സുഹാർ: സുഹാർ ലിവയിൽ വാഹനാപകടത്തിൽ മരിച്ച സുനിൽ കുമാറിന്റെ വിയോഗം സുഹാറിലെ മലയാളികളെ കണ്ണീരിലാഴ്ത്തി. സുനിൽ കുമാറും ഭാര്യ ജീജയും സുഹാറിലെ കലാ സാംസ്കാരിക രംഗത്ത് നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വങ്ങളായിരുന്നു.
വാഹന അപകട വാർത്ത നെഞ്ചിടിപ്പോടെയാണ് പലരും കേട്ടത്. വിവരം അറിഞ്ഞതോടെ നിരവധി ആളുകൾ സുഹാർ ആശുപത്രിയിൽ ഓടിയെത്തി. പരിക്കേറ്റ ജീജയും കുട്ടികളും ചോദിക്കുന്നത് സുനിൽ കുമാറിനെ കുറിച്ചാണ്. അപ്പുറത്തുണ്ടെന്ന് പറഞ്ഞാണ് പലരും അവരെ സമാധാനിപ്പിച്ചത്. ജീജയുടെ കൂട്ടുകാരികൾക്ക് അവരുടെ മുന്നിൽ പിടിച്ചു നിൽക്കാനാവുന്നുണ്ടായിരുന്നില്ല. നഴ്സറി സ്കൂൾ അധ്യാപികയും മികച്ച കലാകാരിയുമാണ് ജീജ. മൂത്തമകൾ നന്ദന ബാംഗളൂരുവിൽ ബികോമിന് പഠിക്കുന്നു. കഴിഞ്ഞ ദിവസമാണ് അച്ഛനെയും അമ്മയെയും അനുജത്തിയെയും കാണാൻ ഒമാനിലെത്തിയത്.
മകളുടെ ഒമാൻ ഐ.ഡി കാർഡ് പുതുക്കാൻ പോകുന്നവഴിയാണ് അപകടം എഴാം ക്ലാസ് വിദ്യാർഥിനിയായ മയൂരക്ക് തുടയെല്ലിന് പൊട്ടലുണ്ട്.
വാഹനാപകടം നടന്ന സ്ഥലത്ത് തകർന്ന വാഹനങ്ങളും ചിതറിക്കിടക്കുന്ന വാഹനാവശിഷ്ടങ്ങളും കൊണ്ട് ദയനീയകാഴ്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.