വാഷിങ്ടൺ: പിഎച്ച്.ഡി അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, യു.എസിൽ ഇന്ത്യൻ വംശജനായ വിദ്യാർഥി ജീവനൊടുക്കി. പർഡ്യൂ യൂനിവേഴ്സിറ്റിയിലെ വിദ്യാർഥിയായ സമീർ കാമത്തിനെയാണ്(23) ഫെബ്രുവരി അഞ്ചിന് മരിച്ചനിലയിൽ കണ്ടെത്തിയത്. സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നുവെന്നാണ് അധികൃതർ പറയുന്നത്. തലക്ക് വെടിയേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുമുണ്ട്. സമീറിന് യു.എസ് പൗരത്വമുണ്ട്.
യൂനിവേഴ്സിറ്റിയിലെ മെക്കാനിക്കൽ എൻജിനീയറിങ് പിഎച്ച്.ഡി വിദ്യാർഥിയായിരുന്നു കാമത്ത്. 2021ലാണ് കാമത്ത് മസാചുസെറ്റ്സ് അംഹെസ്റ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം പൂർത്തിയാക്കിയത്. അതിനു ശേഷം പിഎച്ച്.ഡിക്കായി പർഡ്യൂവിലെത്തി. 2025ലാണ് പിഎച്ച്.ഡി പൂർത്തിയാവുക.
യു.എസിൽ ഇന്ത്യൻ വംശജരായ വിദ്യാർഥികൾ മരിക്കുന്നത് സമീപകാലത്ത് വർധിച്ചിരുന്നു. കഴിഞ്ഞ മാസം പർഡ്യൂ യൂനിവേഴ്സിറ്റിയിലെ നീൽ ആചാര്യയെ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ആചാര്യക്കും യു.എസ് പൗരത്വമുണ്ട്. കുട്ടിയുടെ മരണകാരണം വ്യക്തമായിട്ടില്ല. അതിനു മുമ്പ് 25വയസുള്ള വിവേക് സെയ്നിയെ മയക്കുമരുന്നിന് അടിമയായ വ്യക്തി കൊലപ്പെടുത്തിയിന്നു. യു.എസിൽ ബിരുദാനന്ത ബിരുദ വിദ്യാർഥിയായ ഹൈദരാബാദ് സ്വദേശി മസാഹിർ അലിയെ മുഖംമൂടി ധരിച്ച അക്രമികൾ ക്രൂരമായി മർദിച്ച സംഭവവും അടുത്തിടെ പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.