണം ചെയ്യുമ്പോൾ രാജ്യത്തിൻെറ ബഹിരാകാശ ശാസ്ത്ര മേഖലക്ക് ഏറെ സംഭാവനകൾ നൽകിയ മികച്ച ശാസ്ത്രജ്ഞൻ നീതി തേടി കോടതിയിൽ അലയുകയാണെന്ന് ഹൈകോടതി. തന്നെ കള്ളക്കേസിൽ കുടുക്കിയ അന്വേഷണ ഉദ്യോഗസ്ഥ൪ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹരജി നൽകിയ ഐ.എസ്.ആ൪.ഒ ശാസ്ത്രജ്ഞൻ നമ്പി നാരായണന് അനുകൂലമായ വിധി പ്രസ്താവ്യത്തിലാണ് കോടതിയുടെ നിരീക്ഷണം.
പി.എസ്.എൽ.വി ഭ്രമണപഥത്തിലത്തെിക്കാൻ പ്രധാന പങ്കുവഹിച്ചയാളാണ് നമ്പി നാരായണനെന്ന കാര്യത്തിൽ ത൪ക്കമില്ല. ഐ.എസ്.ആ൪.ഒ ശാസ്ത്രജ്ഞരെ അവഹേളിക്കാനും അവരെ ക്രയോജനിക് യന്ത്രം രൂപകൽപന ചെയ്യുന്നതിൽനിന്ന് പിന്തിരിപ്പിക്കാനുമുള്ള ശ്രമത്തിൻെറ ഭാഗമായാണ് ചാരക്കേസ് കെട്ടിച്ചമച്ചതെന്നാണ് ഹരജിക്കാരൻെറ വാദം. കേസില്ലായിരുന്നെങ്കിൽ 14 വ൪ഷം മുമ്പേ ക്രയോജനിക് രംഗത്ത് നാം അമേരിക്കയെക്കാൾ വൻ ശക്തിയായി മാറിയേനെയെന്നും ഹരജിക്കാരൻ വാദിച്ചു.
എന്നാൽ, ഇതുസംബന്ധിച്ച് പ്രത്യേക അഭിപ്രായപ്രകടനം നടത്തുന്നില്ളെന്ന് കോടതി വ്യക്തമാക്കി. ശാസ്ത്രമേഖലക്ക് ഏറെ സംഭാവനകൾ ചെയ്ത നിരപരാധിയായ ശാസ്ത്രജ്ഞനെ ഭവനഭേദനം നടത്തി അറസ്റ്റ് ചെയ്തതുതന്നെ പീഡനമാണെന്നിരിക്കെ പീഡിപ്പിച്ചിട്ടില്ളെന്ന സ൪ക്കാറിൻെറ വാദത്തിൽ കഴമ്പില്ല. ഓഫിസിലോ വീട്ടിലോ തിരച്ചിൽപോലും നടത്താതെയും തെളിവുകളൊന്നും കണ്ടത്തൊതെയുമാണ് അറസ്റ്റുണ്ടായതെന്നത് ഹരജിക്കാരൻെറ വാദത്തെ ശക്തിപ്പെടുത്തുന്നതാണ്. അ൪ധരാത്രി പൊലീസ് ഭവനഭേദനവും അറസ്റ്റും നടത്തുന്നത് പതിവാകുകയും തങ്ങളുടെ സ്വാതന്ത്ര്യവും ജീവിതവും മൗലികാവകാശമാണെന്ന് പൗരൻ ഭരണകൂടത്തോട് പറയാൻ ധൈര്യം കാട്ടാതിരിക്കുകയും തങ്ങളുടെ ദയക്ക് വിധേയമാണ് ഇത്തരം അവകാശങ്ങളെന്ന ധാ൪ഷ്ട്യം ഭരണകൂടം കാട്ടുകയും ചെയ്താൽ തുല്യാവകാശവും സമത്വവുമുള്ള സമൂഹത്തിൻെറ മരണമണിയാകും മുഴങ്ങുകയെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഹൈകോടതിയും സുപ്രീംകോടതിയും ശരിവെച്ച അന്വേഷണം അവസാനിപ്പിക്കാൻ അനുമതി നൽകിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് തെറ്റാണെന്ന തരത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ സത്യവാങ്മൂലം നൽകിയതിനേയും കോടതി വിമ൪ശിച്ചു. നമ്പി നാരായണൻ ഉന്നയിച്ച കാര്യങ്ങളെല്ലാം ശരിവെക്കുന്ന തരത്തിലുള്ള വിധി പ്രസ്താവ്യമാണ് കോടതിയിൽനിന്നുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.