വൈകല്യം തടസമായില്ല; കുഞ്ഞു ജീവന്‍ രക്ഷിച്ച് ഇഅ്ജാസ് നാടിന്‍െറ താരമായി

വടുതല (ആലപ്പുഴ): ബധിരതയും സംസാര വൈകല്യവും ഒരു കുഞ്ഞു ജീവൻ രക്ഷിക്കാൻ ഇഅ്ജാസിന് തടസമായില്ല. വടുതല അരൂക്കുറ്റി പഞ്ചായത്ത് 11ാം വാ൪ഡിലാണ് അവിശ്വസനീയമായ ധീരപ്രവ൪ത്തിയിലൂടെ രണ്ടാംക്ളാസുകാരൻ നാടിൻെറ താരമായത്. ഇഅ്ജാസിൻെറ കൃത്യമായ ഇടപെടലില്ലായിരുന്നെങ്കിൽ ഒരു മൂന്നു വയസുകാരൻ കുളത്തിൽ മുങ്ങിപ്പോകുമായിരുന്നു. വീടിനടുത്ത് കൂട്ടുകാ൪ കളികളിൽ ഏ൪പ്പെട്ടിരിക്കവേയാണ് ഫയാസ് എന്ന കുട്ടി കുളത്തിൽ വീണത്. ഇത്  ഇഅ്ജാസ് മാത്രമാണ് കണ്ടത്. ഉടൻ തനിക്കറിയാവുന്ന ഭാഷയിൽ  മറ്റ് കുട്ടികളെ കാര്യം ബോധ്യപ്പെടുത്താൻ പരമാവധി ശ്രമിച്ചെങ്കിലും വിഫലമാവുകയായിരുന്നു. കളിയുടെ ലഹരിയിൽ മറ്റ് കുട്ടികൾ ഇഅ്ജാസിന് വേണ്ടത്ര ശ്രദ്ധ കൊടുത്തുമില്ല.

കാര്യം പന്തിയല്ളെന്ന് ബോധ്യപ്പെട്ട അവൻ ആലോചിച്ചുനിൽക്കാതെ ഫയാസിൻെറ വീട്ടിലേക്ക് ഓടി. ആ നേരം അവിടെയുണ്ടായിരുന്ന ഫയാസിൻെറ പിതാവ് നിജാസിൻെറ കൈയിൽ പിടിച്ചുവലിച്ച് കുളത്തിനരികിലേക്ക് കൊണ്ടുവന്നു. ആദ്യമൊന്ന് അമ്പരന്ന നിജാസാകട്ടെ  മകൻ വെള്ളത്തിൽ മുങ്ങിപ്പോകുന്നത് കണ്ട് സ്തബ്ധനായി.  ഉടൻ  കുളത്തിൽ ചാടി കുട്ടിയെ രക്ഷിച്ചു. കുഞ്ഞ് രക്ഷപ്പെട്ടെങ്കിലും നിജാസിന് ഇപ്പോഴും അവിശ്വസനീയമാണ് സംഭവം. ഇഅ്ജാസ് ഇല്ലായിരുന്നെങ്കിൽ...! എന്നു മാത്രമേ നിജാസിന് പറയാൻ കഴിയുന്നുള്ളു. കാര്യമറിഞ്ഞ് എത്തുന്നവരെല്ലാം കുട്ടിയെ കെട്ടിപ്പിടിച്ചും മുത്തം നൽകിയും അഭിനന്ദിച്ചു. ഇപ്പോൾ നാടിൻെറ കണ്ണിലുണ്ണിയാണ് അവൻ. മറ്റത്തിൽഭാഗം ഗവ. എൽ.പി സ്കൂൾ രണ്ടാംക്ളാസ് വിദ്യാ൪ഥിയായ കുട്ടി  മുഹമ്മദ് റൗബീൽ-സഫിയ ദമ്പതികളുടെ മകനുമാണ്.

ഈ കൊച്ചുമിടുക്കന് കേഴ്വിശേഷി ലഭ്യമാക്കാനുള്ള പരിശ്രമത്തിലാണ് മാതാപിതാക്കൾ. ഇപ്പോൾ  ശ്രവണസഹായി ഉപയോഗിക്കുന്നുണ്ട്. കൂട്ടുകാരൻെറ ജീവൻ രക്ഷിക്കാൻ കാണിച്ച ധീരവും ബുദ്ധിപരവുമായ പ്രവൃത്തിയെ അഭിനന്ദിക്കാൻ നിരവധിപേരാണ് ഇവരുടെ വീട്ടിലത്തെുന്നത്.  സ്കൂൾ അസംബ്ളിയിൽ ഇഅ്ജാസിനെ അനുമോദിക്കുകയും ഉപഹാരം നൽകുകയും ചെയ്തു. പഞ്ചായത്ത് കമ്മിറ്റി ഇടപെട്ട്  ധീരതക്കുള്ള പുരസ്കാരം നൽകാനുള്ള ശ്രമങ്ങൾ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഒപ്പം പൂ൪ണ ശ്രവണശേഷി സാധ്യമാക്കുന്നതിന് ആവശ്യമായ  വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.