വിഷമഴയില്‍ കുതിര്‍ന്നില്ല ദേവികിരണിന്‍െറ സ്വരം

കണ്ണൂര്‍: അഞ്ചുവര്‍ഷമായി കലോത്സവവേദികളില്‍ ഓര്‍മിപ്പിച്ചിട്ടും അനിവാര്യമായ നഷ്ടപരിഹാരംപോലും അനുവദിക്കാതെ ഭരണകൂടം അവഗണിച്ച എന്‍ഡോസള്‍ഫാന്‍ ഇരക്ക് ഇത് മധുരപ്രതികാരം. എന്‍മകജെ പഞ്ചായത്തിലെ തോട്ടത്തില്‍ വിഷമഴയായി എത്തിയ കീടനാശിനി കാഴ്ചകളെ മൂടിയിട്ടും  കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ദേവികിരണ്‍ ഹൈസ്കൂള്‍ വിഭാഗം ശാസ്ത്രീയസംഗീതത്തില്‍ എ ഗ്രേഡോടെ  ഒന്നാംസ്ഥാനം നേടുമ്പോള്‍ അത് ചരിത്രത്തിന്‍െറ മാറ്റിയെഴുതലായി. പൊലീസ് ഓഡിറ്റോറിയത്തില്‍ നടന്ന ഹയര്‍ സെക്കന്‍ഡറി വിഭാഗം ശാസ്ത്രീയസംഗീത മത്സരം പ്ളസ് ടു വിദ്യാര്‍ഥിയായ ഈ മിടുക്കന്‍െറ അവസാനത്തെ സ്കൂള്‍ കലോത്സവമായിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി മാധ്യമങ്ങളിലൂടെ ദേവികിരണ്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ  നോവുകള്‍ ലോകത്തോട് പറയുന്നുണ്ട്.

നിയമപരമായി കിട്ടേണ്ട ഒരു സഹായവും തങ്ങള്‍ക്ക് കിട്ടുന്നില്ളെന്ന് എത്രയോ വര്‍ഷമായി ഈ ബാലന്‍ മാധ്യമപ്രവര്‍ത്തകരോട് തനിയാവര്‍ത്തനം നടത്തുന്നു. ശബ്ദം പതറിപ്പോയ സഹപാഠി ഹക്കീമായിരുന്നു കലോത്സവവേദിയില്‍ ദേവികിരണിന്‍െറ വെളിച്ചം. ഇവിടെനിന്ന് അവര്‍ പോകുന്നത് ഹക്കീമിന്‍െറ ചികിത്സക്കായി മംഗലാപുരം ആശുപത്രിയിലേക്കാണ്. തന്നോട് ഈ ലോകം കരുണ കാണിച്ചില്ളെങ്കിലും ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന്‍െറ  വൈകല്യമെങ്കിലും മാറണമെന്ന ആഗ്രഹമാണ് ദേവികിരണിന് ഇപ്പോഴുള്ളത്. കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ രണ്ടാംവര്‍ഷ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥികളാണിരുവരും.

ഏത്തടുക്ക സ്വദേശികളായ ഈശ്വര നായ്ക്കിന്‍െറയും  പുഷ്പലതയുടെയും മകന്‍ ദേവികിരണിന്‍െറയും അനുജന്‍ ജീവന്‍രാജിന്‍െറയും കാഴ്ചകളെ മൂടിയത് ഇവിടെ തളിച്ച എന്‍ഡോസള്‍ഫാനാണ്. ജീവന്‍രാജും കലോത്സവ മിമിക്രിവേദിയില്‍ ഇക്കുറിയുണ്ട്. മധൂരില്‍നിന്നുള്ള മുഹമ്മദ്-സൈനബ ദമ്പതികളുടെ മകനാണ് അബ്ദുല്‍ ഹക്കീം.

Tags:    
News Summary - endosulfan victim devakiran state school kalolsavam 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.