പോത്തൻകോട് (തിരുവനന്തപുരം): കഴക്കൂട്ടം - വെഞ്ഞാറമൂട് ബൈപ്പാസിൽ ചന്തവിള കിൻഫ്ര വിഡിയോ പാർക്കിന് സമീപത്തെ വളവിൽ ഇന്നോവയും ബൈക്കും കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർഥി മരിച്ചു. കോതമംഗലം ചെറുവാറ്റൂർ ചിറയ്ക്കൽ ഹൗസിൽ നെടുമ്പാശ്ശേരി എയർപോർട്ടിൽ എയർ ഇന്ത്യ എൻജിനീയറിങ്ങിൽ മാനേജറായ എൻ. ഹരിയുടെയും അധ്യാപികയായ ലുലു കെ. മേനോൻെറയും മകൻ നിതിൻ സി. ഹരി (21) ആണ് മരിച്ചത്.
ബൈക്കോടിച്ച സുഹൃത്തും സഹപാഠിയുമായ കൊല്ലം കൊട്ടാരക്കര സ്വദേശി പി.എസ്. വിഷ്ണുവിനെ (22) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ച നാലിനായിരുന്നു അപകടം.
കഴക്കൂട്ടം ഭാഗത്തുനിന്ന് അമിത വേഗതയിലെത്തിയ ഇന്നോവ കാർ വെഞ്ഞാറമൂട് ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയാ യിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ നിതിൻ ഹരിയെ സ്വകാര്യ വാഹനത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജിലെ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികളാണ് ഇരുവരും. നാട്ടിലേക്ക് പോകുന്ന നിതിനെ ബൈക്കിൽ തമ്പാനൂർ റെയിൽവേ സ്‌റ്റേഷനിൽ കൊണ്ടുവിടാൻ പോകുേമ്പാഴാണ് അപകടം.
ആറ്റിങ്ങൾ രജിസ്ട്രേഷനിലുള്ള ഇന്നോവ കാറിലുണ്ടായിരുന്ന നാലുപേർക്ക് നിസ്സാര പരിക്കേറ്റു. ഇവർ മദ്യപിച്ചിരുന്നതായും കാറിൽനിന്ന് മദ്യക്കുപ്പികളും ഗ്ലാസും കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. കാർ കസ്റ്റഡിയിലെടുത്തു.
മെഡിക്കൽ കോളജ് ആശുപതിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം കോതമംഗലത്തെ വീട്ടിലേക്ക് കൊണ്ടുപോയി. കാലടി എൻജിനീയറിങ് കോളജിലെ രണ്ടാം വർഷ ബി.ടെക് വിദ്യാർത്ഥി നവീൻ. സി ഹരി സഹോദരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.