കൊട്ടാരക്കര: എം.സി റോഡിൽ വാളകം പൊലീസ് എയ്ഡ് പോസ്റ്റിന് മുന്നിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് കാറിലുണ്ടായിരുന്ന മൂന്ന് വയസുകാരൻ മരിച്ചു. ആലുവ നൊച്ചിമ കാനാംപുറം വീട്ടിൽ സുഹ്ർ അഫ്സൽ ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11നായിരുന്നു അപകടം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്.
ആലുവയിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു കാർ. എടത്തല പഞ്ചായത്ത് അംഗവും എൻ.വൈ.സി അഖിലേന്ത്യ വൈസ് പ്രസിഡൻ്റുമായ അഫ്സൽ കുഞ്ഞുമോനും കുടുംബവുമായിരുന്നു കാറിലുണ്ടായിരുന്നത്. കുറ്റകൃത്യത്തിൻ്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിലെടുത്ത ലോറി ആറ് മാസമായി എയ്ഡ് പോസ്റ്റിന് സമീപത്താണ് നിർത്തിയിട്ടിരിക്കുന്നത്. ഇതിൻ്റെ പിന്നിലാണ് കാർ ഇടിച്ച് കയറിയത്.
അഫ്സലാണ് കാർ ഓടിച്ചിരുന്നത്. തലക്ക് പരിക്കേറ്റ സുഹ്‌റിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ശനിയാഴ്ച രാവിലെയോടെ മരിക്കുകയായിരുന്നു. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് നൊച്ചിമ കുഴിക്കാട്ടുകര ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ. ഉമ്മ : നീതു അബ്ദുൾ മജീദ് (എസ്.ബി.ഐ മാനേജർ). സഹോദരി: സാറാ ഫാത്തിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.