ഫാഷിസത്തിന്‍െറ പിന്‍വാതില്‍ പ്രവേശനം കലാകാരന്മാര്‍ തടയണം –പിണറായി

കണ്ണൂര്‍: ഫാഷിസം പിന്‍വാതില്‍വഴി കടന്നുവരുന്നതിനെ കലാകാരന്മാര്‍ തടയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 57ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തങ്ങള്‍ക്ക് ഹിതകരമല്ലാത്തത് ചെയ്യുന്ന കലാകാരന്മാര്‍ രാജ്യംവിടണമെന്നാണ് ഇവര്‍ പറയുന്നത്. യോജിക്കാത്ത പാട്ടുപാടാന്‍ അനുവദിക്കുന്നില്ല. അംഗീകരിക്കാനാവാത്ത ചിന്തകള്‍ പങ്കുവെക്കരുത്. ഇതെല്ലാം ജനാധിപത്യം നേരിടുന്ന വെല്ലുവിളികളാണ്. ദാഭോല്‍കര്‍, ഗോവിന്ദ് പന്‍സാരെ, കല്‍ബുര്‍ഗി എന്നിവര്‍ ആവിഷ്കാരത്തിന്‍െറ പേരില്‍ കൊല്ലപ്പെട്ടു. ചിത്രകാരന്‍ എം.എഫ്. ഹുസൈന് രാജ്യംവിടേണ്ടിവന്നു. ഗുലാം അലിക്ക് പാട്ടും പെരുമാള്‍ മുരുകന് എഴുത്തും നിര്‍ത്തേണ്ടിവന്നു. കമല്‍ ഉള്‍പ്പെടെയുള്ള കലാകാരന്മാര്‍ ഭീഷണി നേരിടുന്നു. എം.ടി വാസുദേവന്‍ നായരും ഇത്തരം ഭീഷണിയുടെ ഇരയാണ് -മുഖ്യമന്ത്രി പറഞ്ഞു.
സമഗ്രമായ വിദ്യാഭ്യാസ കാഴ്ചപ്പാടിന്‍െറ ഭാഗമായി കലയും സാഹിത്യവും ഉള്‍പ്പെടെ കരിക്കുലം ചിട്ടപ്പെടുത്തുന്നുണ്ട്. പണക്കൊഴുപ്പിന്‍െറ മേളകളാകുന്നുവെന്ന പരാതി പരിഹരിക്കാനാണ് ഗ്രേഡിങ് സമ്പ്രദായം ഏര്‍പ്പെടുത്തിയത്. തിലകവും പട്ടവും ഒഴിവാക്കിയതും ഇത്തരം പ്രവണത ഒഴിവാക്കാനാണ്.  മാന്വല്‍ പരിഷ്കരണവും അതിന്‍െറ ഭാഗമായാണ്. ഇനിയും പരിഷ്കരണം വേണ്ടിവരും. ഇതെല്ലാമായിട്ടും ഇപ്പോഴും ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.
വിവാദങ്ങളും പരാതികളും ഒഴിവാക്കണം. സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുകയെന്ന ധര്‍മമാണ് കല നിര്‍വഹിക്കുന്നതെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - pinarayi on kalolsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.