കണ്ണൂർ: ശനിയാഴ്ച രാത്രി താഴെ ചൊവ്വ തെഴുക്കിൽപീടികയിൽ ടാങ്കർ ലോറി അപകടത്തിൽ മരിച്ച ഹാരിസ് കണ്ണൂർ സ്റ്റേഡിയം കോർണറിലെ 'ദയാ മെഡിക്കൽസ്' ജീവനക്കാരനാണ്. സുഹൃത്തിനുള്ള മരുന്നുമായി വരുന്നതിനിടെയാണ് തിലാന്നൂർ സ്വദേശി ഹാരിസിനെ മരണം കവർന്നെടുത്തത്. ജോലി കഴിഞ്ഞിറങ്ങുമ്പോൾ സുഹൃത്ത് പറഞ്ഞപ്രകാരം കടയിൽനിന്ന് മരുന്നുമെടുത്താണ് ഹാരിസ് യാത്ര ആരംഭിച്ചത്.
അപകടസ്ഥലത്ത് സ്കൂട്ടർ നിർത്തി സുഹൃത്തിനെ ഫോണിൽ വിളിക്കുന്നതിനിടെയാണ് മരണം തട്ടിയെടുത്തത്. അപകടം നടന്നയുടനെ ഹാരിസിനെ രക്ഷാപ്രവർത്തകർ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹാരിസ് പുതിയ വീട് പണി കഴിപ്പിച്ചുവരുന്നതിനിടെയാണ് ദുരന്തമുണ്ടായത്.
താഴെ ചൊവ്വക്കും മേലെ ചൊവ്വക്കും ഇടയിൽ നിരന്തരം അപകടങ്ങളുണ്ടാകുന്ന സ്ഥലമാണ് തെഴുക്കിൽപീടിക. ഇവിടെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അതിരാവിലെ മുതൽ ഗതാഗതക്കുരുക്കിൽപ്പെടുന്ന ഇവിടം നഗരത്തിലെ ഏറ്റവും ഗതാഗസ്തംഭനമുള്ള ഇടങ്ങളിലൊന്നാണ്. മാസങ്ങൾക്ക് മുൻപേ ലോറിയിടിച്ച് പരിസരത്തെ സ്കൂളിന്റെ മുൻവശം ഭാഗികമായി തകർന്നിരുന്നു. ഇവിടെ, നടന്ന ചെറുതും വലുതുമായ അപകടങ്ങൾക്ക് കയ്യും കണക്കുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.