വർക്കല: ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കല്ലമ്പലം തോട്ടയ്ക്കാട് മംഗലത്ത് വീട്ടിൽ സരോജ് (37) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തരയോടെ കുരയ്ക്കണ്ണി എൽ.പി.ജി.എസ് സ്കൂളിന് സമീപമാണ് അപകടമുണ്ടായത്. പാളയംകുന്ന് സ്വദേശികളായ യുവാക്കൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് സരോജ് ഓടിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു.
സരോജിനെ ഇടിച്ചുതെറിപ്പിച്ച യുവാക്കൾ ഓടിച്ച ബൈക്ക് സമീപത്തെ മതിലും തകർത്താണ് മറിഞ്ഞുവീണത്. നാട്ടുകാർ ചേർന്ന് മൂവരെയും വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും സരോജ് മരിച്ചു.
ആറ്റിങ്ങലിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ബൈക്കിൽ എത്തിയ പാളയംകുന്ന് സ്വദേശികളായ യുവാക്കളെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
കാർത്തികയാണ് സരോജിന്‍റെ ഭാര്യ. ഒരു മകനുണ്ട്. വിവാഹം കഴിച്ച് കുരയ്ക്കണ്ണിയിൽ താമസിച്ച് വരികയായിരുന്നു. മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
വിനോദസഞ്ചാര മേഖലയായ വർക്കല പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ പൊലിയുന്ന അഞ്ചാമത്തെ ജീവനാണ് സരോജിേന്റത്. വൈകുന്നേരങ്ങളിലും രാത്രിയിലും മദ്യപിച്ചും അല്ലാതെയും അമിത വേഗതയിൽ വാഹനങ്ങൾ ഓടിച്ചു പോകുന്നത് നിയന്ത്രക്കാനായി പൊലീസ് നടപടി കൈക്കൊള്ളുന്നില്ല.
രാത്രികാല പട്രോളിങ് ശക്തമാക്കണമെന്ന് ഏറെക്കാലമായി ആവശ്യം ഉയരുന്നുണ്ടെങ്കിലും പകൽ സമയത്തെ ഹെൽമറ്റ് വേട്ടയിലാണ് പൊലീസിന് താൽപര്യം. ശനി, ഞായർ ദിവസങ്ങളിൽ പാപനാശം, കാപ്പിൽ വിനോദ സഞ്ചാര മേഖലകളിൽ നിന്നും മടങ്ങിപ്പോകുന്ന ബൈക്കുകൾ റോക്കറ്റു പോലെയാണ് റോഡിലൂടെ പായുന്നത്. മിക്കവാറും അപകടങ്ങൾക്കും കാരണമാകുന്നത് ഇത്തരം ബൈക്കുകളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.