മലയാളികളുടെ കേളികേട്ട ഒത്തൊരുമയുടേയും സംഘാടനമികവിന്റെയും ഉത്തമ ഉദാഹരമാണമായിരുന്നു കഴിഞ്ഞ ദിവസം സമാപിച്ച ഡബ്ല്യു.എം.എ വിന്റർ കപ്പ് സീസൺ വൺ. അയർലൻഡിലെ ഇരുപതോളം സെവൻസ് ടീമുകളെ പങ്കെടുപ്പിച്ച് വാട്ടർഫോർഡ് മലയാളി അസോസിയേഷൻ സംഘടിപ്പിച്ച പ്രഥമ ടൂർണമെന്റ് ടീമുകളുടെയും കളിക്കമ്പക്കാരുടേയും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.
ചിട്ടയോടെ മത്സരങ്ങൾ പൂർത്തിയാക്കിയതിനൊപ്പം ഐറിഷ് ഇന്റർനാഷനലും ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ സൂപ്പർതാരവുമായിരുന്ന ഡാരിൽ മർഫി മുഖ്യാതിഥിയായി എത്തിയതും വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ സംഘാടന മികവിന്റെ സാക്ഷ്യമായി.
മുപ്പതു വയസിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ ഡബ്ലിനിൽ നിന്നുള്ള ഐറിഷ് ടസ്‌ക്കേഴ്‌സ് ജേതാക്കളായി. ഫൈനലിൽ വാട്ടർഫോഡ് ടൈഗേഴ്‌സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ടസ്‌ക്കേഴ്‌സിന്റെ കിരീടനേട്ടം. വാട്ടർഫോർഡ് ടൈഗേഴ്‌സിലെ ഷിബുവിനെ മികച്ച താരമായും ജിബിനെ മികച്ച പ്രതിരോധ താരവുമായും തെരഞ്ഞെടുത്തു. ഐറിഷ് ടസ്‌ക്കേഴ്‌സിലെ ദീപക്കാണ് മികച്ച ഗോൾകീപ്പർ.
മുപ്പതു വയസിനു താഴെയുള്ളവരിൽ കിൽക്കെനി സിറ്റി എഫ് സിയാണ് ചാമ്പ്യൻമാരായത്. കലാശപ്പോരിൽ ഡബ്ലിൻ യുണൈറ്റഡ് അക്കാദമിയെ മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് കിൽക്കെനി കീഴടക്കിയത്. കിൽക്കെനി സിറ്റിയുടെ ആൽബി മികച്ച താരമായും ഡബ്ലിൻ യുണൈറ്റഡ് അക്കാദമിയുടെ ജാസിം മികച്ച പ്രതിരോതാരമായും കിൽക്കെനി സിറ്റി എഫ് സിയുടെ ജിതിൻ റാഷിദ് മികച്ച ഗോൾ കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു. വാട്ടർഫോർഡ് കൗണ്ടി കൗൺസിലർ ഇമ്മോൺ ക്വിൻലാൻ ട്രോഫികൾ വിതരണം ചെയ്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.