ബീഫില്ലാത്ത ഒരു പെരുന്നാൾ ആലോചിക്കാനാവുമോ? ബീഫൊരുക്കുന്നവരുടെ പെരുന്നാളിനുമുണ്ട് പ്രത്യേകതൾ. കുട്ടികൾക്കുള്ള ഉടുപ്പ് തയ്ച്ചു കിട്ടിയിട്ടുണ്ടാവില്ല. ബിരിയാണിക്ക് വാങ്ങിയ സാധനങ്ങളിൽ ചിലതുവിട്ടുപോയിട്ടുണ്ടാകും. ഇറച്ചിയുടെ കാര്യത്തിൽ വേറെ കരുതൽ വേണം. അത് നല്ല ഇറച്ചിയാവുകയും വേണം. മുപ്പത് നോമ്പിനും ഇറച്ചിയും പത്തിരിയും വിളമ്പിയാലും പെരുന്നാളിെൻറ ഇറച്ചിക്ക് ഒരു കുറവും പാടില്ല. കൈയിൽ പൈസയുള്ളവരെല്ലാം റൊക്കം പണത്തിന് വാങ്ങിപ്പോയ ശേഷം ആൾക്കൂട്ടമൊഴിഞ്ഞിട്ട് ഒരു കിലോ ഇറച്ചി കടം ചോദിക്കാൻ കാത്തുനിൽക്കുന്ന ദുരിതപ്പെരുന്നാളുകൾ ഇപ്പോഴാണ് കേൾക്കാതായത്. ഇറച്ചി സമ്പന്ന വിഭവമായിരുന്ന ഒരു കാലം കടന്നുപോയി. എന്നാലും ഇറച്ചിയുടെ പെരുന്നാൾവർത്തമാനങ്ങളില്ലാത്ത ഒരു പെരുന്നാളും ഉണ്ടാകാറില്ല.
45 വർഷം മുമ്പ് 95 രൂപക്ക് നാട്ടിൽനിന്ന് ഒരു ഉരുവിനെ വാങ്ങി അറവുതുടങ്ങിയതാണ് കരുവാരക്കുണ്ട് കുട്ടത്തിയിലെ ചെറുമല മുഹമ്മദ് എന്ന നാണികാക്ക. 25ാം വയസ്സിൽ തുടങ്ങിയതാണ് ഈ കച്ചവടം. കഴിഞ്ഞ 45 വർഷത്തിനിടയിൽ കടന്നുപോയ പെരുന്നാളുകളും വിശേഷ ദിവസങ്ങളും നാണികാക്കയുടെ ചില ഒാർമകൾ ബാക്കിവെച്ചിട്ടുണ്ട്. പതിനായിരം രൂപകൊണ്ട് പൊള്ളാച്ചിയിൽ ചന്തക്ക് പോയി എട്ടു മൂരികളെ കൊണ്ടുവന്നത് മുപ്പതു വർഷം മുമ്പാണ്. കഴിഞ്ഞ ആഴ്ചയും എടക്കര ചന്തയിൽനിന്ന് നാലു ഉരുക്കളെ വാങ്ങി. വിലയെണ്ണിക്കൊടുത്തത് രണ്ടു ലക്ഷം രൂപ.
വെള്ളിയാഴ്ചയും ഞായറാഴ്ചയും രണ്ട് അറവുണ്ടാവും. ഇത്തവണ നോമ്പിന് എല്ലാദിവസവും രണ്ടു ഉരുക്കളെ വീതമാണ് അറുത്തത്. എന്നിട്ടും ചിലപ്പോൾ ആളുവന്ന് ഇറച്ചികിട്ടാതെ മടങ്ങിപ്പോവുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. അത്രയും ഡിമാൻറാണ് ബീഫിന് കിഴക്കനേറനാട്ടിൽ.
പോത്തും എരുമയും പശുവുമായി നാട്ടിൽ തന്നെ വേണ്ടുവോളം കന്നുകാലികളെ കിട്ടാനുണ്ടായിരുന്ന കാലത്ത് പോയി കണ്ട് വില പറയും. പിന്നെ അവയെ റോഡിലൂടെ തെളിച്ച് നാട്ടിലെത്തിക്കും. ഇടക്ക് വിശ്രമിച്ചും പിന്നെ നടന്നുമാണ് ഈ യാത്ര. അന്നൊക്കെ അപൂർവമായി മാത്രമേ പൊള്ളാച്ചിയിൽ പോവേണ്ടി വരാറുള്ളൂ. നാട്ടിൽ തന്നെ ഉരുക്കൾ ധാരാളം. പൊള്ളാച്ചി ചന്തയിൽ ഉരുക്കളെ തിരഞ്ഞ് പണം എണ്ണി നൽകിയാൽ തമിഴർ അവയെ നടത്തിച്ച് മൂന്നു ദിവസംകൊണ്ട് നാട്ടിലെത്തിക്കും. ബുധനാഴ്ച വൈകീട്ട് പോയാൽ വ്യാഴാഴ്ച ഉച്ചയോടെ ഉരുക്കളെ കണ്ടെത്താം. ഞായറാഴ്ച രാവിലെയാവുമ്പോഴേക്ക് അവയെ നടത്തിച്ച് വീട്ടുമുറ്റത്തെത്തിക്കും. ഇപ്പോൾ എടക്കരയിലും മഞ്ചേരിയിലും സാമാന്യം നല്ല ചന്തയായി.
പെരുന്നാളിനുള്ള ഉരുവിനെ കണ്ടെത്തി കൊണ്ടുവന്ന് ഒരു ദിവസം മുമ്പുതന്നെ ഇറച്ചിക്കടക്ക് സമീപം നാട്ടുകാർക്ക് കാണാനായി കെട്ടിയിടും. നാലാൾ കണ്ട് ചർച്ച ചെയ്ത് കണ്ണ് തട്ടിയാൽ അതാണ് കച്ചവടക്കാരന് പോരിശ. ഇനം കണ്ടാൽ ആളുകൾ മതിക്കുന്നതാവണം. വില സ്വൽപം ജാസ്തി നൽകിയാലും എവിടെ നിന്നായാലും ഇത്തരം എണ്ണത്തെ എത്തിക്കുന്നതിലാണ് അറവുകാർ ശ്രദ്ധിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ ആ രീതിയില്ലെന്ന് നാണികാക്ക പറയുന്നു. ഇറച്ചിവാങ്ങാൻ പണമില്ലാത്തവരും കുറവ്.
ഉച്ചയായിട്ടും ഇറച്ചി വിറ്റുപോയില്ലെങ്കിൽ തേക്കിലയിൽ പൊതിഞ്ഞ് കൊട്ടയിൽ ചുമന്നോ സൈക്കിളിലോ ആവശ്യക്കാരെ കണ്ടെത്തി വീട്ടിലെത്തിക്കുന്ന ഇറച്ചിക്കച്ചവടക്കാർഇപ്പോഴുണ്ടാവില്ല. ഇങ്ങനെ കൊടുക്കുമ്പോൾ അപ്പോൾ തന്നെ പൈസ ചോദിക്കാൻ പാടില്ലെന്നാണ് വെപ്പ്. ആഴ്ചയിൽ കൂലി വാങ്ങുന്ന സാധാരണക്കാർ പണം ഉള്ളപ്പോൾ തരും. 11 ഉരുക്കളെ തുടരെ അറുത്ത ഒരു പെരുന്നാൾ നാണികാക്ക ഒാർക്കുന്നു. അറവും ഇറച്ചിക്കച്ചവടവും ‘പരിഷ്കൃത’ തൊഴിലല്ലാത്തതിനാലാവാം അറവുപണിക്ക് ഇപ്പോൾ പുതുതായി ആളെ കിട്ടാനില്ല.
ബീഫിൽ രാഷ് ട്രീയം കലരുന്നതിന് മുമ്പേ തന്നെ അറവുപണിക്കാരുടെ ജീവിതവും വിശേഷദിവസങ്ങളും ഇടകലർന്ന ഒരു കാലഘട്ടം കടന്നുപോയിട്ടുണ്ട്. പെരുന്നാളിനുവേണ്ടിയാണ് അറവുകാരുടെ കാര്യമായ ഒരുക്കം. പ്ലാസ്റ്റിക് കവറുകൾ ഇല്ലാതിരുന്ന കാലത്ത് തേക്കില പറിച്ച് കെട്ടുകളായി വെക്കണം. പാള ചീന്തി കയറുണ്ടാക്കും. തേക്കിലെ കിട്ടിയില്ലേൽ പൊടുവണ്ണിയില. പെരുന്നാളിന് മാസം കാണുന്നത് കാത്തുള്ള ഇരിപ്പ് ചിലപ്പോൾ പാതിരാവരെ നീണ്ടെന്നും വരും. ആ കാത്തിരിപ്പിലും ഒരുക്കത്തിലും സ്വന്തം വീടുകളിൽ പെരുന്നാൾ ഒരുക്കം മങ്ങിപ്പോവാതെ നോക്കാൻ ഈ കച്ചവടക്കാർക്ക് കഴിയാറില്ല. തലേ നാൾ മുഴുവൻ ഉറക്കമൊഴിച്ച് രാവിലെ പള്ളിയിലേക്കുള്ള ഒാട്ടവും പാതിമയക്കത്തിലെ പെരുന്നാൾ ഖുതുബയും പഴയകാല അറവുപണിക്കാരുടെ ഒാർമയാണ്.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.