മുസ്‌ലിം ലീഗ് നേതാവ്​ സുലൈമാന്‍ ഖാലിദ് സേട്ട് അന്തരിച്ചു

​കൊച്ചി: മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സുലൈമാന്‍ ഖാലിദ് സേട്ട് (71) അന്തരിച്ചു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി എറണാകുളം ആസ്റ്റര്‍ മെഡ്​സിറ്റിയില്‍ ചികിത്സയിലായിരുന്നു.

ബുധനാഴ്ച വീട്ടിലേക്ക് തിരിച്ചുപോകണമെന്ന അദ്ദേഹത്തിന്‍റെ ആവശ്യത്തെ തുടര്‍ന്ന് കടവന്ത്രയിലെ മകളുടെ വസതിയായ ടോപാസിലേക്ക് കൊണ്ടുവന്നു. ഇവിടെ വിശ്രമത്തിലിരിക്കേ വെള്ളിയാഴ്ച രാത്രി എട്ടോടെയായിരുന്നു അന്ത്യം. മയ്യിത്ത് രാത്രി ഒമ്പതോടെ കൊച്ചി പനയപ്പിള്ളിയിലെ മറിയം മസ്ജിദിനുസമീപത്തെ ലത്തീഫ് സേട്ടിന്‍റെ വസതിയിലെത്തിച്ചു. ഖബറടക്കം ശനിയാഴ്ച ​വൈകീട്ട്​ 3.30ന് കൊച്ചി കപ്പലണ്ടിമുക്കിലെ പടിഞ്ഞാറേപള്ളി ഖബര്‍സ്ഥാനില്‍.

മുസ്​ലിം ലീഗ്​ മുന്‍ ദേശീയ പ്രസിഡന്‍റും പാര്‍ലമെന്‍റ്​ അംഗവും ഐ.എൻ.എൽ സ്ഥാപക പ്രസിഡന്‍റുമായിരുന്ന ഇബ്രാഹീം സുലൈമാന്‍ സേട്ടിന്‍റെ മകനാണ്​. മാതാവ്: പരേതയായ മറിയം ബാനു. ഭാര്യ: ഷബ്‌നം ഖാലിദ്. ഏക മകള്‍ ഫാത്തിമ നൂറൈന്‍. മരുമകന്‍: ഹിഷാം ലത്തീഫ് സേട്ട്. മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹീം സേട്ട്, ഉഫ്‌റ, റഫിയ, ദസ്‌ലീന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

കെ.എം.ഇ.എ മുന്‍ സംസ്ഥാന സെക്രട്ടറിയും എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗവുമാണ്. ഐ.എൻ.എല്ലിന്‍റെ ആവിർഭാവകാലം മുതൽ വിവിധ തലങ്ങളിൽ പ്രവർത്തിച്ചിരുന്ന സുലൈമാൻ ഖാലിദ്​, സംസ്ഥാന ഉപാധ്യക്ഷനുമായിരുന്നു. പിന്നീട് തിരിച്ചെത്തി മുസ്‌ലിം ലീഗില്‍ സജീവമായി. ആലുവയില്‍ നടന്ന മുസ്‌ലിംലീഗ് ജില്ല കണ്‍വെന്‍ഷനാണ് ഒടുവില്‍ പങ്കെടുത്ത പൊതു പരിപാടി.

എം.എസ്​.എഫ്​ എറണാകുളം ജില്ല പ്രസിഡന്‍റ്​, മുസ്‌ലിം ലീഗ് എറണാകുളം ജില്ല വൈസ് പ്രസിഡന്‍റ്​, കൊച്ചിന്‍ യൂനിവേഴ്‌സിറ്റി സെനറ്റ് അംഗം, പൊതുമേഖല സ്ഥാപനമായ അഗ്രോ ഇന്‍ഡസ്ട്രീസ് മുന്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇംഗ്ലീഷ്, ഉർദു ഭാഷകളില്‍ പ്രാവീണ്യം നേടിയ അദ്ദേഹം ഈ രംഗത്തും നിരവധി സംഭാവനകള്‍ നല്‍കി. ഇംഗ്ലീഷ് മാസികയായ 'ക്രസന്‍റി'ന്‍റെ പത്രാധിപരുമായിരുന്നു.

Tags:    
News Summary - Muslim League leader Sulaiman Khalid Sait, son of Ebrahim Sulaiman Sait, passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.