ന്യൂഡൽഹി: പ്രമുഖ ഇസ്ലാമിക പണ്ഡിതനും ഗ്രന്ഥകാരനും വാഗ്മിയും ജമാഅത്തെ ഇസ്ലാമി മുൻ അഖിലേന്ത്യ അമീറുമായ മൗലാന ജലാലുദ്ദീൻ അൻസർ ഉമരി (87) അന്തരിച്ചു. വാർധക്യസഹജമായ രോഗത്തെ തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തമിഴ്നാട്ടിലെ ആർക്കോട് പുട്ട ഗ്രാമത്തിൽ സയ്യിദ് ഹുസൈൻ- സൈനബ് ബീ ദമ്പതികളുടെ മകനായി 1935ൽ ജനനം. ഉമറാബാദിലെ ജാമിഅ ദാറുസ്സലാമിൽനിന്ന് മതപഠനത്തിൽ ഉന്നത ബിരുദം. മദ്രാസ് സർവകലാശാലയിൽനിന്നു പേർഷ്യനിലും അലീഗഢ് മുസ്ലിം സർവകലാശാലയിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിലും ബിരുദവും കരസ്ഥമാക്കി. ഇസ്ലാമിക വിഷയങ്ങളിൽ അഗാധ പണ്ഡിതനായിരുന്ന മൗലാന ഉമരി ഇസ്ലാമിക വിദ്യാഭ്യാസ മേഖലയിൽ സജീവമായി ഇടപെട്ടു .1956ൽ ജമാഅത്തെ ഇസ്ലാമി അംഗമായി. 1990 മുതൽ 2007 വരെ അസി. അമീർ സ്ഥാനം വഹിച്ചു. 2007ൽ അഖിലേന്ത്യ അധ്യക്ഷസ്ഥാനത്തെത്തിയ അദ്ദേഹം 2019 വരെ തൽസ്ഥാനത്ത് തുടർന്നു. അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് വൈസ്പ്രസിഡന്റും മുസ്ലിം മജ്ലിസെ മുശാവറ സ്ഥാപകാംഗമായിരുന്നു. സിന്ദഗി നൗ മാസികയുടെയും തഹ്ഖീഖാതെ ഇസ്ലാമി ഗവേഷണ മാഗസിന്റെയും എഡിറ്ററുമായിരുന്നു.
നിരവധി ദേശീയ, അന്തർദേശീയ ഇസ്ലാമികവേദികളിൽ അംഗത്വവും വഹിച്ചു. ഉർദു ഭാഷയിൽ 30 ലേറെ ഗ്രന്ഥങ്ങൾ രചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.