നിലമ്പൂർ: അതിതീവ്ര മഴയെ തുടർന്ന് നാടുകാണി ചുരം മേഖലയിൽ റോഡിലേക്ക് വീണ മരങ്ങളും മണ്ണും കല്ലും പൊതുമരാമത്ത് നിരത്ത് വിഭാഗം പൂർണമായും നീക്കി. ബുധനാഴ്ച രാത്രിയിലെ കനത്ത മഴയിലാണ് ചുരം മേഖലയിൽ മണ്ണിടിഞ്ഞും മരങ്ങൾ കടപുഴകിയും ഗതാഗതം മുടങ്ങിയത്. രാത്രി മൂന്ന് മണിക്കൂറിലധികം യാത്രക്കാർ ചുരം റോഡിൽ കുടുങ്ങി. സന്നദ്ധസംഘടനകളും പൊലീസും, വനം വകുപ്പും, ഫയർഫോഴ്സും നാട്ടുകാരും യാത്രക്കാരും ചേർന്ന് രാത്രി 10.30ഓടെ തടസ്സങ്ങൾ ഭാഗികമായി നീക്കി. ചുരത്തിൽ കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി. രാത്രി 7.30ന് അടച്ച ചുരം റോഡിലൂടെയുള്ള ഗതാഗതം 10.50ന് നിയന്ത്രണത്തോടെ തുറന്നു. ഒന്നാം വളവ് മുതൽ ഓടപ്പാലം വരെയുള്ള പതിനാലിടങ്ങളിൽ ചെറിയ തോതിൽ മണ്ണിടിച്ചിലുണ്ടായി. ഇവിടങ്ങളിൽ ചെറുതും വലുതുമായ മരങ്ങളും കല്ലുകളും റോഡിലേക്ക് വീണിരുന്നു. അത്തിക്കുറുക്ക്, ചട്ടിപ്പാറ, തകരപ്പാടി, ഓടപ്പാലം, ആശാരിപ്പാറ, ചട്ടിപ്പാറ കൂപ്പ്റോഡ്, അമ്പലമുക്ക്, തേൻപാറ, ഒന്നാം വളവിന് താഴെ എന്നിവിടങ്ങളിലാണ് മണ്ണും മരങ്ങളും വീണത്. അമ്പലമുക്കിലും ഒന്നാം വളവിന് സമീപവും റോഡിലേക്ക് വീണ കൂറ്റൻമരങ്ങളാണ് ഗതാഗതതടസ്സം ഉണ്ടാക്കിയത്. ഇവയെല്ലാം കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ജെ.സി.ബിയുടെ സഹായത്തോടെ പൊതുമരാമത്ത് നീക്കം ചെയ്തു. ചുരം റോഡ് പൂർണമായും യാത്രായോഗ്യമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.