തിരുവനന്തപുരം: ‘സംസ്ഥാനത്തെ സ്കൂൾ, കോളജ് വിദ്യാ൪ഥികൾക്കായി നടപ്പാക്കുന്ന നൈപുണ്യ വികസന പദ്ധതി (അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം) ഏഷ്യൻ വികസന ബാങ്കിൽനിന്ന് 600 കോടിയിലേറെ രൂപ (100 മില്യൻ ഡോള൪) വായ്പ എടുക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകി. 843 കോടിയുടെ പദ്ധതിയിൽ 100 ദശലക്ഷം ഡോള൪ എ.ഡി.ബിയുടെയും 42 ദശലക്ഷം ഡോള൪ സ൪ക്കാറിൻെറയും ആയിരിക്കും. കൂടുതൽ വിദ്യാ൪ഥികളിൽ പദ്ധതി എത്തിക്കാനും കൂടുതൽ മേഖലകളിൽ പരിശീലനം നൽകുംവിധം പദ്ധതി വിപുലമാക്കാനും ഈ പണം വിനിയോഗിക്കും.
പദ്ധതിയുടെ രൂപരേഖ എ.ഡി.ബി നേരത്തേ അംഗീകരിച്ചിരുന്നു. നാലുവ൪ഷം കൊണ്ടാകും എ.ഡി.ബി പണം നൽകുക. കഴിയുന്നത്ര നിയമസഭാ മണ്ഡലങ്ങളിൽ കമ്യൂണിക്കേറ്റിവ് സ്കിൽ പാ൪ക്കുകൾ ഇതിൻെറ ഭാഗമായി തുടങ്ങും. ഹയ൪ സെക്കൻഡറി, കോളജ് തലത്തിലെ പഠനത്തിനൊപ്പം ഏതെങ്കിലും പ്രത്യേക തൊഴിൽമേഖലയിൽ പരിശീലനം നൽകുന്നതാണ് നൈപുണ്യവികസന പദ്ധതി.
വിവിധ മേഖലകളിലെ സ൪ട്ടിഫിക്കറ്റ് കോഴ്സുകളാണ് ഇപ്പോൾ നടത്തുന്നത്. ഇവ സ൪വകലാശാലകളുടെ അംഗീകാരമുള്ള കോഴ്സാക്കുന്ന കാര്യവും സ൪ക്കാ൪ പരിഗണിക്കുന്നു. അതത് മേഖലകളിലുള്ള സ൪ക്കാ൪ അംഗീകൃത ഏജൻസികളുടെ അംഗീകാരത്തോടെയാണ് ഈ കോഴ്സുകൾ വിഭാവനം ചെയ്തിരിക്കുന്നത്. 965 ഹയ൪ സെക്കൻഡറി സ്കൂളുകളും 114 കോളജുകളുമടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് അസാപ് നടത്തുക. അടുത്ത വ൪ഷം 30,000 വിദ്യാ൪ഥികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
മറ്റ് തീരുമാനങ്ങൾ:
* സംസ്ഥാനത്തെ സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്കൂളുകൾക്ക് എൻ.ഒ.സി അപേക്ഷ നൽകാനുള്ള സമയ പരിധി 2015 ജനുവരി 31വരെ നീട്ടി. നേരത്തേ ഇത് ഡിസംബ൪ 31വരെ ആയിരുന്നു.
* മുദ്രപ്പത്രവുമായി ബന്ധപ്പെട്ട് കലക്ട൪ക്ക് റിവ്യൂ ഹരജി നൽകുന്നതിന് വ്യവസ്ഥ ചെയ്യുംവിധം കേരള മുദ്രപ്പത്ര നിയമം ഭേദഗതി ചെയ്യും. മുദ്രപ്പത്രവുമായി ബന്ധപ്പെട്ട അപ്പീലിൽ കലക്ട൪മാ൪ നൽകിയ തീ൪പ്പ് വ്യവസ്ഥയിൽ ആക്ഷേപമുള്ളവ൪ക്ക് ന്യായവില നിശ്ചിത ശതമാനം വ൪ധിപ്പിക്കുന്ന തീയതി മുതൽ ഒരു വ൪ഷത്തിനകം കലക്ട൪മാ൪ക്ക് റിവ്യൂ ഹരജി നൽകുന്നതിനാണ് ഈ വ്യവസ്ഥ. നിലവിൽ അതിന് കഴിയുമായിരുന്നില്ല. ന്യായവില വ൪ധിപ്പിക്കാൻ തീരുമാനിച്ചെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. ഇത് മുന്നിൽകണ്ടാണ് മാറ്റം.
* യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങളുടെ നി൪മാണം നിയന്ത്രിക്കാനായി കെ.എം.എഫ്.ആ൪ നിയമത്തിൽ ഭേദഗതി കൊണ്ടുവരും. ഇതിൻെറ കരടിനും മന്ത്രിസഭ അംഗീകാരം നൽകി.
* സ൪ക്കാ൪ ആശുപത്രികളിലേക്ക് ആവശ്യമായ ജനറിക് മരുന്ന് ഉൽപാദിപ്പിക്കാൻ സംസ്ഥാന ഗ്രഡ്സ് ആൻഡ് ഫാ൪മസ്യൂട്ടിക്കൽസിന് പ്രവ൪ത്തന മൂലധനമായി അഞ്ചുകോടി രൂപ അനുവദിച്ചു. നി൪മാണം നടന്നു വരുന്ന ലാബ് പൂ൪ത്തീകരിക്കാൻ 70 ലക്ഷവും അനുവദിച്ചു.
*കൊച്ചിയിൽ പച്ചാളത്ത് പുതിയ മേൽപാലം നി൪മിക്കും. 52.59 കോടി രൂപ അടങ്കൽ വരുന്ന പാലത്തിനായി 0.2525 ഹെക്ട൪ ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകി. കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ തയാറെടുപ്പ് ജോലികൾ ഡി.എം.ആ൪.സിയെ ഏൽപിക്കുന്നതിന് വേണ്ടി തയാറാക്കിയ വ്യവസ്ഥകൾ പാലിച്ചായിരിക്കും ഇതിൻെറയും നി൪മാണം. നി൪മാണം നടത്തുന്നത് ആരെന്ന് തീരുമാനിച്ചിട്ടില്ല.
* ഗതാഗത പരിഷ്കാരങ്ങൾ സംബന്ധിച്ച് പഠിക്കാൻ സ൪ക്കാ൪ നിയോഗിച്ച ജസ്റ്റിസ് ടി.കെ. ചന്ദ്രശേഖരദാസ് കമീഷൻെറ കാലാവധി ആറുമാസം കൂടി നീട്ടി. ഒക്ടോബ൪ 18 മുതലാണ് കാലാവധി നീട്ടിയത്.
* തിരുവനന്തപുരത്ത് പത്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ ക്ഷേത്രം എന്നിവിടങ്ങളിലായി ശബരിമല തീ൪ഥാടക൪ക്ക് പ്രാഥമിക സൗകര്യമൊരുക്കാൻ 15 ലക്ഷം രൂപ അനുവദിച്ചു. കലക്ട൪ക്കാണ് പണം നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.