തിരുവനന്തപുരം: മാലിന്യമുക്ത സംസ്ഥാനം ലക്ഷ്യമിട്ട് സി.പി.എം ആഹ്വാനംചെയ്ത ‘ശുചിത്വകേരളം സുന്ദരകേരളം’ പദ്ധതിക്ക് കേരളപ്പിറവിദിനത്തിൽ തുടക്കമായി. ജഗതി മൈതാനത്ത് പാ൪ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ നേരിട്ടിറങ്ങി വൃത്തിയാക്കി പരിപാടി ഉദ്ഘാടനം ചെയ്തു.
പാ൪ട്ടി പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ മെഡിക്കൽ കോളജിലും കേന്ദ്ര കമ്മിറ്റി അംഗം ഡോ. തോമസ് ഐസക് ചാല എരുമക്കുഴിയിലും ശുചീകരണ പ്രവ൪ത്തനങ്ങൾക്ക് നേതൃത്വംനൽകി. ജഗതി, എരുമക്കുഴി, മെഡിക്കൽ കോളജ് എന്നിവിടങ്ങളിലെ ശുചീകരണ കേന്ദ്രങ്ങൾ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ സന്ദ൪ശിച്ചു.
രാവിലെ ഒമ്പതോടെയാണ് പാ൪ട്ടി പ്രവ൪ത്തക൪ക്കൊപ്പം ശുചീകരണ യജ്ഞം ആരംഭിച്ചത്. നാലര ഏക്കറോളം വരുന്ന ജഗതി മൈതാനത്തെ പത്ത് മേഖലകളായി തിരിച്ചായിരുന്നു ശുചീകരണം. ഹെഡ്ലോഡ് ആൻഡ് ജനറൽ വ൪ക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) പ്രവ൪ത്തക൪ രണ്ടു മേഖലകളുടെ ശുചീകരണം ഏറ്റെടുത്തു. ഇവരോടൊപ്പമായിരുന്നു പിണറായി വിജയൻ പങ്കെടുത്തത്. പാളയം ഏരിയാ കമ്മിറ്റിക്ക് കീഴിലെ എട്ട് ലോക്കൽ കമ്മിറ്റികളിലെ പ്രവ൪ത്തകരാണ് മറ്റ് മേഖലകളിൽ ശുചീകരണം നടത്തിയത്. പിണറായി ഉച്ചക്ക് 1.15വരെ ശുചീകരണത്തിന് നേതൃത്വം നൽകി.
വഞ്ചിയൂ൪ ഏരിയാ കമ്മിറ്റിക്ക് കീഴിലെ പാ൪ട്ടി പ്രവ൪ത്തകരാണ് മെഡിക്കൽ കോളജ് ആശുപത്രി പരിസരം വൃത്തിയാക്കാനിറങ്ങിയത്. മെഡിക്കൽ കോളജ് പഴയ ഒ.പി ബ്ളോക്കിന് മുന്നിലെ മാലിന്യക്കൂമ്പാരമാണ് ആദ്യം നീക്കംചെയ്തത്. ചാല എരുമക്കുഴിയിലെ മാലിന്യം കഴിഞ്ഞദിവസങ്ങളിൽ കോ൪പറേഷൻെറ നേതൃത്വത്തിൽ നീക്കംചെയ്തിരുന്നു. ഇവിടെ മണ്ണിട്ട് മൂടുന്ന പ്രവ൪ത്തനങ്ങളാണ് ഡോ. തോമസ് ഐസക്കിൻെറ നേതൃത്വത്തിൽ നടന്നത്. ചാല ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള പാ൪ട്ടി പ്രവ൪ത്തകരും സി.ഐ.ടിയു പ്രവ൪ത്തകരും എരുമക്കുഴി വൃത്തിയാക്കാൻ ഒപ്പം ചേ൪ന്നു.
ആറുമാസത്തിനുള്ളിൽ സമ്പൂ൪ണ ശുചിത്വജില്ലയായി തലസ്ഥാനത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വരുംദിവസങ്ങളിൽ ബ്രാഞ്ച് അടിസ്ഥാനത്തിൽ ശുചീകരണപ്രവ൪ത്തനങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.