അങ്കമാലി: കാന്റീൻ ജോലി മതിയാക്കി യാത്ര പറയാനെത്തിയ ത്രേസ്യാമ്മയുടേത് ജീവിതത്തിൽനിന്നുള്ള വിടവാങ്ങലായി. ശനിയാഴ്ച പുലർച്ച അങ്കമാലി ടൗണിലുണ്ടായ വാഹനാപകടത്തിൽ മരിച്ച പെരുമ്പാവൂർ കൂവപ്പടി ഐമുറി സ്വദേശി ത്രേസ്യാമ്മ (77) അങ്കമാലിയിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിലെ കാന്റീൻ ജീവനക്കാരിയായിരുന്നു.
പരമ്പരാഗതമായി ത്രേസ്യാമ്മയുടെ കുടുംബം വീടിനു സമീപം ഹോട്ടൽ നടത്തിയിരുന്നു. അതിനിടെയാണ് രണ്ട് കിലോമീറ്റർ ദൂരത്തുള്ള കൂവപ്പടി തൊടാപ്പറമ്പ് ഭാഗത്തുള്ള ബീനയോടൊപ്പം, വീട്ടിൽ ഒറ്റക്ക് കഴിഞ്ഞ ത്രേസ്യ പാചക ജോലിക്കായി അങ്കമാലിയിൽ എത്തിയിരുന്നത്. ജീവിത ദുരിതവും ഒറ്റക്കിരിപ്പും ഒഴിവാക്കുന്നതിനാണ് ബീനയോടൊപ്പം ത്രേസ്യ മുടങ്ങാതെ ജോലിക്ക് പോയിരുന്നത്. നേരത്തേ വീടിനു സമീപമുള്ള സ്ത്രീകൾക്കൊപ്പം തൊഴിലുറപ്പ് ജോലിക്ക് പോയിരുന്നു.
കാന്റീൻ ജോലിയിൽ വരുമാനം കൂടുതൽ ലഭിച്ചിരുന്നെങ്കിലും യാത്ര ദുരിതവും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി ശനിയാഴ്ച കൂടി ജോലി ചെയ്ത് ഇനിമുതൽ വരുന്നില്ലെന്ന് ബന്ധപ്പെട്ടവരോട് പറഞ്ഞ് മടങ്ങാൻ നിശ്ചയിച്ചുറപ്പിച്ച് വീട്ടിൽനിന്നിറങ്ങിയ ത്രേസ്യാമ്മയെയാണ് വിധി ജീവിതത്തിൽനിന്നു തന്നെ പിഴുതുമാറ്റിയത്. പ്രായം നോക്കാതെ കൂട്ടുകാരിയെപ്പോലെ ത്രേസ്യയെ ഒപ്പം കൂട്ടുകയും എല്ലാ സഹായവും ചെയ്തിരുന്ന ബീനയും ജീവിതനൗകയിൽനിന്ന് ഒപ്പം വിടചൊല്ലിയകന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.