ചാലക്കുടി: അതിരപ്പിള്ളി വനമേഖലയുടെ ലാവണ്യം വിനോദസഞ്ചാരികൾക്ക് സൗകര്യപൂ൪വം ആസ്വദിക്കാൻ ടൂറിസം വകുപ്പിൻെറ ജംഗിൾ ബസ്. സ്വന്തം വാഹനത്തിലല്ലാതെ വരുന്ന വിനോദസഞ്ചാരികൾക്ക് ഉത്തരവാദപ്പെട്ട സേവനം നൽകാൻ ലക്ഷ്യമിട്ടുകൊണ്ടാണ് ടൂറിസം വകുപ്പ് പുതിയ സംവിധാനം ഏ൪പ്പെടുത്തുന്നത്. നിലവിലുള്ള അവസ്ഥയിൽ ടൂറിസ്റ്റുകൾക്ക് അതിരപ്പിള്ളി മേഖലയിൽ വിനോദയാത്ര പോകാൻ ചാലക്കുടിയിൽനിന്ന് സ്വകാര്യ ടാക്സികളെയോ റൂട്ട് ബസുകളെയോ ആശ്രയിക്കുകയേ ഗതിയുള്ളൂ. റൂട്ട് ബസുകളെ ആശ്രയിക്കുന്നവ൪ക്ക് എല്ലാ സ്ഥലങ്ങളും സൗകര്യത്തോടെ കാണാൻ പ്രയാസമാണ്. പുതിയ സംവിധാനം വരുന്നതോടെ ടൂറിസ്റ്റുകൾക്ക് പ്രകൃതിസൗന്ദര്യം നേരിട്ടാസ്വദിക്കാൻ ഒരുപാട് സൗകര്യങ്ങളായി. കൂടുതൽ സഞ്ചാരികളെ ഇവിടേക്ക് ആക൪ഷിക്കാൻ പുതിയ പദ്ധതിയിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൊവ്വാഴ്ച ജംഗിൾ ബസിൻെറ കന്നിയാത്ര ഇന്നസെൻറ് എം.പി ഫ്ളാഗ്ഓഫ് ചെയ്യും.
ജില്ലാ ടൂറിസം വകുപ്പിൻെറ നേതൃത്വത്തിലാണ് പുതിയ സംവിധാനം. 15 ലക്ഷം രൂപ ചെലവിൽ 26 പേ൪ക്ക് ഇരിക്കാവുന്ന എയ൪കണ്ടീഷൻ ബസാണ് കാനനയാത്രക്ക് ടൂറിസം വകുപ്പ് സജ്ജീകരിച്ചിട്ടുള്ളത്. അതിരപ്പിള്ളിയിൽ സഞ്ചാരികളുടെ പ്രവേശഫീസിനത്തിൽ പിരിഞ്ഞു കിട്ടിയ രൂപ സ്വരൂപിച്ചാണ് വാഹനം വാങ്ങിയിട്ടുള്ളത്. ചാലക്കുടി മുതൽ മലക്കപ്പാറ വരെയായിരിക്കും സഞ്ചാരം. തുമ്പൂ൪മുഴി, അതിരപ്പിള്ളി, ചാ൪പ്പ, പൊരിങ്ങൽകുത്ത്- ഷോളയാ൪ ഡാമുകൾ തുടങ്ങിയ പ്രാധാന കേന്ദ്രങ്ങൾ നേരിട്ട് കണ്ടാസ്വദിക്കാൻ സഞ്ചാരികൾക്കാകും. രാവിലെ 8.30ന് ചാലക്കുടിയിൽ നിന്നാരംഭിക്കുന്ന ജംഗിൾ ബസ് മലക്കപ്പാറ വരെയുള്ള പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദ൪ശിച്ച് രാത്രി ഒമ്പതിന് ചാലക്കുടിയിൽ തിരിച്ചത്തെും. 800 രൂപയാണ് ടിക്കറ്റ് നിരക്ക്. ഉച്ചഭക്ഷണവും രണ്ടുനേരം ചായയും ടിക്കറ്റിൽപെടും. ടൂറിസ്റ്റ് കേന്ദ്രങ്ങളെ സംബന്ധിച്ച വിവരങ്ങൾ സഞ്ചാരികൾക്ക് നൽകാൻ ഗൈഡിൻെറ സേവനവും ഉണ്ടാകും. മുൻകൂട്ടി സീറ്റ് റിസ൪വ് ചെയ്യാനും സൗകര്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0487 2320800, 0480 2769888 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.